
പ്രഖ്യാപിച്ചപ്പോള്‍ തന്നെ വന്‍ പ്രതീക്ഷകളിലേക്ക് ഉയര്‍ന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി ക്യാമറക്ക് പിന്നിലേക്ക് സംവിധായകനായി എത്തുന്നുവെന്നത് തന്നെയായിരുന്നു ബറോസ് എന്ന ത്രീഡി പ്രൊജക്ടിന്റെ ഹൈപ്പിന് പിന്നില്‍. തിരക്കഥാകൃത്തായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ജിജോ നവോദയ. 2020 ൽ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ബറോസ് കോവിഡ് പ്രതിസന്ധി മൂലം 2021ലേക്ക് മാറ്റിയേക്കുകയാണ്.
താരനിരയിലെ ചില മുഖങ്ങളെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ലിഡിയന് നാദസ്വരത്തെക്കുറിച്ചുമൊക്കെയേ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടുള്ളൂ. പൂര്‍ണ്ണമായും 3ഡിയില്‍ ഒരുക്കുന്ന, ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആരാവും എന്നത് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കെ യു മോഹനന്റെ പേര് അനൗദ്യോഗികമായി കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാവും നിര്‍വ്വഹിക്കുകയെന്നാണ് പുതിയ വിവരം.
കാന്‍ ചാനല്‍ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം അടുത്ത വര്‍ഷം ആദ്യം നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2'ന്റെയും അതിനുശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ പൂര്‍ണ്ണമായും 'ബറോസി'ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴും നടക്കുന്നുണ്ട്. അതേസമയം മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സംവിധാന സഹായിയായി 'ബറോസി'ല്‍ മോഹന്‍ലാലിനൊപ്പം ഉണ്ടാവും. കീര്‍ത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷും ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരിക്കും.
ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
മൈഡിയര്‍ കുട്ടിച്ചാത്തന് എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.






