
ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറിനും ഐ.പി.എല്‍. ക്രിക്കറ്റ് സീസണില്‍ തുടര്‍ന്നു കളിക്കാനാകില്ല.
ഇടുപ്പിന്റെ പരുക്കു ഭേദമാകാത്തതിനാലാണു ഭുവനേശ്വര്‍ കളംവിടുന്നത്. ഇന്ത്യന്‍ പേസറിന്റെ അഭാവം ഹൈദരാബാദിന് വമ്പന്‍ തിരിച്ചടിയാണ്. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ നടന്ന മത്സരത്തിനിടെയാണു ഭുവിക്കു പരുക്കേറ്റത്. 19-ാം ഓവര്‍ എറിയാനെത്തിയ ഭുവി പരുക്കേറ്റതിനെ തുടര്‍ന്ന് ഒരു പന്ത് മാത്രം എറിഞ്ഞ്് കളം വിട്ടു.
ഭുവനേശ്വര്‍ തിരിച്ചുവരുമെന്നു കരുതിയെങ്കിലും അദ്ദേഹത്തിനു തുടരാനാകില്ലെന്നു ടീം മാനേജ്മെന്റ് വ്യക്തമാക്കി. ഭുവനേശ്വറിന്റെ പരുക്ക് ഐ.പി.എല്ലിനു ശേഷം ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനും തിരിച്ചടിയാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഡിസംബറില്‍ തുടങ്ങും.






