
ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി ഉത്സവകാല സ്പെഷ്യൽ ആയി 4 ജിക്സർ മോഡലുകൾക്കും സുസുക്കി പുതിയ നിറങ്ങൾ അവതരിപ്പിച്ചു. സ്ട്രീറ്റ് ഫൈറ്റർ മോഡൽ ആയ ജിക്സർ 155, ജിക്സർ 250 ഫുൾ ഫെയേർഡ് മോഡലുകളായ ജിക്സർ 155 എസ്എഫ്, ജിക്സർ 250 എസ്എഫ് എന്നിങ്ങനെ 4 ബൈക്കുകളാണ് ജിക്സർ നിരയിൽ വില്പനയിലുള്ളത്.
പുതിയ മെറ്റാലിക് ട്രീറ്റൺ ബ്ലൂ നിറമാണ് ജിക്സർ ശ്രേണിയിലെ അടിസ്ഥാന മോഡലുകൾ ആയ ജിക്സർ 155- അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ ഫെയേർഡ് മോഡൽ ആയ ജിക്സർ 155 എസ്എഫിന് ചുവപ്പ് നിറത്തിന് പ്രാധാന്യമുള്ള പേൾ മിറാ റെഡ് ആണ് പുതിയ നിറം. മെറ്റാലിക് ട്രീറ്റൺ ബ്ലൂ നിറമാണ് ജിക്സർ 250-യിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ട്രീറ്റൺ ബ്ലൂ/സിൽവർ എന്നിവയുടെ ഡ്യുവൽ ടോൺ ഫിനിഷ് ആണ് ജിക്സർ 250 എസ്എഫിൽ. ബിഎസ്6 മോഡലുകൾ മാർച്ചിൽ അവതരിപ്പിച്ചപ്പോൾ ലഭ്യമായ നിറങ്ങൾക്ക് പുറമെയാണ് പുത്തൻ നിറങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
ബിഎസ്6 നിലവാരമുള്ള 155 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ്, ഫ്യുവൽ ഇൻഞ്ചക്ഷൻ എൻജിനാണ് ജിക്സർ ശ്രേണിയിലെ അടിസ്ഥാന മോഡലുകൾക്ക് ലഭിക്കുക. 8000 ആർപിഎമ്മിൽ 13.4 ബിഎച്ച്പി പവറും, 13.8 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 5-സ്പീഡ് ട്രാൻസ്മിഷൻ മാറ്റമില്ലാതെ തുടരുന്നു. 249 സിസി സിംഗിൾ-സിലിണ്ടർ ഓയിൽ-കൂൾഡ് ഫ്യുവൽ ഇൻജെക്ടഡ് എൻജിനാണ് ജിക്സർ 250 യിൽ. ബിഎസ്6 നിലവാരത്തിലുള്ള ഈ എൻജിൻ 9300 ആർപിഎമ്മിൽ 26 ബിഎച്പി പവറും 7300 അർപിഎമ്മിൽ 22.2 എൻഎം ടോർക്കും ആണ് സൃഷ്ടിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സുമായാണ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.






