
ദുബായ് : ഐ.പി.എല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദ് നേരിടും. വൈകിട്ട് 7.30 നാണ് മത്സരം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ സൺറൈസേഴ്സിന് ഇന്ന് ഡൽഹിയ്ക്കെതിരെ ജയിക്കുക തന്നെ വേണം. 11 മത്സരങ്ങള്‍ക്ക് ശേഷം നാല് ജയം മാത്രമാണ് സൺറൈസേഴ്സിന്റെ പക്കല്‍ ഉള്ളത്. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹിയാണ് വിജയിക്കുന്നതെങ്കില്‍ അവര്‍ക്ക് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാനാകും. ആദ്യ മത്സരത്തില്‍ ഇരു ടീമും ഏറ്റ്മുട്ടയിപ്പോള് സൺറൈസേഴ്സിനായിരുന്നു ജയം.
ഇന്നത്തെ മത്സരത്തിൽ ചില റെക്കോഡുകൾ പിറന്നേക്കും. ഇന്ന് 62 റൺസ് നേടിയാൽ മനീഷ് പാണ്ഡെ ഐ.പി.എല്ലിൽ സൺറൈസേഴ്സിനുവേണ്ടി 1000 റൺസ് നേടും. ഋഷഭ് പന്തിന് 47 റൺസ് നേടാനായാൽ ഐ.പി.എല്ലിൽ 2000 റൺസ് നേടാനാകും.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കളിക്കാതിരുന്ന വില്യംസൺ ഇന്ന് ഹൈദരാബാദിനായി ഇറങ്ങിയേക്കും. കഴിഞ്ഞ മത്സരത്തിൽ ബൗളർമാർ നന്നായി തിളങ്ങിയപ്പോൾ ബാറ്റിങ് നിര തകരുകയായിരുന്നു. ഡേവിഡ് വാർണർ, ബെയർസ്റ്റോ, മനീഷ് പാണ്ഡെ, വില്യംസൺ തുടങ്ങിയ താരങ്ങളിലാണ് ഹൈദരാബാദിന്റെ ബാറ്റിങ് പ്രതീക്ഷ. ജേസൺ ഹോൾഡർ കൂടി വന്നതോടെ ബൗളിങ് നിര കരുത്തുറ്റതായിട്ടുണ്ട്.
മറുവശത്ത് തുടർച്ചായി രണ്ട് തോൽവികൾ നേരിട്ടതിന്റെ ക്ഷീണത്തിലാണ് ഡൽഹി ഇറങ്ങുന്നത്. ശിഖർ ധവാൻ മാത്രമാണ് കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയത്. വലിയ ഇന്നിങ്സുകൾ കളിക്കാൻ ശ്രേയസ്സ് അയ്യർക്കും പന്തിനുമൊന്നും സാധിക്കുന്നില്ല. റബാദ നയിക്കുന്ന ബൗളിങ് നിര ശക്തമാണ്.
ഇതുവരെ ഇരുടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോൾ 10 തവണ ഹൈദരബാദ് വിജയം നേടി. ആറുതവണയാണ് ഡൽഹി വിജയം സ്വന്തമാക്കിയത്.





