
മലപ്പുറം : കവളപ്പാറ ഉരുള്‍പൊട്ടലില്‍ അനാഥരായ സഹോദരിമാര്‍ക്ക് രാഹുല്‍ ഗാന്ധി ഇന്ന് വീട് കൈമാറും. ഇന്ന് മലപ്പുറത്ത് എത്തുന്ന രാഹുല്‍ ഗാന്ധി കളക്ടറേറ്റില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകളും വീടിന്റെ താക്കോലും സഹോദരിമാര്‍ക്ക് കൈമാറും.
കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞത്. തുടര്‍ന്ന് നേരിട്ടെത്തി ഇവരെ ആശ്വസിപ്പിച്ചിരുന്നു. കാവ്യ കാര്‍ത്തിക എന്നീ സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞ രാഹുല്‍ ഗാന്ധി വീട് നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ അമ്മയെയും മുത്തച്ഛനെയും മൂന്ന് സഹോദരിമാരെയുമാണ് ഇവര്‍ക്ക് നഷ്ടമായത്. കോളേജ് ഹോസ്റ്റലിലായത് കൊണ്ട് മാത്രമാണ് കാവ്യയും കാര്‍ത്തികയും അന്ന് രക്ഷപ്പെട്ടത്.






