
ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂയിസിന്റെ മിഷന് ഇംപോസിബിള്‍-7-ന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. എന്നാൽ, ഈ ഏഴാം പതിപ്പില്‍ അദ്ദേഹം ഉപയോഗിക്കുന്ന വാഹനത്തിന് ഒരു പ്രത്യേകത ഉണ്ട്. മറ്റൊന്നുമല്ല, ഇന്ത്യന്‍ നിര്‍മിത ബി.എം.ഡബ്ല്യു. ജി 310 ജി.എസ് ബൈക്കാണ് ആ വാഹനം.
അദ്ദേഹം ഷൂട്ടിങ്ങിനിടയിലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ബി.എം.ഡബ്ല്യു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ജി 310 ജി.എസ് ബൈക്കും ഈ സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. ടോം ക്രൂയിസ് ഈ ബൈക്ക് പോലീസ് ബൈക്കായാണ് ഉപയോഗിക്കുന്നത്. പോലീസ് ബൈക്കായാതിനാൽ നീല നിറത്തിലുള്ള പെയിന്റ് സ്കീമും പോലീസ് ഫീച്ചറുകളും ഇതില്‍ ഉണ്ട്.
ജി 310 ജി.എസിന്റെ മുന്‍തലമുറ മോഡലാണ് ഇതെന്നാണ് ചിത്രങ്ങള്‍ നല്കുന്ന സൂചന. ബി.എം.ഡബ്ല്യു. എം5 കാര്‍ സിനിമയുടെ ഷൂട്ടില്‍ പയോഗിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എം5 സെഡാന്റെ ഡോറില്ലാതെയുള്ള ഷൂട്ടിങ്ങ് ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബി.എം.ഡബ്ല്യു. ജി 310 ജി.എസ്, ജി 310 ആര് ബൈക്കുകളുടെ മുഖം മിനുക്കിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്.






