
ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ (JLR) തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്യുവി I-പേസിന്റെ ബുക്കിംഗ് ആരംഭിച്ചെന്ന് റിപ്പോർട്ട്. വാഹനത്തിന്റെ ഡെലിവറികള്‍ 2021 മാര്‍ച്ച് മാസത്തോടെ ആരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
എസ്യുവിയുടെ അപ്ഡേറ്റ് ചെയ്ത 2021 പതിപ്പും നിര്‍മ്മാതാവ് വെളിപ്പെടുത്തി. I-പേസില്‍ പുതുക്കിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വേഗത്തില്‍ ചാര്‍ജിംഗ് ശേഷിയുള്ള ത്രീ ഫേസ് എസി ഹോം ചാര്‍ജിംഗ് സാങ്കേതികവിദ്യയും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ബ്രാന്‍ഡിന്റെ ആദ്യത്തെ ഓള്-ഇലക്ട്രിക് ക്രോസ്ഓവര്ജാഗ്വര് I-പേസ് ആണ്. ഒരു പവര്‍ട്രെയിന്‍ ഓപ്ഷനും (EV 400) മൂന്ന് പതിപ്പുകളിലും (S, SE, HSE) കാര്‍ എത്തിയേക്കും. ഇന്ത്യന്‍ വെബ്സൈറ്റില്‍ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.
90 കിലോവാട്ട്സ് ബാറ്ററി പായ്ക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് I-പേസിന്റെ കരുത്ത്. ഈ ഇലക്ട്രിക് മോട്ടോര്‍ 394 bhp കരുത്തും 696 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാം. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.8 സെക്കന്‍ഡുകള്‍ മാത്രം മതി. 90 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറണ്ടിയുണ്ടെന്നാണ് റിപ്പോർട്ട്.






