
തിരുവനന്തപുരം: അര്‍ബുദത്തെ തോല്‍പ്പിച്ച് സ്നേഹ തണലില്‍ ഒരുങ്ങിയ സ്വന്തം വീട്ടില്‍ തലചായിക്കാന്‍ ലഭിച്ച ഭാഗ്യം ഒരിക്കലും സിനിമ-സീരിയല്‍ താരം ശരണ്യയ്ക്ക് മറക്കാനാവില്ല. പത്ത് ശസ്ത്രക്രിയകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി. സ്വന്തമായി ഒരു വീട് എന്ന നടിയുടെ സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടു. ചെമ്പഴന്ത് അണിയൂരിലുള്ള നാല് സെന്റ് സ്ഥലത്ത് രണ്ട് നില വീടാണ് ഒരുങ്ങിയത്. സ്നേഹ സീമ എന്നാണ് വീടിന് പേരിട്ടത്. പാല് കാച്ചല് ചടങ്ങ് വെള്ളിയാഴ്ച നടന്നു. രോഗ സമയത്തും തനിക്ക് താങ്ങായ നിന്ന നടി സീമ ജി നായരോടുള്ള സ്നേഹം പുതിയ വീടിന്റെ പേരിലും ശരണ്യ ചേര്‍ത്തു.
ഒരു സീരിയല്‍ സെറ്റില്‍ വെച്ച് 2012 ല്‍ ആണ് ശരണ്യ തല കറങ്ങി വീണത്. ഉടന്‍ തന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുകയായിരുന്നു. ഇതിനിടെ അഭിനയത്തിലേക്ക് ശരണ്യ മടങ്ങി എത്തിയെങ്കിലും വീണ്ടും രോഗം ഭീഷണിയായി. ഒമ്പതാം ശസ്ത്രക്രിയ നടന്ന സമയത്താണ് സീമ ജി നായര്‍ സോഷ്യല്‍ മീഡിയകളിലൂടെ ശരണ്യയുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. ഇതോടെ പല കോണുകളില്‍ നിന്നും നടിക്ക് സഹായമെത്തി. ദീര്‍ഘകാലമായി തിരുവനന്തപുരത്ത് വാടകവീട്ടില്‍ കഴിഞ്ഞ ശരണ്യയ്ക്കും അമ്മയ്ക്കും സ്വന്തമായി വീടും ഒരുങ്ങി.
നടിക്ക് വീട് ഒരുക്കാനും മുന്നിട്ടിറങ്ങിയത് സീമ ജി നായര്‍ ആയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ കയ്യഴിഞ്ഞ് സഹായിച്ചതോടെ ചെമ്പഴന്തിയില്‍ നാല് സെന്റ് സ്ഥലത്ത് രണ്ട് നില വീട് ഉയര്‍ന്നു. കഴിഞ്ഞ വിഷുവിന് പാലുകാച്ചല്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ അപ്പോഴേക്കും നടിക്ക് രോഗം മൂര്‍ച്ഛിച്ചു. ഇതോടെ പത്താമതും ശസ്ത്രക്രിയയ്ക്ക് വിധേയയായി.






