അഡ്വഞ്ചര്‍ ബൈക്കായ മള്‍ട്ടിസ്ട്രാഡ 950 എസിന്റെ ബിഎസ്-6 പതിപ്പ് ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങി ഇറ്റാലിയന്‍ പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കളായ ഡ്യുക്കാട്ടി. റിപ്പോർട്ട് പ്രകാരം നവംബര്‍ രണ്ടാം തീയതി ബൈക്ക് അവതരിപ്പിച്ചേക്കും. ഇതിന്റെ ഭാഗമായി ഈ ബൈക്കിനുള്ള ഔദ്യോഗിക ബുക്കിങ്ങ് കമ്പനി ആരംഭിച്ചു. ഒരു ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്.
ഈ ബൈക്കിൽ 937 സിസി എല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ലഭിക്കുന്നത്. 111 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്. എൻജിൻ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഒഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തുന്നില്ലെന്നാണ് റിപ്പോർട്ട്.
മള്‍ട്ടിസ്ട്രാഡ 950 എസ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഡ്യുക്കാട്ടിയുടെ മൂന്നാമത്തെ ബൈക്കാണ്. ആദ്യം ബിഎസ്-6 എന്ജിൻ ലഭിച്ചത് പാനിഗാലെ വി2, സ്ക്രാംബ്ലര്‍ 1100 പ്രോ എന്നീ മോഡലുകളാണ്. ഡ്യുക്കാട്ടി നിരയിലെ മള്‍ട്ടിസ്ട്രാഡ 1200-ന് തൊട്ടുതാഴെയാണ് 950-എസിന്റെ സ്ഥാനം. മുന്നില്‍ 19 ഇഞ്ച് ലൈറ്റ് അലോയി വീലും പിന്നില്‍ 17 ഇഞ്ച് അലോയി വീലുമാണ് ലഭിക്കുന്നത്.
സുരക്ഷയ്ക്കായി ത്രീ ലെവല്‍ അഡ്ജസ്റ്റ്മെന്റ് എ.ബി.എസ്, 8 ലെവല്‍ ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്ട്രോള് എന്നിവ നല്‍കിയിട്ടുണ്ട്. മള്‍ട്ടിസ്ട്രാഡ എന്ഡൂറോയ്ക്ക് സമാനമാണ് റിയര്‍ ഗ്രാബ് റെയില്‍, റൈഡര്‍ സീറ്റ്. ഡ്യുക്കാട്ടിയുടെ ഈ അഡ്വേഞ്ചര്‍ ബൈക്കിനൊപ്പം ടൂറിങ്, സ്പോര്‍ട്ട്, എന്‍ഡൂറോ, അര്‍ബന്‍ എന്നീ ആക്സസറി പാക്ക് ലഭിക്കുമെന്നാണ് സൂചന.






