
ചെറുപ്പം മുതൽ അഭിനയത്തോടുള്ള അഭിനിവേശമായിരുന്നു മോഹൻ അയിരൂർ എന്ന കലാകാരന് . നാട്ടിലും മറുനാട്ടിലും ഗൾഫിലെ ഖത്തറിലുമായി 50 ഓളം വേദികളിൽ നാടകാഭിനയവും സംവിധാനവും അടക്കമുള്ള കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം .ഇതിന്റെ ഫലമായിട്ടാണ് പ്രശസ്ത സംവിധായകനായ ഫാസിലിന്റെ സഹോദരൻ ഖയീസ് (നിർമ്മാതാവ്, അനിയത്തിപ്രാവ്.) സംവിധായകൻ സിദ്ദിഖിനെ പരിജയപ്പെടുത്തിയത്. സിദ്ധിഖ് സംവിധാനം ചെയ്ത "ക്രോണിക്ക് ബാച്ചിലർ " എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ എതിർ കഥാപാത്രമായി - കുന്നുംപുറത്ത് നീലകണ്ഠൻ - എന്ന ശ്രദ്ധേയമായ വേഷം ചെയ്ത് ബിഗ് സ്ക്രീനിൽ എത്തി . പിന്നീട് 47 ഓളം മലയാള സിനിമയിലും ,അത്രതന്നെ ടെലിവിഷൻ മെഗാ സീരിയലിലും 10 ടെലിഫിലിമുകളിലും അഭിനയിച്ചു.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത, ഈ കഴിഞ്ഞ രണ്ട് വർഷത്തെ ടോപ്പ് റേറ്റിംഗ് സീരിയലായ "വാനമ്പാടി" എന്ന മെഗാ പരമ്പരയിൽ, മേലേടത്ത് വിശ്വനാഥൻ മേനോൻ എന്ന അദ്ദേഹത്തിൻ്റെ കഥാപാത്രം മലയാളി പ്രേക്ഷകർക്ക് മറക്കാൻ ആകില്ല. തനിക്ക് ലഭിക്കുന്നവേഷങ്ങളിൽ മിക്കതും വില്ലൻ കഥാപാത്രമാണെങ്കിലും, കഥാപാത്രങ്ങൾ ജീവിതത്തെ വഴി തെറ്റിക്കാത്ത ഒരു സാധാരണ മനുഷ്യനായിട്ടാണ് എന്നും ജീവിക്കുന്നത് എന്ന് അടിവരയിട്ടു പറയുകയാണ് ഈ കലാകാരൻ. അഭിനയരംഗത്തേക്ക് താൻ എത്തിപ്പെട്ടതും മറ്റ് വിശേഷങ്ങളും "മംഗളം " വായനക്കാരുമായി പങ്ക് വെക്കുകയാണ് മോഹൻ അയിരൂർ .
അഭിനയ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?
മൂന്നാം ക്ലാസ് മുതൽ നാടകാഭിനയം തുടങ്ങി, അതും മുതിർന്ന നാലാം ക്ലാസിലെ കുട്ടികൾക്കൊപ്പം! അദ്ധ്യാപകരും സഹപാഠികളും തന്റെ അഭിനയത്തെ പ്രോത്സാഹിപ്പിക്കുകയും അതിൽ സമ്മാനങ്ങളും അഭിനന്ദനങ്ങളും ലഭിക്കുകയും ചെയ്തപ്പോൾ വലിയ ഉത്സാഹമായി. അങ്ങനെ എല്ലാവർഷവും ഒന്നിലധികം സ്കൂൾ നാടകത്തിൽ അഭിനയിച്ചു. എട്ടാം ക്ലാസ് മുതൽ 10 വരെ സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്തു. ഇതിൽ വിജയിയായതോക്കെ വലിയൊരു പ്രചോദനമാകുകയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു.
കോഴഞ്ചേരി സെൻറ് തോമസ് കോളേജിൽ അടിയന്തരാവസ്ഥ കാലമായിട്ടുകൂടി, നാടകം ചെയ്യാനുള്ള അവസരം ലഭിക്കുകയും, നല്ല ഹാസ്യ നടനുള്ള അവാർഡ് ലഭിക്കുകയും ചെയ്തു . അവിടെ നിന്നും പ്രീഡിഗ്രി പാസ്സായിട്ട് തിരുവല്ല നമ്പൂതിരിസ് കോളേജിൽ ബികോമിന് ചേർന്നു. അവിടെയും രണ്ട് വർഷങ്ങളിൽ രണ്ട് നാടകങ്ങൾ സംവിധാനം ചെയ്ത് അഭിനയിച്ചു. അതിന് ശേഷം തിരുവനന്തപുരത്ത് ബികോം മൂന്നാം വർഷ വിദ്യാർഥിയായിരിക്കെ സ്വന്തമായിട്ട് എഴുതിയ നാടകം, സുഹൃത്തുക്കൾക്ക് ഒപ്പം തിരുവനന്തപുരത്ത് പ്രഫഷനലായി അവതരിപ്പിക്കാനും സാധിച്ചു. ഈ കാലത്ത് പല അമേച്ചർ നാടക ട്രൂപ്പിൽ നിരവധി വേദികളിൽ അഭിനയിച്ചു.
നാടകാചാരുന്മാരായ എൻ എൻ പിള്ള, ചാച്ചപ്പൻ (ചങ്ങാനാശ്ശേരി ഗീഥ തീയേറ്റേഴ്സ്),എന്നിവരുടെയൊക്കെ അടുക്കൽ എത്തി അഭിനയ മോഹം അറിയിച്ചെങ്കിലും, പഠനം പൂർത്തിയാക്കി വരാൻ പറഞ്ഞ്, സ്നേഹപൂർവ്വം അവർ തന്നെ മടക്കി അയച്ചു. കാരണം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യർഥിക്ക്, ഒരു മുഴു നീള സമിതിയിൽ തുടർന്നാൽ, പഠനം നഷ്ടപ്പെടുമെന്ന് കരുതിയായിരിക്കാം അനുഭവ സമ്പന്നരായ അവർ അങ്ങനെ ഒരു ഉപദേശം തന്ന് തിരികെ വിട്ടത് .
പിന്നീട് പഠനം കഴിഞ്ഞു ബോംബെയിൽ എത്തുകയും രണ്ടാഴ്ചക്കുള്ളിൽ, ബോംബെ മലയാളികൾക്കിടയിലെ പ്രശസ്തനായ സംവിധായകനായിരുന്ന അന്തപ്പൻ പുല്ലന്റെ നേതൃത്വത്തിലുള്ള "ആഡം തീയേറ്റേഴ്സ് "എന്ന ബോംബെയിലെ പ്രശസ്തമായ സമതിയിൽ, ഏറ്റവും പ്രായം കുറഞ്ഞ നടനായി ചേർന്നു. അന്ന് അവിടെ സീനിയർ ആർട്ടിസ്റ്റുകളായിരുന്ന ക്യാപ്റ്റൻ രാജുവും വത്സലാ മേനോനും ട്രൂപ്പിൽ ഉണ്ടായിരുന്നു. കൂടാതെ " കലാഭവൻ ബോംബെ " എന്ന ട്രൂപ്പിലും അഭിനയിച്ചു. ബോംബെയിൽ എട്ട് നാടകങ്ങളിൽ അഭിനയിക്കാനും മൂന്ന് നാടകങ്ങൾ സംവിധാനം ചെയ്ത് അഭിനയിക്കാനും ഭാഗ്യം ലഭിച്ചു .
പ്രവാസ ജീവിതം തെരെഞ്ഞെടുത്തത് എപ്പോൾ ആയിരുന്നു ?
പ്രവാസജീവിതം തെരെഞ്ഞെടുത്തതല്ല അത് ആഗ്രഹിച്ചതായിരുന്നു. കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എന്തുമാത്രം ന്യുനതകൾ ഉണ്ടെന്ന് മനസ്സിലാക്കണമെങ്കിൽ, കേരളം വിട്ട് പുറത്തുപോകുമ്പോഴാണ് അത് അറിയാൻ സാധിക്കു . ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിച്ച്, പിജി പാസ്സായിട്ട് ജോലിക്ക് ശ്രമിക്കുന്ന ആളുകൾക്കുപോലും ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയില്ല ..പ്രതികരിക്കാനറിയില്ല എന്നതാണ് സത്യം. ആ രീതി മാറണം എന്നാണ് തന്റെ അഭിപ്രായം . ബോംബൈ യിലെ ഒരു പ്രമുഖ ട്രാവൽസിൽ 1980 -ൽ 350 രൂപ ശമ്പളത്തിലാണ് ആദ്യമായി ജോലിക്ക് കയറിയത്. പിന്നീട് പല കമ്പനികളിലും ജോലി ചെയ്തെങ്കിലും, ഇതുകൊണ്ടാന്നും ജീവിതത്തിൽ ഒന്നും ആകില്ല എന്ന് കണ്ടതുകൊണ്ടാണ് ചില സുഹൃത്തുക്കൾ മുഖേന 1983 ൽ ഖത്തറിലേക്ക് ജോലിക്കായി പോയത് .
മരുഭൂമിയിലെ യാന്ത്രികമായ അതിജീവനത്തിനിടയിലും, കലയ്ക്കായി സമയം മാറ്റി വെച്ച്, നാടകം അടക്കമുള്ള മേഖലയിൽ സജീവമായിരുന്നില്ലേ ?
ഖത്തറിൽ നാടകങ്ങൾ അവതരിപ്പിക്കാനായിട്ടുണ്ട്. നാടകത്തിൽ പ്രാവീണ്യം നേടി, നാട്ടിൽ നിന്നും ജോലി തേടി വന്ന കലയെസ്നേഹിക്കുന്ന ഒരുപറ്റം ആളുകളേയും ഇതിനായി കൂടെ കൂട്ടി. അങ്ങനെ ഒരു നല്ല ഗ്രുപ്പിനെ ഫോം ചെയ്യാൻ സാധിച്ചു. നാട്ടിൽ വളരെ പ്രശസ്തമായി അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളുടെ സ്ക്രിപ്റ്റും, ബാക്ഗ്രൗണ്ട്മ്യൂസിക്, ബാക്ഡ്രോപ് എന്നിവ വാങ്ങി ഖത്തറിൽ കൊണ്ടുവന്ന് നാടകം ചെയ്യുന്ന ഒരു പതിവ് ഉണ്ടായിരുന്നു. "കരിഷ്മാ ആർട്സ് " എന്ന പേരിലുള്ള ഒരു സംഘടനക്ക് ഖത്തറിൽ രൂപം നൽകി. അതിന്റെ ഫൗണ്ടർ മെമ്പർ ആണ് ഇപ്പോഴും . 'കരിഷ്മ'യുടെ ബാനറിൽ പ്രമാണി ,തേവാരം ,വാഴ്വേമായം ,വഴി അറിയാതെ ,ദേവസ്പർശം തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിക്കാൻ സാധിച്ചു.
ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും പ്രവാസിവേദിയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. വിവിധ കലകളായ നാടകം ,സംഗീതം ,നൃത്തം, തെയ്യം തുടങ്ങിയ കലകളിൽ അവരവരുടെ അഭിരുചിക്കനുസരിച്ച് വിവിധ വേദികളിൽ അവരെ എത്തിക്കുന്നതിനും സാധിച്ചു. അവരിൽ പലരും ഇന്ന് കലാരംഗത്ത് നല്ല സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ഇത് തന്നെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന വലിയ അനുഭവങ്ങളാണ്. സാമൂഹ്യപ്രവർത്തന രംഗത്തും പ്രസംഗകലയിലും ഒക്കെ സജീവമായിരുന്നു. കൂടാതെ വിവിധ കലാസാംസ്കാരിക പരിപാടികളുടെ സംഘാടകനും അവതാരകനും ആയിരുന്നു. ഇത്തരം കലാ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ ആണ് സിനിമയിലേക്ക് ഒരു പ്രമോഷൻ ദൈവം തന്നത് !
സിനിമയിലേക്ക് എത്തിയതെങ്ങനെ ?
ഖത്തറിലെ തന്റെ കലാ സാംസ്ക്കാരിക പ്രവർത്തനങ്ങൾ കണ്ടിട്ട്, പ്രശസ്ത സംവിധായകനായ ഫാസിലിൻറെ സഹോദരൻ ഖയിസ്സ് ആണ് സംവിധായകനായ സിദ്ദിഖിന് തന്നെ പരിജയപ്പെടുത്തുന്നത്. അതിന് കുറെ നാളുകൾക്ക് ശേഷം താൻ പോലുമറിയാതെയാണ് "ക്രോണിക് ബാച്ചിലർ " എന്ന അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് തന്നെ കാസറ്റ് ചെയ്യുന്നത് . ഖത്തറിലെ വഴിയിൽ കണ്ടൊരു ചെറുപ്പക്കാരൻ തന്നോട് ചോദിച്ചു, "മോഹനേട്ടൻ സിനിമയിൽ അഭിനയിക്കുവാൻ പോകുവാ അല്ലേ ? 'തനിക്കറിയില്ല'എന്ന് പറഞ്ഞിട്ട് അവന് വിശ്വാസമായില്ല. " എന്തിനാ കള്ളം പറയുന്നേ, മോഹനേട്ടനേപ്പോലൊരാൾ സിനിമയിൽ വരുന്നത് ഞങ്ങക്കൊരഭിമാനമല്ലേ, അതുകൊണ്ട് അറിഞ്ഞത് പറഞ്ഞതാ.. ങ്ങള് നാനാ മാസിക നോക്ക്!" . ഇത് പറഞ്ഞ് അയാൾ പരിഭവത്തിൽ പോയി. സത്യത്തിൽ ഞെട്ടിനിന്ന താൻ വീട്ടിലെത്തിയിട്ട് ഭാര്യയോട് പോലും പറഞ്ഞില്ല, കാരണം സിനിമയല്ലേ ? പിറ്റേ ദിവസം അവിടെയുള്ള മലയാളികടയിൽ എത്തി സിനിമാ മാസിക ഒക്കെ മറിച്ചു നോക്കി "നാനാ"യിൽ രണ്ടുപേജിൽ തന്നെ കുറിച്ച് വാർത്തയുണ്ട്! "ക്രോണിക് ബാച്ചിലറിൽ " മമ്മുട്ടിയ്ക്ക് എതിരായി വില്ലൻ വേഷത്തിൽ എത്തുന്നത് ഗൾഫിൽ നിന്നുള്ള ഒരു നാടക നടനാണ് - മോഹൻ അയിരൂർ, എന്ന തലക്കെട്ടോടെയായിരുന്നു അത്. അധികം ആരെയും അറിയിക്കാതെയാണ് താൻ ഷൂട്ടിങ്ങിനായി നാട്ടിലേക്ക് എത്തിയത് .
ക്രോണിക് ബാച്ചിലർ എന്ന ആദ്യ സിനിമയിലുടെ അരങ്ങേറ്റം കുറിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ..അദ്ദേഹവുമൊത്ത് അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവം ?
മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യം ആയിട്ടാണ് കരുതുന്നത് . അദ്ദേഹത്തോടൊപ്പമുള്ള അഭിനയം വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു .ക്രോണിക് ബാച്ചിലറിൽ അഭിനയിച്ചു തുടങ്ങി, 15 ദിവസത്തിന് ശേഷമാണ് മമ്മുക്ക അതിൽ ജോയിൻ ചെയ്തത് .എന്നോട് പലരും പറഞ്ഞു ഭീതി പ്പെടുത്തിയിരുന്നു, മമ്മൂട്ടി വല്യ പ്രശ്നക്കാരനാണ്, പുതിയ ആളുകളെ ശരിപ്പെടുത്തിക്കളയും എന്നൊക്കെ. പക്ഷേ എന്നോട് അദ്ദേഹം വളരെ മാന്യമായിട്ടും ഒരു സഹോദരനായിട്ടുമാണ് അന്നും ഇന്നും പെരുമാറിയിട്ടുള്ളത്.
"ക്രോണിക്ക് ബാച്ചിലറിൽ " കല്യാണസീനിൽ വരുന്ന ഒരു ഫൈറ്റ് ഉണ്ട്. രണ്ടുദിവസം കൊണ്ടാണ് ഇത് ചിത്രീകരിച്ചത് .ലാലു അലക്സ് ,മുകേഷ് ,ഹരീശ്രീ അശോകൻ തുടങ്ങിയവർ ഒക്കെ ഉണ്ട് ,മുഖ്യമായും താനും മമ്മുക്കയും തമ്മിൽ ഉള്ള ഫൈറ്റ് ആണ്. അതിന്റെ ഒരുപാട് ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പോയിട്ടുണ്ട് .സിനിമയിൽ വരാത്ത ഒരു ഭാഗത്ത് മമ്മുക്കയെ തൻ്റെ കൈക്കുള്ളിൽ ആക്കിയിട്ട് കൈഞെരുക്കുന്നതായിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴുത്ത് തന്റെ കക്ഷത്തിൽ ആണ്. എന്റെ രണ്ടു കൈയ്യും ഒന്ന് ഞെരുക്കിയാൽ വേദനിക്കും. റിഹേഴ്സലിൽ സ്റ്റണ്ട് മാസ്റ്റർ പറഞ്ഞു, കൈ ഒന്ന് ചെറുതായി ജർക്ക് ചെയ്താൽ മതി അദ്ദേഹം (മമ്മുക്കാ)അത് റിയാക്ട് ചെയ്തോളും എന്ന്. അങ്ങനെ റിഹേഴ്സൽ താൻ പക്കാ ആയിട്ട് ചെയ്തു .പക്ഷേ ഫൈനൽ ടേക്കിൽ അബദ്ധവശാൽ എക്സൈറ്റഡായിട്ട്, ഒരാളെ യഥാർഥത്തിൽ ഞെരുക്കുന്നതുപോലെ ഒറ്റ ഞെരുക്കു വെച്ചുകൊടുത്തു .അദ്ദേഹത്തിന്റെ കഴുത്ത് ഭയങ്കരമായി വേദനിച്ചു .കഴുത്തിൽ പിടിച്ചുകൊണ്ട് ഭിത്തിയിൽ ചാരി മമ്മുക്ക നിൽക്കുകയാണ് .
മമ്മുക്കയുടെ മേക്കപ്പ് മാൻ ജോർജ് വന്ന് ബാഗിൽ നിന്നും സ്പ്രേ എടുത്തടിക്കുന്നത് കണ്ടു .സെറ്റിൽ സംവിധായകരടക്കമുള്ള 200 ഓളം പേർ നിശ്ശബ്ദരായി നിൽക്കുകയാണ് .അപ്പോൾ അസോസിയേറ്റ് ഡയറക്ടർ വന്നു പറഞ്ഞു, "മോഹൻചേട്ടാ, ചേട്ടൻറെ കാർഡ് കീറി" .താൻ വിറച്ചു നിൽക്കുകയാണ് ! അദ്ദേഹം നിവർന്ന് വരുമ്പോൾ എന്തായിരിക്കും സംഭവിക്കുക! എൻറെ അഭിനയം ഇതോടെ തീരുമെല്ലോ ? എന്ന് ഒക്കെ മനസ്സിൽ ചിന്തിച്ചു വിഷമിച്ചു നിൽക്കുമ്പോൾ അദ്ദേഹം എന്റെ അടുക്കലേക്ക് വന്നിട്ട് "എടാ, നീ മമ്മൂട്ടിയോടാണ് ഫൈറ്റ് ചെയ്യുന്നത്.
നീ കഥാപാത്രത്തോട് ഫൈറ്റ് ചെയ്യ്. മമ്മൂട്ടി എന്നുള്ള ഫീൽ നിൽക്കുമ്പോൾ ആണ് നിൻറെ ടൈമിംഗ് തെറ്റുന്നത്. പിന്നെ ഒരു കാര്യം, സ്റ്റണ്ടിനകത്ത് ടൈം തെറ്റിയാൽ ഞാൻ ആയാലും നീ ആയാലും കിട്ടിയാൽ കിട്ടിയതാണ്... അതുകൊണ്ട് വളരെ സൂക്ഷിക്കണം. സിദ്ധിക്കേ (സംവിധായകൻ) നമ്മുക്ക് തുടങ്ങാം .." ! അങ്ങനെ ഉഷാറായിട്ട് വീണ്ടും ഷൂട്ട് തുടർന്നു. .അന്ന് അത് അദ്ദേഹം പോസിറ്റവായി പറഞ്ഞില്ലായിരുനെങ്കിൽ ആ കുട്ടത്തിൽ ഉള്ള 200 പേരും എന്റെ പുറത്ത് പൊങ്കാലയിട്ടേനേ! .ഇത് ഒരിക്കലും മറക്കാൻ ആകാത്ത ഒരു സംഭവമാണ് .ഇപ്പോഴും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ് കാത്ത് സൂക്ഷിക്കുന്നത് .
ക്രോണിക് ബാച്ചിലറിന് ശേഷമുള്ള സിനിമകൾ ഏതൊക്കെയാണ് ?
കുടുംബശ്രീ ട്രാവൽസ്,നാട്ടുരാജാവ്, ഉലകം ചുറ്റും വാലിബൻ, ക്യാമ്പസ്, പളുങ്ക്, സെവൻസ്, പ്രെയ്സ് ദ ലോർഡ്, നേർക്കുനേർ, ഹൈവേ പോലീസ് തുടങ്ങിയവയാണ്
സിനിമയിലെ തിക്തതാനുഭവം ?
ഒരു പ്രവാസി ആയതുകൊണ്ട് നേരിടേണ്ടി വന്ന ഒരുപാട് അനുഭവം ഉണ്ട് പ്രത്യേകിച്ച് ഒരു തുടക്കകാരനായതിനാൽ .
പ്രവാസികൾക്ക് നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഒരു സ്വീകരണമായിരിക്കില്ല നാട്ടിൽ എത്തുമ്പോൾ ലഭിക്കുക . നമുക്ക് ചില നല്ല റോളുകൾ ഒക്കെ ലഭിക്കുമ്പോൾ ഇവിടെ പിന്നാമ്പുറങ്ങളിൽ അടക്കം പറയുന്നത് നമുക്കും കേൾക്കാം.
സിനിമയിൽ എത്തി 10 വർഷം കഴിഞ്ഞിട്ട് "വടക്കുംനാഥൻ " എന്ന സിനിമയിൽ ഗംഭീര ഒരു വേഷം ഉണ്ട് എന്ന് സുഹൃത്തായ പ്രൊഡ്യൂസർ പറഞ്ഞിട്ട് ഖത്തറിൽ നിന്നും ഞാൻ നാട്ടിൽ വന്നു .അന്നുതന്നെ തിരുവല്ലയിൽ നിന്ന് ഷൂട്ടിംഗ് നടക്കുന്ന കാഞ്ഞങ്ങാട്ടു എത്തി .അവിടെ എത്തിയപ്പോഴാണ് വായനശാലയിൽ ഇരുന്ന് വായിക്കുന്ന കൂട്ടത്തിൽ ഒരു ആളായിട്ടാണ് വേഷമെന്ന് .ഷോട്ട് തുടങ്ങുന്നതിന് മുമ്പ് സംവിധായകനോട് പറഞ്ഞു തനിക്കു പറഞ്ഞിരുന്ന വേഷം ഇതായിരുന്നില്ല എന്ന്.സത്യത്തിൽ സംവിധായകനും ഇതറിഞ്ഞിട്ടുണ്ടായിരുന്നില്ല .അവിടെ നിന്ന് തകർന്ന ഹൃദയത്തോടെ തിരുവല്ലയിൽ വരെ തീവണ്ടിയിൽ യാത്രചെയ്യേണ്ടി വന്ന അനുഭവങ്ങളുടെ തീച്ചൂളയിലെ ഒരനുഭവം മാത്രം.
സ്വന്തക്കാരോ സുഹൃത്തുക്കളോ ആരും തന്നെ തുടക്കത്തിൽ സിനിമയിൽ ഉണ്ടായിരുന്നില്ല .ഇന്ന് നൂറുകണക്കിന് സുഹൃത്തുക്കൾ ഉണ്ട് .2000 ത്തിലാണ് താൻ സിനിമയിലേക്ക് കടന്നു വരുന്നത് . ഈ 20 വർഷത്തിനിടയിൽ ആരുമായി പിണങ്ങാൻ ഇടവന്നിട്ടില്ല .അതിന് അവസരം ഞാൻ കൊടുക്കാറില്ല .
ടെലിവിഷൻ പരമ്പരയിലെ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ?
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ''അൽഫോൻസാമ്മ '' എന്ന പരമ്പരയിൽ അൽഫോൻസാമ്മയായി വേഷമിട്ട അശ്വതിയും പിതാവായി ഞാനും ആണ് അഭിനയിച്ചത് . അത് വലിയൊരു അനുഭവമായിരുന്നു , മിക്ക സീനുകളിലും ദുഃഖവും ,വേദനയും കരച്ചിലും ഒക്കെയാണ് ആ പരമ്പരയിൽ .ആറുമാസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ മകളായ അൽഫോൻസാമ്മ (അശ്വതി)യുടെ തോളിലേക്ക് കൈവെക്കുമ്പോൾ അശ്വതിയും കരയും ഞാനും കരയും, ഗ്ലിസറിനൊന്നും ഇല്ലാതെ തന്നെ ഒരു വർഷത്തിലധികമായി ഞങ്ങളിലൂടെ ആ കഥാപാത്രങ്ങൾ അങ്ങനെ കടന്ന് പോയി അത്രത്തോളം ഇൻവോൾവായി അതിലെ വേഷം തനിക്ക് ചെയ്യാൻ സാധിച്ചു .
" ഇവൾ യമുന '' എന്ന സീരിയലിൽ സീമ ചേച്ചിയുടെ (സംവിധായകൻ ഐ.വി.ശശിയുടെ ഭാര്യ) ഭർത്താവായി അഭിനയിക്കാൻ സാധിച്ചു . എന്നേക്കാൾ വളരെ സീനിയറായ, പ്രഫെഷനൽ ആയ ഒരു കലാകാരിയാണ് അവർ .മറ്റൊരു ആർട്ടിസ്റ്റിന് അഭിനയിക്കാൻ ഒരു സ്ഥലം(Space) കൊടുത്താണ് അവർ അഭിനയിക്കുന്നത് .
ഒരു പ്രഫെ ഷനിലിസത്തിന്റെ മിന്നോളി അവരുടെ കണ്ണുകളിൽ കാണാം ..അതൊരിക്കലും മറക്കില്ല .രണ്ടുവർഷത്തിനുശേഷം ആ സീരിയൽ ഷൂട്ട് അവസാനിക്കുന്ന ദിവസം സീമ ചേച്ചി എന്നോട് ചോദിച്ചു, "നിങ്ങളുടെ തിരുവല്ല പ്രദേശത്ത് ഭർത്താവിനെ 'നിങ്ങൾ' എന്ന് ഭാര്യ വിളിക്കുന്നത് ഒരു കുറച്ചിലാണോ ? "അതേ"എന്ന് മറുപടി പറഞ്ഞ താൻ എന്താണ് ഇപ്പോൾ അത് ചോദിക്കുന്നത് എന്ന് ആരാഞ്ഞു. "അല്ല സോമേട്ടന് (എം ജി സോമന്) അങ്ങനെ വിളിക്കുന്നത് തീരെ ഇഷ്ടം അല്ലായിരുന്നു അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ നിങ്ങൾ ..നിങ്ങൾ...എന്ന് താൻ (സീമ) വിളിക്കുമായിരുന്നു! അതു കേട്ട് സോമേട്ടൻ കൈകൊണ്ട് അടിക്കാനായി വന്നിട്ടുണ്ടെന്നും സീമ പറഞ്ഞു .
പ്രസ്തുത സീരിയലിലെ സ്ക്രിപ്റ്റിൽ ഉടനീളം "നിങ്ങൾ എവിടെയായിരുന്നു..നിങ്ങൾ എന്താ ഇങ്ങനെ? തുടങ്ങിയ ഡയലോഗുകൾ പ്രാംപ്റ്റ് ചെയ്യുമ്പോൾ അവിടെയെല്ലാം നിങ്ങൾ എന്നതിന് പകരം 'കൃഷ്ണേട്ടാ' (കഥാപാത്രമായ ഭർത്താവിന്റെ പേര്) എന്നായിരുന്നു അവർ സ്വയം തിരുത്തി പറഞ്ഞിരുന്നത്. ഒരിക്കൽ പോലും നിങ്ങൾ എന്നുള്ള ഒരു പദം അവർ ഉപയോഗിച്ചില്ല. എനിക്ക് പറ്റിയിരുന്നെങ്കിൽ ഞാൻ ആ കാലിൽ വീണേനെ,കാരണം ഒരു ആർട്ടിസ്റ്റിൻറെ മനസ്സിൽ ഒരു അലോസരം ഉണ്ടാകാത്ത രീതിയിൽ കൂടെ നിൽക്കുക എന്ന് പറയുന്നത് നിസ്സാര കാര്യം അല്ല . നമിച്ചുപോയി ...! വലിയ ഒരു അനുഭവമായിരുന്നു അത് .
ഈ ഫീൽഡിൽ പിടിച്ചു നിൽക്കുക അത്ര ഈസിയാണോ ?
നിരന്തരമായ ദൈവത്തോടുള്ള പ്രാർഥനയാണ് ഇതിന് വേണ്ടത് . കാരണം വേറെ ആരും നമ്മളെ കാത്ത് സംരക്ഷിക്കാൻ ഇല്ലാത്ത പ്രദലത്തിൽ ആണ് നിൽക്കുന്നത് .ഈശ്വരന്റെ കാരുണ്യം സർവ്വഥാ ഉണ്ടങ്കിലേ ഒക്കുകയുള്ളു .പ്രത്യേകിച്ച് അഭിനയം എന്ന് പറയുമ്പോൾ ആക്ഷന്റെയും കട്ടിന്റെയും ഇടക്കുള്ള കഴിവ് ദൈവ സിദ്ധമായിട്ടുള്ള കഴിവാണ് .ദൈവത്തിൻറെ കൈവെപ്പും അനുഗ്രഹവും ഇല്ലെങ്കിൽ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റിനെ ബാലൻസ് ചെയ്യണം, വെച്ചിരിക്കുന്ന ക്യാമറയുടെ ആങ്കിൾ അനുസരിച്ച് ലൈറ്റ് ക്യാച്ച് ചെയ്യണം, മറ്റുള്ളവരുടെ മുഖത്തേക്ക് ഷാഡോ പോകാൻ പാടില്ല ,സംവിധായകൻറെ താല്പര്യങ്ങൾക്ക് അനുസരിച്ച് അഭിനയിക്കുന്ന ആൾ ആയിരിക്കണം ,തെറ്റുകൂടാതെ ഡയലോഗുകൾ പറയണം ,കൂടുതൽ ടേക്കുകൾ എടുക്കാതെ പ്രൊഡ്യൂസറെ സംരക്ഷിച്ച് മുന്നോട്ടു പോകണം, എല്ലാവരോടും നല്ല രീതിയിൽ പെരുമാറണം ..ഇങ്ങനെയുള്ള നൂറു നൂറു കാര്യങ്ങൾ ഒത്തോരുമിച്ച് പോകുമ്പോഴാണ് ഒരു നടനും നടിയും ഉണ്ടാകുന്നത് .
സിനിമാക്കാർ സീരിയലുകാരെ അങ്ങനെ കൂടുതലായി അടുപ്പിക്കുകയില്ല എന്നുള്ളത് സത്യമാണ് . അതുകൊണ്ടാണ് സിനിമയിൽ കൂടുതൽ വേഷം ലഭിക്കാതെ പോയത് .എല്ലാവരുടെയും മനസ്സിൽ താൻ ഉണ്ട് .സംവിധായകൻ ശ്യാമ പ്രസാദും താനും ഒരേ ബിൽഡിങ്ങിൽ 12 വർഷത്തോളം താമസിച്ചിട്ടുണ്ട് . ഞങ്ങൾ തമ്മിൽ കാണുമ്പോൾ അദ്ദേഹം പറയും ഒരു കഥാപാത്രം വരുമ്പോൾ, മോഹൻ അയിരൂർ എന്ന വ്യക്തിയായിട്ട് മാത്രമാണ് കാണാൻ സാധിക്കുന്നത് എന്ന് ...അത് എന്റെ അയൽക്കാരനായ സംവിധായകൻ ബ്ലസിയും പറഞ്ഞിട്ടുണ്ട് .അവരുടെ മനസ്സിൽ മോഹൻ അയിരൂരിനാണ് സ്ഥാനം അല്ലാതെ കഥാപാത്രത്തിനല്ല .ഇങ്ങനെയുള്ള കാഴ്ചപ്പാടുകളാണ് തന്നെ സിനിമയിൽ നിന്ന് പുറകോട്ട് കൊണ്ടുപോയത് .
എത്ര സിനിമയിലും സീരിയലുകളിലും നാടകങ്ങളുമായി അഭിനയിക്കാൻ സാധിച്ചിട്ടുണ്ട് ?
പ്രശസ്തരായ സംവിധായകരോടൊപ്പം 47 ഓളം മലയാള സിനിമയിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട് .വിവിധ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത 46 മെഗാ സീരിയലുകളിലും ,10 ടെലിഫിലുമുകളിലും ,50 ഓളം അമച്വർ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് .അതിൽ പത്തോളം നാടകങ്ങൾ രചനയും സംവിധാനം ചെയ്യാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് .സൂര്യ ടി വി സംപ്രേഷണം ചെയ്ത പി .കെ ബാബുരാജ് സംവിധാനം ചെയ്ത "അയ്യില്യം കാവ് " എന്ന ടെലിവിഷൻ പാരമ്പരയിലൂടെയാണ് സീരിയൽ രംഗത്തേക്ക് കടന്നു വരുന്നത് . സുഹൃത്തുക്കളുമായി ചേർന്ന് ജയറാം നായകനായ "കുടുംബശ്രീ ട്രാവൽസ് "എന്ന സിനിമയും, സജി സുരേന്ദ്രൻ സംവിധാനം ചെയ്ത്, കൈരളി ടി.വി. സംപ്രേഷണം ചെയ്ത " ദയ' എന്ന മെഗാ സീരിയലും നിർമ്മിച്ചിട്ടുണ്ട് .
എം .ജി സോമൻറെ രൂപ സാദൃശ്യം ഉണ്ടല്ലോ ? ആളുകൾ അങ്ങനെ ചോദിക്കാറുണ്ടോ ?
എം ജി സോമൻ സാറിൻറെ മകനാണോ , അനുജനാണോ ... എന്ന് ചോദിക്കാത്ത ആളുകൾ കുറവാണ് ..ക്രോണിക് ബാച്ചിലർ എന്ന ആദ്യ സിനിമ മുതൽ ആളുകളുടെ ചോദ്യമാണ് ഇത് . താൻ സിനിമയിൽ വരുന്നതിനുമുൻപായി അദ്ദേഹത്തെ തനിക്ക് പരിചയമുണ്ട് .തൻറെ ഖത്തറിലെ ഷോപ്പ് 1991 -ൽ ഉദ്ഘാടനം ചെയ്തത്എം ജി സോമനും മാമുക്കോയയും ചേർന്നാണ് . അദ്ദേഹം സിനിമയിൽ വന്ന കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ ആന്റീ ഹീറോ വേഷങ്ങൾ ശ്രദ്ധിച്ചിരുന്നു. അത് തനിക്ക് വല്യ ഇഷ്ടം ആയിരുന്നു . പ്രത്യേകിച്ച് തിരുവല്ലക്കാരൻ കൂടിയാണെല്ലോ ? ഒരിക്കൽ ചെന്നൈയിൽ നിന്നുള്ള ഒരു ട്രെയിൻ യാത്രയിൽ തിരുവല്ലയിൽ എത്താറായപ്പോൾ ടി ടി എന്നോട് പറഞ്ഞു 'അച്ഛനും ഇതേ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ട് കേട്ടോ' എന്ന്! താൻ ചിരിച്ചുകൊണ്ട് ഇറങ്ങി പോന്നു ( എം ജി സോമൻ സാറിനെ കുറിച്ചാണ് ആ ടി ടി പറഞ്ഞത് ).
2019 -ലെ എം ജി സോമൻറെ 20 ആമത് ചരമ വാർഷികപരിപാടിയിൽ സംബന്ധിക്കാൻ അദ്ദേഹത്തിൻ്റെ വീട്ടിൽ താൻ എത്തി .വീടിനോട് ചേർന്നാണ് വേദി അവിടെ തൻ്റെ പ്രസംഗം കഴിഞ്ഞിരിക്കുമ്പോൾ പ്രോഗ്രാം ഓർഗനൈസർ അഡ്വ . സലിം കാമ്പശ്ശേരി വന്നുപറഞ്ഞു, സോമേട്ടൻറെ ഭാര്യ (സുജാത ചേച്ചി) വിളിക്കുന്നുവെന്ന് .അങ്ങനെ ആ വീട്ടിനുള്ളിലേക്ക് കയറി. മരുമകളും ചെറുമകളും ഒപ്പം ഉണ്ട്.
സോമേട്ടൻറെ ഭാര്യ എന്നെ കണ്ടമാതിരി പറഞ്ഞു "എന്തായാലും സോമേട്ടൻ ഈ ഇടനാഴിയിലൂടെ ഇനിയൊരിക്കലും കടന്ന് വരില്ല. അപ്പോൾ സോമേട്ടനേപ്പോലെ ഇരിക്കുന്നുവെന്ന് നൂറുകണക്കിന് ആളുകൾ പറയുന്ന മോഹൻ ഇങ്ങു വരൂ നമ്മൾക്ക് സോഫയിൽ അകത്ത് ഇരുന്ന് സംസാരിക്കാം" . അപ്പോൾ താൻ പറഞ്ഞു "പരിപാടി നടന്നു കൊണ്ടിരിക്കുകയല്ലേ ..ഇവിടെ നിന്ന് സംസാരിക്കാം .." . അങ്ങനെ സുജാതചേച്ചി തന്നെ കുറെ നേരം സൂക്ഷ്മമായി നോക്കി..
ചേച്ചിയുടെ പ്രതികരണം വന്നു.. "മുടിമാത്രം സോമേട്ടനെ പോലെ അല്ല ...." . എന്തു പറയണം എന്നറിയാതെ താൻ വല്ലാതെയായിപ്പോയി . ഒരുപക്ഷേ സോമൻ ചേട്ടൻറെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ അദ്ദേഹത്തെ ഓർക്കുന്നത് താൻ ആയിരിക്കും. കാരണം, ഒരു ദിവസം ഒരാൾ എങ്കിലും അത് ചോദിച്ചിരിക്കും, "നടൻ സോമനുമായി...!?" .ഞാൻ സിനിമയിലേക്ക് വന്നപ്പോഴേക്കും അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറഞ്ഞു .അദ്ദേഹവും ഒത്ത് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ...നടന്നില്ല. എം ജി സോമൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു .
പുതിയ പ്രോജക്ടുകൾ ?
ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത മെഗാ ഹിറ്റ് പരമ്പരയായ ''വാനമ്പാടിക്ക് " ശേഷം പുതിയ ഒന്ന് രണ്ട് വർക്കുകൾ ഉണ്ട് .കഴിഞ്ഞ വർഷം 90 ശതമാനം പൂർത്തിയാക്കിയ ഒരു സിനിമയുടെ ഒരാഴ്ചത്തെ വർക്ക് കൂടി ചെയ്യാൻ ഉണ്ട് ,അത് ഉടൻ തുടങ്ങുമെന്നാണ് പ്രതീക്ഷ .
കുടുംബം .?
പത്തനംതിട്ട ജില്ലയിലെ അയിരൂർ സ്വദേശിയാണ് .തിരുവല്ല ടൗണിലാണ് താമസം .എടത്വ സ്വദേശിനിയായ ഉഷയാണ് ഭാര്യ .മൂന്ന് പെണ്മക്കൾ പുഞ്ചിരി ,പഞ്ചമി ,പൗർണമി എന്നിവരാണ് .പുഞ്ചിരി , പഞ്ചമി എന്നിവർ വിവാഹിതരാണ് ഓരോ കുട്ടികളും അവർക്ക് ഉണ്ട് .പുഞ്ചിരിയുടെ ഭർത്താവ് ജോസി ,ഇവർ കുടുംബമായി ഖത്തറിൽ ആണ് .പഞ്ചമിയുടെ ഭർത്താവ് അനീഷ്. ഇവരും കുടുംബമായി കുവൈത്തിൽ ജോലി ചെയ്യുന്നു . ഇളയ മകൾ ബികോമിന് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ബാംഗ്ലുരിൽ മൗണ്ട് കാർമൽ കോളജിൽ പഠിക്കുന്നു .
ചെറിയാൻ കിടങ്ങന്നൂർ