
നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആണ് കേരളത്തിലെ ആദ്യ സെലിബ്രിറ്റി മഹീന്ദ്ര ഥാർ ഉടമ. പുതിയ ഥാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗോകുൽ സുരേഷ് ഇപ്പോൾ. തിരുവനന്തപുരത്തെ എസ്എസ് മഹീന്ദ്രയിൽ നിന്നാണ് താരം കറുപ്പ് നിറത്തിലുള്ള ഥാർ സ്വന്തമാക്കിയത്. എസ്എസ് മഹീന്ദ്ര ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ തനിക്കുള്ള അച്ഛന്റെ സമ്മാനമാണ് പുത്തൻ ഥാർ എന്ന് ഗോകുൽ വ്യക്തമാക്കുന്നുണ്ട്.
താൻ പണ്ടേ ഥാറിന്റെ ഫാൻ ആണെന്നും കൊളേജിൽ പഠിക്കുമ്പോൾ തന്നെ ഥാർ വാങ്ങണം എന്ന ആവശ്യം അച്ഛനോട് പറഞ്ഞിരുന്നു എന്നാൽ അന്ന് വാങ്ങി ഥാർ വാങ്ങി നൽകിയില്ല. എന്നാൽ, ഇപ്പോൾ പുതിയ ഥാർ സമ്മാനമായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഗോകുൽ പറയുന്നു. ഒക്ടോബർ 2 നാണ് പുതിയ ഥാർ പുറത്തിറങ്ങിയത്. 13-ഓളം വേരിയന്റുകളിൽ വില്പനക്കെത്തിയ പുത്തൻ ഥാറിന്റെ വില 9.80 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളിലാണ് ഥാര്‍ വിപണിയിൽ എത്തിയിരിക്കുന്നത്. 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്ജിന് ഉത്പാദിപ്പിക്കുമ്പോൾ ഡീസല്‍ എന്ജിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.






