
ദുബായ് : ക്രിക്കറ്റില്‍ ഏറ്റവും അപകടകരിയായ ബാറ്റ്സ്മാന്മാരില് ഒരാളാണ് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്. അതുകൊണ്ട് തന്നെ ഐ.പി.എല്ലില്‍ കോടികള്‍ മുടക്കിയാണ് മാക്സിവെല്ലിനെ ഫ്രാഞ്ചൈസികള്‍ ടീമില്‍ എടുക്കാറുള്ളത്. ഇത്തവണ 10.75 കോടി രൂപയ്ക്കാണ് മാക്സ്വെല്ലിനെ കിങ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കിയത്.
എന്നാല്‍ ഈ സീസണില്‍ പകുതിയായിട്ടും മാക്സ്വെല്ലിന് തന്റെ ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എഴു മത്സരങ്ങളില്‍ നിന്നും വെറും 58 റണ്‍സ് മാത്രമാണ് മാക്സ്വെല്ലിന് നേടാനായത്. ഇത് ചൂണ്ടിക്കാണിച്ച് പുതിയൊരു പ്രസ്താവന നടത്തിയിരിക്കുകയാണ് താരം.
'എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത പ്രകടനം എനിക്ക് ഐ.പി.എല്ലില്‍ പുറത്തെടുക്കാനായില്ല. ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ ഫോമിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. എന്റെ കരിയറില്‍ ഇത്രയും മോശമായ ഒരു സമയം ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയുള്ള മത്സരങ്ങളില്‍ നന്നായി തന്നെ പരിശ്രമിക്കും' -മാക്സ്വെല് പറഞ്ഞു.






