
ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രം ‘800’ല്‍ പ്രധാന കഥാപാത്രത്തിലെത്തുന്നത് വിജയ് സേതുപതിയാണ്. ഈ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റർ ഇന്നലെയാണ് പുറത്തു വന്നത്. ഇതിന് പിന്നാലെ മുത്തയ്യയുടെ വേഷം വിജയ് സേതുപതി ചെയ്യുന്നതിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്.
മുത്തയ്യ മുരളീധരന് വംശഹത്യ സംഘത്തിലുളള ആളാണെന്നും, തമിഴ് സിനിമയ്ക്ക് തന്നെ വിജയ് സേതുപതി അപമാനമാണെന്നുമുളള വാദങ്ങളാണ് ഉയരുന്നത്. രാജ്യത്തെ തമിഴരെ അടിച്ചമര്‍ത്തുന്നവരാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ എന്നും ആ രാജ്യത്തിലെ ഒരു ക്രിക്കറ്റ് താരത്തെ വിജയ് സേതുപതി അവതരിപ്പിക്കുന്നത് ന്യായമല്ലന്നും ട്വിറ്ററില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നു.
ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. മുത്തയ്യയുടെ ചെറുപ്പം മുതലുളള പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയ മോഷന്‍ പോസ്റ്ററാണ് പുറത്ത് വന്നത്. എം എസ് ശ്രീപതിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മൂവി ട്രെയിനര്‍ മോഷന്‍ പിക്ചേഴ്സ്, ഡാര് മോഷന്‍ പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന് വേണ്ടി മുത്തയ്യ തന്നെയാണ് വിജയ് സേതുപതിയെ ക്രിക്കറ്റ് പരിശീലിപ്പിക്കുന്നത്.







Comments