
ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെത്തിച്ചിട്ടുള്ള ബിഎംഡബ്ല്യു ജി 310ആര്, ജി 310ജി.എസ് ബൈക്കുകളുടെ പരിഷ്കരിച്ച പതിപ്പ് എത്തുന്നു. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് ലൈവിലൂടെയായിരിക്കും ഈ ബൈക്കുകളുടെ അവതരണം നടക്കുക. ഒക്ടോബര്‍ എട്ടിന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലായിരിക്കും ബി.എം.ഡബ്ല്യു. ജി 310ആര്, ജി 310ജി.എസ് ബൈക്കുകളുടെ പുതിയ മോഡലുകള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. പുതിയ ലുക്കിലുള്ള ജി 310ആര്, ജി 310ജിഎസ് ബൈക്കുകളുടെ ടീസറുകള്‍ ബിഎംഡബ്ല്യു പുറത്തിറക്കിയിട്ടുണ്ട്. ടിവിഎസുമായി സഹകരിച്ച് പ്രാദേശികമായി നിര്‍മിച്ചാണ് ബിഎംഡബ്ല്യു ജി 310ആര്, ജി 310ജിഎസ് മോഡലുകളെത്തുന്നത്. ചെന്നൈയിലെ പ്ലാന്റിലാണ് ഈ ബൈക്കുകള്‍ ഒരുങ്ങുന്നതെന്നാണ് സൂചന.
ടീസർ പ്രകാരം ഓറഞ്ച് നിറത്തിലുള്ള ഫ്രെയിം, മുന്നില്‍ ഗോള്‍ഡന്‍ ഫിനീഷ് സസ്പെന്ഷന്, ഹൊറിസോണ്ടല്‍ റിയര്‍ ഫെന്‍ഡര്‍, പുതിയ ഹെഡ്ലാമ്പ്, പുതുക്കിയ എക്സ്ഹോസ്റ്റ് പൈപ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഡിആര്‍എല്‍ തുടങ്ങിയവ ലഭിക്കുന്നു. ജി 310ആര്, ജി 310ജിഎസ് മോഡലുകളില്‍ ബിഎസ്-6 നിലവാരത്തിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും പ്രവര്‍ത്തിക്കുന്നത്. 34 പിഎസ് പവറും 28 എന്‍എം ടോര്‍ക്കുമാണ് മുന്‍ മോഡല്‍ ഉത്പാദിപ്പിച്ചിരുന്നത്. ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത് ആറ് സ്പീഡ് ഗിയര്‍ബോക്സാണ്.






