
കന്നഡ സിനിമയെ ആകെ ഞെട്ടിച്ച് കളഞ്ഞ സംഭവം ആയിരുന്നു താരം ചിരഞ്ജീവി സര്‍ജയുടെ മരണം. ചീരുവിന്റെ മരണത്തോടെ ആകെ തകര്‍ന്ന് പോയിരിക്കുകയായിരുന്നു കുടുംബം. എന്നാല്‍ ആ കുടുംബത്തെ തേടിയെത്തിയ ഒരു ആശ്വാസ വാര്‍ത്തയായിരുന്നു ഇക്കഴിഞ്ഞ 22ന്. അവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതഥി കൂടി എത്തിയത്. ചിരഞ്ജീവിക്കും മേഘ്നയ്ക്കുമായി പിറന്ന ആണ്‍കുഞ്ഞിന്റെ ചിത്രങ്ങളും ഇതു സംബന്ധിച്ച വാര്‍ത്തകളുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഈ കുഞ്ഞ് തങ്ങളെ എത്രത്തോളം സന്തോഷിപ്പിക്കുന്നു എന്ന് പറയുകയാണ് കുഞ്ഞിന്റെ മുത്തച്ഛനും മേഘ്നയുടെ അച്ഛനുമായ സുന്ദര്‍ രാജ്.
ആശുപത്രിയില്‍ നിന്നും കുഞ്ഞിനെയും മേഘ്നയെയും മേഘ്നയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. കുഞ്ഞിന് ഇട്ടിരിക്കുന്ന ചെല്ലപ്പേരിനെ കുറിച്ചും സുന്ദര്‍രാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "ചിന്തു എന്നാണ് ഞാനവനെ വിളിക്കുന്നത്. ചിരുവിന്റെ മകന് ചിന്തു. ഞങ്ങളുടെ ചിന്തകളെ, ദു:ഖങ്ങളെ ഒക്കെ മാറ്റാനായി എത്തിയിരിക്കുന്നവനാണ് അവന്. അതിനാലാണ് ചിന്തു എന്ന് വിളിക്കുന്നത്. അവന്റെ വരവില്‍ ഏറെ സന്തുഷ്ടരാണ് കുടുംബം. ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം കൂട്ടിയിരിക്കുകയാണ് ചെറുമകന്റെ പിറവി. ഓരോ തവണയും അവനെ നോക്കുമ്പോള്‍ ചിരുവിന്റെ സാന്നിധ്യമാണ് അനുഭവപ്പെടുന്നത്", ചെറുമകന്റെ പേരിടല്‍ ചടങ്ങ് ആഘോഷമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുന്ദര്‍രാജ് പറഞ്ഞു.
"എല്ലാ ആചാരങ്ങളോടെയും പരമ്പരാഗതമായ രീതിയില്‍ ഞങ്ങളുടെ ചെറുമകന്റെ പേര് പ്രഖ്യാപിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്", സുന്ദര്‍ രാജ് പറയുന്നു. കഠിനമായ അനുഭവങ്ങളിലും വീഴാതെ നിന്ന മകള്‍ മേഘ്നയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും സുന്ദര്‍രാജ് പറയുന്നു. "അവളാണ് ഞങ്ങളുടെ കുടുംബത്തിന്റെ യഥാര്‍ഥ കരുത്ത്", സുന്ദര്‍രാജ് പറഞ്ഞവസാനിപ്പിക്കുന്നു.






