
ചിരി മനുഷ്യൻറെ ആയുസ്സ് വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം . അത്തരത്തിൽ മനുഷ്യനെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന അഭിനേത്രിയാണ് രശ്മി അനിൽ .പ്രഫെഷനൽ നാടകരംഗത്തും, 15 ലധികം ടെലിവിഷൻ സീരിയലുകളിലും , ഗൾഫ് രാജ്യങ്ങളിലടക്കം നിരവധി സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യമായി മാറിയ ഈ കലാകാരിചുരുങ്ങിയ കാലയളവിൽ 25 ഓളം സിനിമയിലും അഭിനയിച്ചു .പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിലെ അംഗീകാരത്തിനൊപ്പം ഈ വർഷത്തെ മികച്ച ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും രശ്മിയെ തേടി എത്തി . അഭിനയ രംഗത്തേക്ക് എത്തിയതും മറ്റുവിശേഷങ്ങളും "മംഗളം '' വായനക്കാരുമായി പങ്കുവെക്കുകയാണ് കായംകുളം സ്വദേശിനിയായ ''രശ്മി അനിൽ '' .
അഭിനയ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?
കുട്ടിക്കാലം മുതൽ അഭിനയരംഗത്തേക്ക് ശ്രദ്ധ പതിപ്പിച്ചിരുന്നു .സ്കൂളുകളിലും കോളേജിലും മോണോആക്ടും നാടകവും സ്കിറ്റും ഒക്കെ കളിച്ചിരുന്നു .കെ പി എ സിയുടെ തമസ് , മുടിയനായ പുത്രൻ,അശ്വമേധം എന്നീ നാടകങ്ങളിൽ അഭിനയിച്ചു . 2006 ൽ വിവാഹിതയായി ഇതിനിടയിൽ ബി എഡ് ബിരുദവും നേടി , സ്കൂളിൽ അധ്യാപികയായി ജോലിയും ലഭിച്ചു .വീണ്ടും 2012 ൽ ആണ് അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത് . "ശ്രീനാരായണ ഗുരുവും" , മഴവിൽ മനോരമയുടെ "പരിണയം " എന്നീ സീരിയയിലുകളിൽ അഭിനയിച്ചുകൊണ്ടാണ് മൂവി ക്യാമറക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് .ഇതിൽ രണ്ടിലും മകനും ( ചെറിയ കുഞ്ഞായിരുന്നപ്പോൾ ) അഭിനയിച്ചിരുന്നു.കൂടാതെ അതേ വർഷം മഴവിൽ മനോരമയുടെ "കോമഡി ഫെസ്റ്റിവൽ "എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു, അത് എൻറെ അഭിനയ ജീവിതത്തിലെ ടേണിങ് പോയിന്റായിരുന്നു .
കോമഡി രംഗങ്ങൾ അവതിപ്പിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ ?
ഞങ്ങൾ നന്നായി ആസ്വദിച്ചിട്ടാണ് എല്ലാ സ്കിറ്റുകളും ചെയ്യാറുള്ളത് .അത് പ്ലാൻ ചെയ്തു ആലോചിച്ചാണ് ചെയ്യുക അപ്പോൾ മുതൽ ചിരി തുടങ്ങും .ചില കൗണ്ടർ ഒക്കെ പറയുമ്പോൾ അത് കേട്ട് ചിരി അടക്കാനാകാതെ നിർത്തി വെച്ച സംഭവവും ഉണ്ടായിട്ടുണ്ട് .
ഞങ്ങൾ ശരിയായിട്ട് ആസ്വദിക്കുന്നതുകൊണ്ടുതന്നെയാണ് പ്രേക്ഷകർക്കും അത് സ്വീകാര്യമാകുന്നത് എന്നാണ് തൻ്റെ പക്ഷം .
മറ്റുള്ളവരെ ചിരിപ്പിക്കാൻ എല്ലാവർക്കും സാധിക്കില്ല , അതിനായി പ്രത്യേക തയാറെടുപ്പുകൾ നടത്താറുണ്ടോ ?
ദൈവം എന്നിലൂടെ അതിന് ഒരു നിയോഗം ഒരുക്കിയതാകാം മറ്റുള്ളവരെ ചിരിപ്പിക്കാനായി എന്ന് വിശ്വസിക്കുന്നരാളാണ് ഞാൻ .ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട് എൻ്റെ സ്കിറ്റുകൾ കാണുമ്പോൾ അവരുടെ സങ്കടം മാറിയിട്ടുണ്ടെന്ന് ...അത് തന്നെ ദൈവം തന്ന ഒരു ഗിഫ്റ്റായി ഞാൻ കാണുന്നു .എല്ലാവരും പറയുംമറ്റുള്ളവരെ ചിരിപ്പിക്കാൻ വലിയ പ്രയാസമാണെന്ന് എന്നെ സംബന്ധിച്ച് കുട്ടിക്കാലം മുതൽ എൻ്റെ കൂടെ എപ്പോഴും വലിയ ഒരു സുഹൃദ് വലയം തന്നെ ഉണ്ടാകാറുണ്ട് .ഞാൻ പറയുന്നത് കേട്ട് അവർ ഉറക്കെ ചിരിക്കും ഒരുപക്ഷേ ഞാൻ സീരിയസായി പറയുന്ന കാര്യം പോലും മറ്റുള്ളവർക്ക് തമാശയായിട്ടാണ് കാണുന്നത് .അത് എന്താണെന്ന് അറിയില്ല ,ചിലപ്പോൾ ഞാൻ പറയുന്ന ശൈലികൊണ്ടായിരിക്കാം .എന്തുതന്നെ ആയാലും മറ്റുള്ളവർ തന്നിലൂടെ ചിരി ആസ്വാദിക്കുന്നു എന്ന് പറയുന്നത് തന്നെ സംബധിച്ചിടത്തോളം വലിയ സന്തോഷം തരുന്ന കാര്യമാണ് .
എത്രത്തോളം ടെലിവിഷൻ സീരിയലിൽ അഭിനയിച്ചു .?
15 ഓളം ടെലിവിഷൻ സീരിയയിലിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട് .ഏഷ്യാനെറ്റിൽ "കോമഡി സ്റ്റാർസ് 'ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പി ജി (എം .എ -ബി എഡ് )എടുക്കുന്നത് . ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്ത മെഗാ പരമ്പരയായ "അലുവയും മത്തിക്കറിയിലും " ഇന്ദുമുഖീ ചന്ദ്രമതിയിൽ സെക്കൻഡ് പാർട്ടിലും ,അരുദ്ധതി എന്ന സീരിയലിൽ മറ്റുള്ളതിൽ നിന്ന് വ്യത്യസ്തമായ ഒരു ക്യാരറ്റർ റോൾ ആണ് ലഭിച്ചത് .ഇപ്പോഴും പുറത്തിറങ്ങുമ്പോൾ അതിലെ കഥാപാത്രമായ സുഗന്ധിയമ്മേ എന്ന് ആളുകൾ വിളിക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട് .അമൃത ടി വി സംപ്രേഷണം ചെയ്ത "സത്യം ശിവം സുന്ദര" ത്തിലെ വളർമതി എന്ന കഥാപാത്രം .രണ്ടര വർഷത്തോളം ആ സീരിയലിൽ അഭിനയിക്കാൻ സാധിച്ചു ഇപ്പോഴും ആ സീരിയലിലെ ടെക്നിക്കൽ വിഭാഗത്തിലെ ആരെങ്കിലും ആളുകൾ കണ്ടാൽ " വളർമതി "എന്നാണ് വിളിക്കുന്നത് ,അത്രയധികം ആത്മബന്ധം ആ കഥാപാത്രത്തോട് എനിക്ക് തോന്നിയിട്ടുണ്ട് .
സിനിമയിലേക്ക് എത്തിയതെങ്ങനെ ?എത്ര സിനിമയിൽ അഭിനയിക്കാൻ സാധിച്ചു ?
ഈ ഫീൽഡിലേക്ക് എത്തിയ വർഷം (2012 ) തന്നെ ഒരു സിനിമയിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചു "വസന്തത്തിന്റെ കനൽ വഴികൾ " എന്ന ചിത്രം .അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സിനിമയായിരുന്നു .കെ പി എ സി യിലെ വൈശാഖൻ ചേട്ടനാണ് ഈ സിനിമയിലേക്ക് വിളിക്കുന്നത് അനിൽ നാഗേന്ദ്ര എന്ന സംവിധായകൻ പുതിയ സിനിമ എടുക്കുന്നുണ്ട് രശ്മി ഒന്ന് ചെന്ന് നോക്കാൻ പറഞ്ഞു .അതിന്റെ അടിസ്ഥാനത്തിൽ അവിടെ എത്തിയപ്പോഴേക്കും കാസ്റ്റിംഗ് ഒക്കെ കഴിഞ്ഞിരുന്നു .
എനിക്ക് എന്തെങ്കിലും ഒരു വേഷം തരണം ബിഗ് സ്ക്രീനിൽ ഒന്ന് എന്നെ കണ്ടാൽ മതി അതാണെൻറെ സന്തോഷം എന്ന് പറഞ്ഞു ,അങ്ങനെ സിദ്ധിഖിന് (നടൻ )വിശറി ഉപയോഗിച്ച് വീശി കൊടുക്കുന്ന ഒരു രംഗത്തിൽ വേഷമിടാൻ സാധിച്ചു .പത്ത് ദിവസം ഷൂട്ട് ഉണ്ടായിരുന്നുവെങ്കിലും വാ തുറന്ന് ഒരക്ഷരം മിണ്ടാൻ സാധിച്ചില്ല ...എങ്കിലും ബിഗ് സ്ക്രീനിൽ എന്നെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.പിന്നീട് പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത മമ്മുക്കാ (മമ്മൂട്ടി) നായകനായ "ബാല്യകാല സഖി "എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തു . ആ സമയത്ത് എൻറെ സ്കിറ്റുകൾ ഒന്നും അത്ര ഫെയിമസ് ആയിട്ടില്ല മമ്മുക്കാ എന്നെ തിരിച്ചറിയാൻ പാകത്തിന് ഒന്നും ആയിട്ടില്ലായിരുന്നു .ആ സിനിമയിലൂടെ അദ്ദേഹത്തെ കാണാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു .
ദൃശ്യം സിനിമക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത "ലൈഫ് ഓഫ് ജോസൂട്ടി "എന്ന സിനിമയിൽ സൂരാജ് വെഞ്ഞാറൻമൂടിന്റെ ഭാര്യയായി അഭിനയിക്കാനും സാധിച്ചു .ആ സമയത്താണ് സുരാജേട്ടന് നാഷണൽ അവാർഡ് ലഭിച്ചത് ,എൻറെ അഭിനയ ജീവിതത്തിൽ ഏറ്റവും പേടിച്ച സിനിമയും ഇത് തന്നെയായിരുന്നു .അതിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനായി .അനിൽ നാഗേന്ദ്ര സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ഒരു ചിത്രത്തിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ കോവിഡ് കാരണം ഷൂട്ട് നിർത്തിവെച്ചിരിക്കുകയാണ് അത് എൻറെ 25 -മത്തെ സിനമായാണ് .
ടെലിവിഷൻ / സിനിമ മേഖലയിൽ എത്തിയപ്പോൾ ഉണ്ടായ തിക്താനുഭവങ്ങൾ ?
ഒരുപക്ഷേ എല്ലാവരെയും ചിരിപ്പിച്ചും,സന്തോഷിപ്പിച്ചും നടക്കുന്ന ഒരാളായതുകൊണ്ടാകാം ഇതുവരെ ഒരു തിക്തതാനുഭവം ഉണ്ടായിട്ടില്ല .ആരെകൊണ്ടും ഒരു മോശം അഭിപ്രായം എന്നെ കുറിച്ച് പറയുന്നത് കേൾക്കാൻ ഇടവന്നിട്ടില്ല ..എല്ലാവർക്കും എന്നോട് സ്നേഹമാണ് .. ഒരു കാര്യത്തിനും വാശിപിടിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ ,അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് എതിർപ്പ് ഉണ്ടാകേണ്ടുന്ന കാര്യം ഇല്ല .
സിനിമയിൽ ആരോടൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം ?
ഒറ്റയാളുടെ പേരാണ് എനിക്ക് പറയാനുള്ളത് ... ലാലേട്ടൻ....(മോഹൻ ലാൽ )അദ്ദേഹത്തിനൊപ്പം ഒരു കുഞ്ഞു സീൻ എങ്കിലും അഭിനയിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം . മമ്മുക്കക്കൊപ്പം (മമ്മൂട്ടി ) "തോപ്പിൽ ജോപ്പൻ " എന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചു ,അതിൽ മമ്മുക്കയുടെ കൂട്ടുകാരൻറെ ഭാര്യയായിട്ട് രണ്ട് സീനിലെ ഉള്ളൂവെങ്കിലും ആ ആഗ്രഹവും ദൈവം സാധിച്ചുതന്നു .
കോമഡി സിക്റ്റ് ചെയ്യുമ്പോൾ ആരോടൊപ്പം ചെയ്യുമ്പോഴാണ് പെർഫെറ്റ് ആയി ചെയ്യാൻ സാധിക്കുന്നത് ?
എന്നോടൊപ്പം അഭിനയിക്കുന്ന എല്ലാവരും നല്ല കഴിവുള്ള ആർട്ടിസ്റ്റുകൾ തന്നെയാണ്.. എല്ലാവരുമായി ചേർന്ന് പോകുന്നൊരാളാണ് ഞാനും ,പിന്നെ നസീർ ഇക്ക (നസീർ സംക്രാന്തി )നമുക്ക് അഭിനയിക്കാൻ കൂടുതൽ സ്പേസ് ( Space ) തരുന്ന ആളാണ്. അനീഷ് ബാൽ , എബ്രഹാം തഞ്ചേരി ,ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയ സ്ക്രിപ്റ്റ് റൈറ്റേഴ്സ് തയാറാക്കുന്ന നല്ല ആശയങ്ങൾ അവർ തരുമ്പോൾ അത് ഡെവലപ്പ് ചെയ്ത് പെർഫോം ചെയ്യുന്നു .സുധീർ പറവൂറിനൊപ്പം നിരവധി സ്കിറ്റ് ചെയ്തിട്ടുണ്ട് എന്തിനും നമ്മോടൊപ്പം നിൽക്കുന്ന ഒരു "ചങ്ക് ബ്രോ ആണ് സുധീറേട്ടൻ'' .
ഈ വർഷത്തെ ടെലിവിഷൻ അവാർഡ് ലഭിച്ചതിൽ സന്തോഷം ഉണ്ടോ ? അവാർഡ് വൈകി ലഭിച്ചുവെന്ന് തോന്നുന്നുണ്ടോ ?
ഈ വർഷത്തെ അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് .അതിൽ ഏറ്റവും വലിയ സന്തോഷമെന്ന് പറഞ്ഞാൽ ജൂറി പാനൽ മെമ്പർ ആയിരുന്ന എം എ നിഷാദ് സാർ അദ്ദേഹം തന്നെയാണ് നേരിട്ട് അവാർഡിന്റെ കാര്യം പറയുന്നത് . തെന്മലയിൽ ഒരു റിസോർട്ടിൽ സീരിയലിന്റെ ഷൂട്ട് നടക്കുകയായിരുന്നു അവിടെ മൊബൈൽ ഫോണിന് റേഞ്ച് ഉണ്ടായിരുന്നില്ല . നിഷാദ് സാർ ഇടയ്ക്കു അവിടെ വരാറുള്ള ആളാണ് ,അദ്ദേഹം അവിടെ എത്തിയപ്പോഴാണ് എന്നെ അവിടെ കണ്ടത് .. രശ്മി അനിൽ അല്ലേ ? എടോ തനിക്ക് ഒരു അവാർഡ് ഉണ്ട് ? എന്തിനാ സാറെ ...എന്തിനാണോ എന്നാണോ ചോദിക്കുന്നത് ..? തനിക്ക് ഈ വർഷത്തെ മികച്ച ഹാസ്യ നടിക്കുള്ള അവാർഡുണ്ട് അത് സൈൻ ചെയ്ത് പത്ര സമ്മേളനവും കഴിഞ്ഞാണ് ഞാൻ വരുന്നത് എന്ന് അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ .. കരയണോ ചിരിക്കണോ എന്നവസ്ഥയിലായിരുന്നു ഞാൻ അപ്പോൾ.. !! പിന്നെ അവാർഡ് വൈകി ലഭിച്ചുവെന്ന് ഒന്നും തോന്നുന്നില്ല കാരണം ഞാൻ ഈ ഫീൽഡിൽ എത്തിയിട്ട് ഒൻമ്പത് വർഷമല്ലേ ആയുള്ളൂ ..ഇതിനിടക്ക് ഒരു അവാർഡ് ലഭിച്ചാൽ ലോട്ടറി അടിച്ചപോലെ അല്ലേ? പിന്നെ എല്ലാവരും എപ്പോഴും എന്നെ കാണുമ്പോൾ പറയുന്ന ഒരു കാര്യം ഉണ്ട് നന്നായിട്ട് അഭിനയിക്കും ഉയർന്ന നിലയിൽ എത്തും എന്നൊക്കെ ...എൻറെ ജീവവായു ആണ് അഭിനയം... അഭിനയിക്കുക ,അതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ജീവിക്കുക അങ്ങനെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ ..ആ സമയത്താണ് ഒരു അവാർഡുകൂടി ലഭിക്കുന്നത് അത് ഇരട്ടിമധുരമായി ...
ഗൾഫ് രാജ്യങ്ങളിലും പ്രോഗ്രം അവതരിപ്പിക്കാനായില്ലേ ?
2012 -ൽ ഈ ഫീൽഡിൽ എത്തിയപ്പോൾ മുതൽ ഒരു പാട് ഗൾഫ് ഷോ യിൽ പങ്കെടുക്കാനായി അവസരം വന്നിരുന്നു .എന്നാൽ ഫ്ലൈറ്റിൽ കേറാൻ പേടിയായതു കാരണം പല ചാൻസും വേണ്ടെന്ന് വെച്ചു .സൂര്യ ടി വിയുടെ 'സൂര്യോത്സവം 'എന്ന പ്രോഗ്രാം ചെന്നൈയിൽ വെച്ചിട്ടായിരുന്നു .എന്നോടൊപ്പം ചെന്നൈ യാത്രക്ക് ചേട്ടൻ കൂടെ ഉണ്ടായിരുന്നു , ആദ്യമായി അങ്ങനെ അദ്ദേഹത്തിനൊപ്പം വിമാനത്തിൽ പോയതോടെയാണ് എൻറെ പേടി മാറിയത് . 2018 ലാണ് പിന്നീട് വിദേശ ഷോയ്ക്ക് പോയത്. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ആണ് ആദ്യ എൻ്റെ വിദേശത്തുള്ള ഷോ .പിന്നീട് കുവൈത്ത് ,ദുബായ് ,അബുദാബി ,ഷാർജ ,ഖത്തർ ,സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലും പ്രോഗ്രാം അവതരിപ്പിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു .കൊറോണക്ക് തൊട്ട് മുൻമ്പ് അമേരിക്കയിൽ പോകാനുള്ള സുവർണ്ണാവസരം വന്നിരുന്നു .അതിനായി പേപ്പേഴ്സ് എല്ലാം ശരി ആക്കിയിരുന്നു , അപ്പേഴേക്കും കൊറോണ എല്ലാ രാജ്യത്തെയും പിടി മുറുക്കി അതോടെ ആ അവസരം നഷ്ടമായി .
പുതിയ പ്രോജക്ടുകൾ എന്തൊക്കെയാണ് ?
കോമഡി സീരിയൽ ആണ് ഇപ്പോൾ കൂടുതലായി ചെയ്യുന്നത് "വീട്ടിൽ ഊണ് "എന്ന സീരിയലിലും ,സൂര്യ ടി വി യിലെ "ജോൺ ജാഫർ ജനാർദ്ദനൻ", കൈരളി ടി വി യിലെ "ലൗഡ് സ്പീക്കർ" എന്ന സീരിയലിൽ തിരികെ ജോയിൻ ചെയ്തു ( തങ്കു തിരിച്ചു വന്നേ ...)കൂടാതെ ഏഷ്യനെറ്റിലെ "ലൈഫ് ഈസ് ബ്യുട്ടിഫുൾ " എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട് .
കുടുംബം ? കുടുംബത്തിൻറെ സപ്പോർട്ട് എത്രത്തോളം ഉണ്ട് ?
കായംകുളം മൂന്നാം കുറ്റിയിൽ ആണ് വീട് . ഈ ഫീൽഡിൽ ഇത്രയൊക്കെ ആയില്ലേ ഇനി എറണാകുളത്തേക്കോ കൊച്ചിയിലേക്കോ മാറിക്കൂടെ ..!! എല്ലാവരും ഇത് പറയുന്നുണ്ട് .. പക്ഷേ എൻ്റെ നാടുവിട്ട് പോകാൻ എനിക്ക് മനസില്ല ..നമ്മൾ ഇവിടെ നിന്നപ്പോഴാണെല്ലോ എല്ലാവരും പ്രോഗ്രാമിന് വിളിക്കാനും ഇത്രയധികം പ്രോഗ്രാമിന് പോകാനും ഒക്കെ സാധിച്ചത് . കായംകുളത്തുനിന്നും തിരുവന്തപുരത്തേക്കും എറണാകുളത്തേക്കും പോകാൻ എളുപ്പമാണ് .. അങ്ങനെ ഇവിടെത്തന്നെ (കായംകുളം ) ഒരു ചെറിയ വീട് വെച്ചുകൊണ്ടിരിക്കുകയാണ് .
അനിൽ കുമാർ ആണ് ഭർത്താവ് .അദ്ദേഹം പ്രവാസിയായിരുന്നു .സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജോലി നഷ്ടമായി നാട്ടിൽ എത്തി ,തുടർന്ന് നാട്ടിൽ അദ്ദേഹം ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു .അച്ഛനും അമ്മക്കും ഒരു ഹോട്ടൽ ഉണ്ടായിരുന്നു .അച്ചന്റെ മരണശേഷം ഹോട്ടൽ നടത്തികൊണ്ടു പോകാൻ അമ്മക്കൊപ്പം ചേട്ടനും കൂടി .കുറച്ചുനാളിന് ശേഷം അത് നിർത്തി . തുടർന്ന് ഞാൻ ഈ ഫീൽഡിൽ സജീവമായപ്പോൾ അദ്ദേഹം ഫുൾ ടൈം സപ്പോർട്ടായി എനിക്കൊപ്പം ഉണ്ട്. താൻ ഷുട്ടിന് പോകുമ്പോൾ മക്കളെ അമ്മയാണ് നോക്കുന്നത് അത് വലിയ ഒരു അനുഗ്രഹം ആണ് .രണ്ട് മക്കൾ കൃഷ്ണപ്രീയ (മകൾ ) ഏഴാം ക്ളാസിലും മകൻ ശബരി നാഥ് മൂന്നാം ക്ലാസിലും ശ്രീ ശ്രീ രവി ശങ്കർ വിദ്യാമന്ദിർ സ്കൂളിൽ പഠിക്കുന്നു .
ചെറിയാൻ കിടങ്ങന്നൂർ -