
കിങ്സ് ഇലവന് പഞ്ചാബിന്റെ ഓള്‍റൗണ്ടറായ ഗ്ലെന്‍ മാക്സ്വെല്ലിന് പകരം ക്രിസ് ഗെയ്ലിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ രംഗത്ത്. പഞ്ചാബ് മാക്സ്വെല്ലിന് കൂടുതല്‍ അവസരം കൊടുക്കുകയാണെന്നും അതൊഴിവാക്കി ക്രിസ് ഗെയ്ലിനെ ഇറക്കണമെന്നുമാണ് ഓജയുടെ വാദം. മധ്യനിരയിലെ താരങ്ങള്‍ നന്നായി കളിക്കാത്തതുകൊണ്ടാണ് പഞ്ചാബ് തുടര്‍ച്ചയായി തോല്‍ക്കുന്നതെന്നും ഓജ പറഞ്ഞു.
കഴിഞ്ഞ ആറുമത്സരങ്ങളില്‍ നിന്നുമായി വെറും 48 റണ്‍സ് മാത്രമാണ് കൂറ്റനടിയ്ക്ക് പേരുകേട്ട മാക്സ്വെല് നേടിയത്. ബോളുകൊണ്ടും അദ്ദേഹം പരാജയമായി. 'മാക്സ്വെല് പ്രതിഭയുള്ള താരമാണ്. പക്ഷേ ഈ സീസണില്‍ അദ്ദേഹം മോശം ഫോമാണ് തുടരുന്നത്. അത് ടീമിനെ ബാധിക്കുന്നുണ്ട്. അദ്ദേഹത്തിന് പകരം ക്രിസ് ഗെയ്ലിന് കളിക്കാന്‍ അവസരം നല്‍കണം'-ഓജ പറഞ്ഞു.
മാക്സ്വെല് നന്നായി കളിക്കാത്തതുമൂലം ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിന് വലിയ സമ്മര്‍ദമാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് ടീമില്‍ വലിയ അഴിച്ചുപണി വേണമെന്നും ഓജ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിലും ഐ.പി.എല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച ഓജ 2015 ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഡക്കാന്‍ ചാര്‍ജേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഓജ ഐ.പി.എല്ലില്‍ കളിച്ചിട്ടുള്ളത്. 92 മത്സരങ്ങളില്‍ നിന്നും 90 വിക്കറ്റുകളും നേടി.






