
അയ്യപ്പനും കോശിയും സിനിമയിലെ 'കലക്കാത്ത' എന്ന പാട്ടിലൂടെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ നഞ്ചിയമ്മ 'പാതയിലെ നെരുങ്കി മോളു പൂവ്വക്കൊടി വന്നാമാ' എന്ന് പാടിയപ്പോള് ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ മുഖത്ത് ഹാട്രിക് നേടിയ സന്തോഷമായിരുന്നു. 'കലക്കാത്ത' പോലെ ഈ പാട്ടും കേരളം നെഞ്ചിലേറ്റി നൃത്തംചെയ്യുന്ന ഒരുപാട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സംവിധായകൻ വിജീഷ് മണിയും. ഏരീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'മ് മ് മ് ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് നഞ്ചിയമ്മ പാടിയത്. ജുബൈർ മുഹമ്മദ് സംഗീതം നല്കിയ പാട്ടിന്റെ നാടൻ ശീലുള്ള വരികൾ എഴുതിയതും നഞ്ചിയമ്മ തന്നെയാണ്. അമേരിക്കൻ ഗായകനായ എഡൻ മൊള്ളയാണ് ഈ സിനിമയിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്.
ശ്രീരാഗം സ്റ്റുഡിയോയിൽ ഇന്ന് നടന്ന റെക്കോർഡിംഗിൽ ജയരാജ് വാര്യർ, പളനിസ്വാമി എന്നിവരും പങ്കെടുത്തിരുന്നു. പാരിസ്ഥിതിക അവബോധത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ ഐ എം വിജയൻ തന്നെയാണ് മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്. ആഗോള വേദികൾ ലക്ഷ്യമിട്ട് വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയിൽ നിരവധി വിദേശ കലാകാരന്മാരും ഭാഗമാകുന്നുണ്ട്. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം.
ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങൾക്കെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മഹാമാരികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതൽ ശക്തമാവുമെന്നും അണിയറക്കാർ അവകാശപെടുന്നു. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ 'എഡൻ മൊള്ള യാണ് ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.