
എക്സ്ട്രീം 160R-നെ ഹീറോ മോട്ടോകോർപ്പ് ഈ വര്ഷം ജൂലായിലാണ് വില്പനക്കെത്തിച്ചത്. ഇപ്പോളിതാ പുത്തൻ ബൈക്കിന് ഉത്സവകാല ഡിസ്കൗണ്ട് കമ്പനി പ്രഖ്യാപിച്ചു. ഫ്രന്റ് ഡിസ്ക്, ഡ്യുവൽ ഡിസ്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ ഹീറോ എക്സ്ട്രീം 160R-ന് യഥാക്രമം 99,950 രൂപയും 1,03,500 രൂപയുമാണ് വില. അടുത്ത മാസം 17 വരെയാണ് എക്സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി.
9000 രൂപയുടെ ഡിസ്കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോർപറേറ്റ് ഡിസ്കൗണ്ട് എന്ന നിലയ്ക്ക് 2,000 രൂപ, എക്സ്ചേഞ്ച് ബോണസ് ആയി 3,000 രൂപ, ലോയൽറ്റി ബോണസ് ആയി 2,000 രൂപ എന്നിങ്ങനെയാണ് ഓഫർ. ഇത് കൂടാതെ ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുപയോഗിച്ച് ബൈക്ക് വാങ്ങുമ്പോൾ 5,000 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കും. പേടിഎം വഴിയാണെങ്കിൽ 7,500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും.
വൈബ്രന്റ് ബ്ലൂ, പേൾ സിൽവർ വൈറ്റ്, സ്പോർട്സ് റെഡ് എന്നിങ്ങനെ 3 നിറങ്ങളിലാണ് എക്സ്ട്രീം 160R വില്പനക്കെത്തിയിരിക്കുന്നത്. എക്സ്ട്രീം 160Rന്റെ ഹൃദയം 160 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ്. 8,500 ആർപിഎമ്മിൽ 15 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 14 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ നിർമിക്കും. 5-സ്പീഡ് ഗിയർബോക്സുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്സ്ട്രീം 160R-ന് 4.7 സെക്കന്റ് മതി എന്നാണ് റിപ്പോർട്ട്.






