
ദുബായ്: ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വാട്സണ്. ഷെയ്ന് വാട്സന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഐപിഎല്ലിലെ ചെന്നൈയുടെ കിങ്സ് ഇലവന് പഞ്ചാബിനെതിരായ അവസാന മത്സരത്തിനു ശേഷമാണ് 39 കാരനായ വാട്സണ് ടീമിനോട് പ്രഖ്യാപനം നടത്തിയത്. ചെന്നൈയ്ക്കായി മത്സരിക്കാനായത് വലിയ ബഹുമതിയാണെന്നും ഡ്രസിങ്ങ് റൂമിലെ വികാരഭരമായ വെളിപ്പെടുത്തലില്‍ വാട്സണ് പറഞ്ഞതായി ചെന്നൈയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2016 ല്‍ ഓസീസ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമാണ്. 2018 ല്‍ ചെന്നൈ ഐപിഎല്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും വാട്സണായിരുന്നു. 2018 ലും 2019 ലും ടീമിനായി തിളങ്ങിയ വാട്സണ് 2020 ഐപിഎല്ലില്‍ തിളങ്ങാനയില്ല. യുഎഇയില്‍ പുരോഗമിക്കുന്ന ഐപിഎല്ലില്‍ 11 മത്സരങ്ങളില്‍ നിന്നായി 299 റണ്‍സ് മാത്രമാണ് നേടാനായത്. ഐപിഎല്ലില്‍ 145 മത്സരങ്ങളില്‍ നിന്നായി 3874 റണ്‍സും 92 വിക്കറ്റും നേടിയിട്ടുണ്ട്.





