
അമ്പലപ്പുഴ: ഒരു വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ ഭാര്യ ഉഷയാണ് അശോകനോട് അവാര്‍ഡ് വിവരം പറഞ്ഞത്. പണിസ്ഥലത്തേക്കു ഫോണെടുക്കാതെ പോയ അശോകന്റെ ഫോണിലേക്ക് അവാര്‍ഡ് വിവരമറിയിച്ചത് സംവിധായകന് മനോജ് കാനയായിരുന്നു.
രണ്ടരപ്പതിറ്റാണ്ടായി സിനിമയില്‍ വസ്ത്രാലങ്കാര രംഗത്തു തിളങ്ങിനില്‍ക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് വട്ടക്കാട് വീട്ടില്‍ അശോകന് (58) ഇതു വൈകി ലഭിച്ച അംഗീകാരമായി. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചീര എന്ന ചലച്ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് അശോകന് അവാര്‍ഡ് ലഭിച്ചത്.
ആദിവാസികളുടെ നേര്‍ജീവിതം പച്ചയായി അവതരിപ്പിച്ച ഈ സിനിമയുടെ ചിത്രീകരണം വയനാട്ടിലായിരുന്നു. മനോജ് കാനയുടെ ചായില്യം, അമീബ എന്നീ ചിത്രങ്ങളിലും വസ്ത്രാലങ്കാരം ചെയ്തത് അശോകനായിരുന്നു. ചലച്ചിത്ര സംവിധായകന് വിനയനാണ് അശോകെന ഈ രംഗത്തെത്തിച്ചത്.
മനോജ് ആലപ്പുഴയുടെ സഹായിയായി പ്രവര്‍ത്തിച്ചു തുടങ്ങിയ അശോകന്, ഇതിനകം 200 ലേറെ സിനിമകളില്‍ കഴിവു തെളിയിച്ചു. 17-ാം വയസില്‍ തയ്യല്‍ ആരംഭിച്ച അദ്ദേഹത്തിനു പറവൂര്‍ ജങ്ഷന് സമീപം നേരത്തെ തയ്യല്‍ക്കടയുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിങ് ജോലിക്കിറങ്ങിയത്.
രാവിലെ പണിക്കു പോയപ്പോള്‍ ഫോണെടുക്കാന്‍ മറന്നു. ഉച്ചയോടെ സംവിധായകര്‍ വിളിച്ചശേഷം ഭാര്യ ഉഷയാണ് അവാര്‍ഡ് വിവരം അശോകനോടു പറഞ്ഞത്. സിനിമാരംഗത്തു തുടരണമെന്നുതന്നെയാണ് ഈ കലാകാരന്റെ ആഗ്രഹം. മക്കള്‍: അനന്തകുമാര്‍, അശ്വനി, അശ്വിന്‍കുമാര്‍.






