
ബോളിവുഡിലെ തന്റെ ആദ്യ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ റിലീസിന് മുന്നോടിയായി ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള് കഴിഞ്ഞദിവസം പ്രിയ പി വാര്യർ പങ്കുവെച്ചിരുന്നു. ഡീപ്പ് നെക്ക് ലെഹങ്കയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്നും പറഞ്ഞ് പലരും താരത്തെ വിമർശിക്കുകയും ട്രോളുകയും ചെയ്തു. ഇതിനെതിരെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നൽകിയിരിക്കുന്നത്.
'എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലിൽ ഒന്നുപോലും വായിച്ച് തീർക്കാൻ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തിൽ ചില കമന്റുകൾ വായിച്ചു. എല്ലാവരും ആ കമന്റുകൾ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവർക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങൾ അവർ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവർക്ക് നൽകാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്.
ഇവിടെയിപ്പോൾ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാൻ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികൾ നിലനിൽക്കുമ്പോഴും ഇത്രയും ദൂരം എത്തിയതിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോൾ ഇത്രമാത്രം. എന്റെ ശൈലിയിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദി. #ItsADressNotAYes #RefuseTheAbuse,' പ്രിയ കുറിച്ചു.






