
ദുബായ് : ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ നേരിട്ട് പതറിയ കിങ്സ് ഇലവന് പഞ്ചാബ് രണ്ട് തുടര്‍ വിജയങ്ങളുമായി പോരാട്ടത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. തുടര്‍ പരാജയങ്ങള്‍ പിന്തുടര്ന്നപ്പോഴും വിജയ വഴിയില്‍ തിരിച്ചെത്തിയപ്പോഴും ടീമിനായി തന്റെ ഭാഗം വളരെ ഭംഗിയായി നടപ്പാക്കുന്ന താരമാണ് അവരുടെ നായകന് കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ കത്തുന്ന ഫോമിലാണ് രാഹുല്‍ ബാറ്റ് വീശുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്സെടുത്തവര്ക്കുള്ള ഓറഞ്ച് നിലവില്‍ പഞ്ചാബ് നായകന്റെ തലയില്‍ തന്നെ.
ഈ സീസണില്‍ ഇതുവരെയായി രാഹുല്‍ 525 റണ്‍സ് നേടിക്കഴിഞ്ഞു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിലും താരം അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ നെടുംതൂണായി. 51 പന്തുകള്‍ നേരിട്ട് രാഹുല്‍ ഇന്നലെ 77 റണ്‍സ് കണ്ടെത്തി. 150.8 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഇന്നലെയാണ് താരം 500 റണ്‍സ് സ്കോര്‍ ചെയ്തത്.
ഇതോടെ ഒരു അപൂര്‍വ റെക്കോര്‍ഡും രാഹുല്‍ സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ സീസണുകള്‍ 500ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്ര നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. 2018ലാണ് താരം കിങ്സ് ഇലവന് പഞ്ചാബിലെത്തുന്നത്. ആ സീസണില്‍ ടീമിനായി 659 റണ്‍സാണ് കണ്ടെത്തിയത്. 2019ല്‍ 593 റണ്‍സും സ്വന്തമാക്കി. നടപ്പ് സീസണില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് രാഹുല്‍ 525 റണ്‍സ് സ്വന്തമാക്കിയത്. 132 റണ്‍സാണ് ഈ സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.






