
അഡ്വഞ്ചർ ബൈക്ക് ആരാധകർ ഏറെ നാളായി കാത്തിരുന്ന കെടിഎം 250 അഡ്വഞ്ചർ ഈയാഴ്ച അവതരിപ്പിച്ചേക്കുമെന്ന് ബൈക്ക്-വാലേ റിപ്പോർട്ട് പറയുന്നു. കെടിഎം ഇതുവരെ 250 അഡ്വഞ്ചറിന്റെ ലോഞ്ച് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഡീലർമാരിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ലോഞ്ച് ഉടൻ ഉണ്ടാകും.
കെടിഎം 250 അഡ്വഞ്ചറിന് ഏകദേശം 2.50 ലക്ഷത്തിനേക്കാൾ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്സ്പൾസ് എന്നീ മോഡലുകൾ ആയിരിക്കും എതിരാളികൾ. അഡ്വഞ്ചറുമായി കാര്യമായ ഡിസൈൻ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ ആയിരിക്കും 250 അഡ്വഞ്ചർ എത്തുക എന്നാണ് സൂചന.
250 ഡ്യൂക്കിൽ നിന്ന് കടമെടുത്ത സിംഗിൾ സിലിണ്ടർ 248.8 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് 250 അഡ്വഞ്ചറിൽ. 30 എച്പി പവറും, 24 എൻഎം ടോർക്കും ഈ എൻജിൻ നിർമിക്കുന്നു. സ്ലിപ്പർ ക്ലച്ചിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 6-സ്പീഡ് ഗിയർബോക്സാണ് ഈ അഡ്വഞ്ചർ മോഡലിന്. 200 എംഎം ഗ്രൗണ്ട് ക്ലീറൻസ്, 855 എംഎം സീറ്റ് ഹൈറ്റ്, 14.5 ലിറ്റർ കപ്പാസിറ്റിയുള്ള പെട്രോൾ ടാങ്ക് എന്നിവ 390 അഡ്വഞ്ചറിന്റെയും 250 അഡ്വഞ്ചറിന്റെയും സമാനമാണ്. എന്നാൽ, 250 അഡ്വഞ്ചറിന്റെ സസ്പെൻഷൻ 390 അഡ്വഞ്ചറിന്റേതുപോലെ റൈഡർക്കു ക്രമീകരിക്കാൻ സാധിക്കില്ല. 250 അഡ്വഞ്ചറിന് 156 കിലോഗ്രാം ആണ് ഭാരം, 390 അഡ്വഞ്ചറിനേക്കാൾ 2 കിലോ കുറവ്.






