
ക്രൈസ്റ്റ് ചര്‍ച്ച്: മലയാളി യുവതി ഉള്‍പ്പെടെയുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി തന്റെ പുതിയ ടേമിന് ഒരുങ്ങുന്ന ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേന്റെ മന്ത്രിസഭയിലെ പുതുമ അവസാനിക്കുന്നില്ല. ഉപ പ്രധാനമന്ത്രിയായി സ്വവര്‍ഗ്ഗ പ്രണയിയെയും വിദേശകാര്യ മന്ത്രിയായി 'മാവോരി ടാറ്റൂ' മുഖത്ത് പതിച്ച ഗോത്രവര്ഗ്ഗക്കാരിയെയും ഉള്‍പ്പെടുത്തിയാണ് അവര്‍ പുതുമ കാട്ടിയിരിക്കുന്നത്.
ഉപപ്രധാനമന്ത്രിയായി നിയോഗിച്ചിരിക്കുന്നത് സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്ന് സമ്മതിച്ചിട്ടുള്ള ഗ്രാന്റ് റോബര്ട്ട്സണാണ്. ഈ പദവിയില്‍ എത്തുന്ന ആദ്യ സ്വവര്‍ഗ്ഗ പ്രണയിയാണ് റോബര്‍ട്ട്സണ്‍. ഇതിനൊപ്പം ധനകാര്യവും അദ്ദേഹം കയ്യാളും. മുഖത്ത് ഗോത്രചിഹ്നം പച്ചകുത്തിയ ന്യൂസിലന്റിലെ ന്യൂസിലാന്റിലെ തദ്ദേശീയരായ പോളിനേഷ്യന്‍ ജനവിഭാഗമായ മാവോരി സമൂഹത്തിന്റെ പ്രതിനിധിയായ നാനൈ മഹുതാ യാണ് വിദേശകാര്യ മന്ത്രിയായി നിയോഗിതയായത്. പരമ്പരാഗത മാവോരി ടാറ്റൂവായ 'മോക കൗവ' താടിയില്‍ പച്ചകുത്തിയിട്ടുള്ളയാളാണ് നാനൈ. മുഖത്ത് പച്ചകുത്തിക്കൊണ്ട് ന്യൂസിലന്റ് പാര്‍ലമെന്റില്‍ എത്തുന്ന ആദ്യ വനിതാ എംപിയാണ് 1970 ആഗസ്റ്റ് 21 ന് ജനിച്ച നാനൈ മഹുതാ.
ഓക്ലന്റില് ജനിച്ച് ഓക്ലന്റ് സര്‍വകലാശാലയില്‍ നിന്നും മാവോരി ബിസിനസ് ഡവലപ്മെന്റില്‍ ഡിപ്ളോമയും കരസ്ഥമാക്കിയിട്ടുള്ളയാളാണ് നാനൈ. ന്യൂസിലന്റിലെ വിദേശകാര്യമന്ത്രിയാകുന്ന ആദ്യ വനിതയും മഹുത യാണ്. 1996 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹുതാ 2016 ല്‍ മകളുടെ താല്‍പ്പര്യ പ്രകാരമാണ് ഗോത്രവര്‍ഗ്ഗക്കാരെ തിരിച്ചറിയാന്‍ പ്രത്യേക ഡിസൈനിലുള്ള പരമ്പരാഗത ടാറ്റൂ താടിയില്‍ പതിച്ചത്. സ്ത്രീകള്‍ ഈ ടാറ്റു താടിയില്‍ പതിക്കുമ്പോള്‍ മാവോരി പുരുഷന്മാര് മോകാ കൗവ മുഖത്ത് മുഴുവനുമായി പച്ചകുത്തും. രണ്ടു കാര്യങ്ങള്‍ കൊണ്ടാണെന്നായിരുന്നു ടാറ്റൂ പതിച്ചത് എന്നാണ് മഹുത നേരത്തേ പറഞ്ഞിരുന്നത്. ഒന്ന് തന്റെ ഗോത്ര പിതാമഹന്മാരെ ബഹുമാനിക്കുന്നതിന് വേണ്ടിയും രണ്ടാമത് തന്റെ ഗോത്രത്തിന്റെ സാംസ്ക്കാരിക തനിമയ്ക്ക്് മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന ദുഷ്പേര് മായ്ക്കാന്‍ സഹായകരമാകും എന്നുമാണ്.
മുഖം നിറച്ച് പച്ചകുത്തിയെത്തുന്ന മാവോരികളെ പൊതുവേ ന്യൂസിലന്റുകാര്‍ തെമ്മാടികളും ക്രിമിനല്‍ ഗ്യാംഗുകളുമായാണ് വിലയിരുത്താറ്. വിദേശകാര്യത്തിനൊപ്പം മുമ്പ് കൈകാര്യം ചെയ്തിരുന്ന പ്രാദേശിക വികസനം, മാവോരി വികസനം എന്നിവയും മഹുതയുടെ ശിരസിലാണ്. മുമ്പ് ന്യൂസിലന്റിലെ അഞ്ചാം ലേബര്‍ സര്‍ക്കാരിലും മഹുത ക്യാബിനറ്റ് മന്ത്രിയായിരുന്നു. കസ്റ്റംസ് മന്ത്രി, പ്രാദേശിക, യുവജനക്ഷേമ മന്ത്രി എന്നിവ വഹിച്ചിട്ടുള്ള മഹുത പരിസ്ഥിതി, ടൂറിസം സഹമന്ത്രിയായും സേവനം ചെയ്തിട്ടുണ്ട്.





