
ഹൈനെസ്സ് (H'ness) സിബി 350-യെ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട. റോയൽ എൻഫീൽഡ് ക്ലാസിക് 350 ആയിരിക്കും പ്രധാന എതിരാളി. ഹോണ്ടയുടെ പ്രീമിയം ബൈക്കുകൾ വിൽക്കുന്ന ബിഗ് വിങ് ഡീലർഷിപ്പുകൾ വഴിയാണ് ഹൈനെസ്സ് സിബി 350 വില്പനക്കെത്തുക. ഉടൻ ബിഗ് വിങ് ഡീലര്ഷിപ്പുകളുടെ എണ്ണം ഹോണ്ട വർധിപ്പിക്കും. ഹോണ്ട ബിഗ് വിങ് ഡീലർഷിപ്പ് വഴിയോ ഓൺലൈൻ ആയോ 5,000 രൂപയ്ക്ക് ഹോണ്ട ഹൈനെസ്സ് സിബി 350-യുടെ ബുക്കിംഗ് ആരംഭിച്ചു.
മഴത്തുള്ളിയെ അനുസ്മരിപ്പിച്ചുക്കുന്ന പെട്രോൾ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്ലാംപ്, വൃത്താകൃതിയിലുള്ള റിയർവ്യൂ മിറർ, സിംഗിൾ പീസ് സീറ്റ്, നീളം കൂടിയ ഹാൻഡിൽ ബാർ, നീളം കുറഞ്ഞ മുൻ മഡ്ഗാർഡ് എന്നിവയാണ് ഹൈനെസ്സ് സിബി 350-യുടെ സവിശേഷതകൾ. ഈ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മൈലേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾടേജ്, പെട്രോൾ നിലവാരം തുടങ്ങിയ വിവരങ്ങൾ നൽകും. ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഹോണ്ട ഹൈനെസ്സ് സിബി 350 വില്പനക്കെത്തുക.
348.36 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് സ്റ്റീൽ ഡബിൾ ക്രാഡിൽ ഫ്രെയിമിൽ നിർമ്മിച്ചിരിക്കുന്ന ഹോണ്ട ഹൈനെസ്സ് സിബി 350-യ്ക്ക് ലഭിക്കുന്നത്. 5,500 ആർപിഎമ്മിൽ 20.5 ബിഎച്ച്പി കരുത്തും 3,000 ആർപിഎമ്മിൽ 30 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന ഈ എൻജിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ജോഡിയാകുന്നത്. ടെലിസ്കോപിക് മുൻ സസ്പെൻഷനും ഡ്യുവൽ സ്പ്രിങ് പിൻ സസ്പെൻഷനുമാണ് ബൈക്കിന് ഉള്ളത്. ഡ്യുവൽ ചാനൽ എബിഎസിനൊപ്പം 310 എംഎം ഡിസ്ക് മുൻചക്രത്തിലും പിന്നിൽ 240 എംഎം ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.






