ഇലക്ട്രിക്ക് ഓട്ടോ ട്രിയൊയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 5,000 യൂണിറ്റ് കടന്നതായി മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി. റിപ്പോർട്ട് പ്രകാരം ലിതിയം അയോൺ ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ഇലക്ട്രിക്ക് മുച്ചക്ര വാഹനങ്ങളുടെ ഇന്ത്യയിലെ വിൽപ്പനയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മോഡലാണു ‘ട്രിയൊ’ എന്നും കമ്പനി അവകാശപ്പെട്ടു. 2018 നവംബറിൽ ആണ് വിപണിയിലെത്തിയത്.
‘ട്രിയൊ’യ്ക്കു കരുത്തേകുന്നത് ഒന്നര ലക്ഷം കിലോമീറ്ററിലേറെ ഓടാൻ പ്രാപ്തിയുണ്ടെന്നു നിർമാതാക്കൾ സാക്ഷ്യപ്പെടുത്തുന്ന ആധുനിക ലിതിയം അയോൺ ബാറ്ററി സാങ്കേതികവിദ്യയാണ്. ‘ട്രിയൊ’യ്ക്ക് ഒറ്റ ചാർജിൽ 265 കിലോമീറ്റർ ഓടാനാവുമെന്നാണു മഹീന്ദ്ര ഇലക്ട്രിക്കിന്റെ വാഗ്ദാനം. ‘ട്രിയൊ’യിലെ ബാറ്ററി പായ്ക്കിന് പരമാവധി എട്ടു കിലോവാട്ട് അവർ വരെ കരുത്തും 42 എൻ എമ്മോളം ടോർക്കും ഉത്പാദിപ്പിക്കാനാവും. പ്രത്യേക സോക്കറ്റില്ലാതെ തന്നെ ‘ട്രിയൊ’യുടെ ബാറ്ററി ചാർജ് ചെയ്യാനുമാവുമെന്നാണ് റിപ്പോർട്ട്.
ഡ്രൈവ് ബൈ വയർ സാങ്കേതികവിദ്യ ‘ട്രിയൊ’യിൽ ലഭ്യമാണ്. മൂന്നു വർഷം അഥവാ 80,000 കിലോമീറ്റർ നീളുന്ന അടിസ്ഥാന വാറന്റി സഹിതമാണു ‘ട്രിയൊ’യുടെ വരവ്. രണ്ടു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന എക്സ്റ്റൻഡഡ് വാറന്റിയും മഹീന്ദ്ര ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. 12.7 ഡിഗ്രി വരെ ചരിവുള്ള കയറ്റം കയാറാനും ‘ട്രിയൊ’യ്ക്കു സാധിക്കും. നിലവിൽ രാജ്യത്തെ നാനൂറോളം ജില്ലകളിൽ ‘ട്രിയൊ’ വിൽപ്പനയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്.






