
ഇന്നോവ ക്രിസ്റ്റക്ക് ചെറിയ മെയ്ക്ക് ഓവർ നൽകിയിരിക്കുകയാണ് ടൊയോട്ട. പുത്തൻ ഇന്നോവയുടെ അരങ്ങേറ്റം ഇന്തോനേഷ്യൻ വിപണിയിലാണ് നടന്നത്. ഇന്നോവ ഇന്തോനേഷ്യൻ വിപണിയിൽ കിജാങ് ഇന്നോവ എന്നാണ് അറിയപ്പെടുന്നത്. റിപ്പോർട്ട് അനുസരിച്ച് അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പരിഷ്കരിച്ച ഇന്നോവ ഇന്ത്യയിലെത്തിയേക്കും.
പുത്തൻ ബമ്പർ കൂടുതൽ മാസ്ക്കുലാർ ആണ്, കറുപ്പിൽ പൊതിഞ്ഞ മുകൾ ഭാഗവും ഫോക്സ് സിൽവർ സ്കിഡ് പ്ലെയ്റ്റും ചേരുമ്പോൾ സ്പോർട്ടി ലുക്ക് ലഭിക്കുന്നു. നിലവിൽ വില്പനയിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാൾ വലിപ്പം കൂടുതലുള്ളതാണ് പുതിയ ഗ്രിൽ. കറുപ്പ് നിറത്തിലുള്ള നാല് സ്ലാറ്റുകൾ ചേർന്നതാണ് പുത്തൻ ഗ്രിൽ. കുത്തനെ സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പും അത് ക്രമീകരിച്ചിരിക്കുന്ന കറുപ്പ് ഹൗസിങ്ങുമാണ് പ്രധാന ഹൈലൈറ്റ്.
പുത്തൻ കിജാംഗ് ഇന്നോവ 139 എച്ച്പി പവർ നിർമ്മിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 149 എച്ച്പി ഔട്പുട്ടുള്ള 2.4 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ആണ് ഇന്തോനേഷ്യൻ വിപണിയിലെത്തുക. പരിഷ്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ അപ്ഹോൾസ്റ്ററിക്ക് പകരം കറുപ്പിൽ പൊതിഞ്ഞ അപ്ഹോൾസ്റ്ററി എന്നിവയാണ് ഇന്റീരിയറിലെ മാറ്റങ്ങൾ. സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ഏഴ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കീലെസ് എൻട്രി ആൻഡ് ഗോ, ആംബിയന്റ് ലൈറ്റിംഗ്, റിവേഴ്സിംഗ് ക്യാമറ തുടങ്ങിയ ഇപ്പോഴുള്ള ഇന്നോവ ക്രിസ്റ്റയിലെ ഫീച്ചറുകൾ പുത്തൻ മോഡലിലും തുടരുമെന്നാണ് സൂചന.






