
ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) എൻട്രി ലവൽ സെഡാനായ അമെയ്സി’ന്റെ പ്രത്യേക പതിപ്പുമായി വിപണിയിൽ. ഈ പ്രത്യേക പതിപ്പ് പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം മാനുവൽ, ഓട്ടാറ്റിക് ട്രാൻസ്മിഷനുകളോടെ വിൽപ്പനയ്ക്കുണ്ട്. ഇടത്തരം വകഭേദമയ എസ് അടിത്തറയാക്കിയാണു ഹോണ്ട അമെയ്സ് സ്പെഷൽ എഡീഷൻ ഒരുക്കിയിരിക്കുന്നത്.
8.30 ലക്ഷം രൂപയാണ് ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനുമുള്ള അമെയ്സ് സ്പെഷൽ എഡീഷന് ഷോറൂം വില. ഡീസൽ എൻജിനു കൂട്ടായി സി വി ടി ഗീയർബോക്സ് എത്തുന്നതോടെ കാർ വില 9.10 ലക്ഷം രൂപയാവും. അമെയ്സിന്റെ ഇടത്തരം വകഭേദത്തെ അപേക്ഷിച്ച് 12,000 രൂപയോളം അധികമാണ് ഈ പതിപ്പിന്റെ വില. ഏഴു ലക്ഷം രൂപയാണ് അമെയ്സ് സ്പെഷൽ എഡീഷൻ പെട്രോൾ എംടിക്ക് ഡൽഹിയിലെ ഷോറൂം വില. എന്നാൽ, പെട്രോൾ എൻജിനൊപ്പം സിവിടി ഗീയർബോക്സ് കൂടിയെത്തുന്നതോടെ വില 7.90 ലക്ഷം രൂപയായി ഉയരും.
സവിശേഷ സീറ്റ് കവർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതം ഏഴ് ഇഞ്ച് ഇൻഫൊടെയൻമെന്റ് സിസ്റ്റം, മുന്നിൽ സ്ലൈഡിങ് ആം റസ്റ്റ്, ഡോറിൽ പുതിയ ബോഡി ഗ്രാഫിക്സ്, സ്പെഷൽ എഡീഷൻ ബാഡ്ജ് എന്നിവയും ഈ പതിപ്പിൽ ഒരുങ്ങുന്നു. ഇ ബി ഡി സഹിതം എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ, ഇരട്ട എയർബാഗ്, ടേൺ ഇൻഡിക്കേറ്ററുള്ള പവർ അഡ്ജസ്റ്റബ്ൾ – ഫോൾഡബിൾ ഒ വി ആർ എം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, വീൽ കവർ, ഷാർക് ഫിൻ ആന്റിന തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.






