
ചെന്നൈ: തമിഴ് സൂപ്പർ താരം നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നു. ജനങ്ങൾ ആവശ്യപ്പെട്ടാൽ രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുമെന്ന് താരത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖർ പറഞ്ഞു.
വിജയ്യും പിതാവും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് ചന്ദ്രശേഖർ നിലപാടു വ്യക്തമാക്കിയത്. മുൻപ് താരം രാഷ്ട്രീയത്തിലുള്ള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ നടൻ വടിവേലുവും ബിജെപിയിൽ ചേരുമെന്നു അഭ്യൂഹമുണ്ട്.
മുൻപ് താരത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നതും ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതും വ്യക്തമായ രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായാണെന്നും സൂചനയുണ്ടായിരുന്നു. കാരണം മെർസെൽ, സർക്കാർ തുടങ്ങിയ ചിത്രങ്ങൾക്കെതിരെ ചില രാഷ്ട്രീയ പാർട്ടികൾ വിജയ്ക്കെതിരെ തിരിഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിനിമാതാരങ്ങളെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും.






