
കോവിഡ് ഭീതിയിലാണ് ദൈനംദിന കാര്യങ്ങള്‍ എല്ലാവരും ചെയ്യുന്നത്. വൈറസ് ബാധിക്കാത്ത രീതിയില്‍ സുരക്ഷിതമായി ജീവിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്ക് ധാരണം നിബന്ധമാക്കി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. പുറത്തിറങ്ങുന്ന സമയമെല്ലാം മാസ്ക് ധരിക്കുകയും കൃത്യമായ ഇടവേളകളില്‍ സാനിറ്റെസര്‍ ഉപയോഗിക്കുകയും വേണം.
കൊവിഡ് മഹാമാരിയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ പല മാര്‍ഗങ്ങളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഗുജറാത്തിലെ ഒരു കൊവിഡ് കെയര്‍ സെന്ററില്‍ ബോധവത്ക്കരണവുമായി എത്തിയ കുഞ്ഞ് ഗാന്ധിജിയാണ് ശ്രദ്ധേയനാകുന്നത്. കൊവിഡ് പരിശോധന നടത്താനാണ് ഈ പത്തുവയസുകാരന് ഗാന്ധിജിയുടെ വേഷത്തിലെത്തിയത്. കൊവിഡ് ടെസ്റ്റിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പേടിക്കാനായി ഒന്നുമില്ലെന്നുമാണ് ഈ കുട്ടി പറയുന്നത്.
'' കൊവിഡ് പരിശോധനയ്ക്കായി എന്റെ സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. പരിശോധനയെക്കുറിച്ചോര്ത്ത് ആളുകള്‍ ഭയപ്പെടരുത്. ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ നമ്മുടെ രാജ്യം ആരോഗ്യമുള്ളതാകൂ.'' - കൊച്ചു ഗാന്ധജി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ കൊച്ചു ഗാന്ധിജിയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍.






