
ഹോണർ പുതിയ സ്മാർട്ട് വെയറബിൾ ബാൻഡ് 6 വിപണിയിലെത്തിച്ചു. റിപ്പോർട്ട് അനുസരിച്ച് സ്മാർട്ട് വാച്ചുകളിൽ കാണുന്നതിന് സമാനമായ ഫുൾ സ്ക്രീൻ ഡിസ്പ്ലേയുമായി പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഫിറ്റ്നസ് ട്രാക്കർ ആണ് ഇത്.
രണ്ട് വേരിയന്റുകളിലാണ് ഹോണർ ബാൻഡ് 6 എത്തുന്നത്. എൻഎഫ്സിയോട് കൂടിയ വേരിയന്റും എൻഎഫ്സി ഇല്ലാത്ത വേരിയന്റുമാണ് ഹോണർ പുറത്തിറക്കിയിരിക്കുന്നത്. ഹോണർ ബാൻഡ് 6ൽ 1.47 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ലഭിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 194x368 പിക്സൽ റെസല്യൂഷൻ ഉണ്ട്. 2.5 ഡി ഗ്ലാസും ഈ ഡിസ്പ്ലെയ്ക്ക് മുകളിൽ കാണാം. മെറ്റോറൈറ്റ് ബ്ലാക്ക്, സീഗൽ ഗ്രേ, കോറൽ പൌഡർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ബാൻഡ് ലഭ്യമാണ്. നിറവ്യത്യാസം സ്ട്രിപ്പിൾ മാത്രമാണ് ഉള്ളത്. ബോഡി കറുപ്പ് നിറത്തിലാണ്.
ഹോണർ ബാൻഡ് 6ന് സ്ട്രാപ്പ് ഇല്ലാതെ ഏകദേശം 18 ഗ്രാം വരെ ഭാരമുണ്ട്. ബ്ലൂടൂത്ത് 5.0, ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, 180 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഹോണർ ബാൻഡ് 6ൽ ഉണ്ട്. 5ATM വരെ വാട്ടർ-റസിസ്റ്റൻസ് ശേഷിയും മാഗ്നറ്റിക് ചാർജർ വഴി ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഉടൻ തന്നെ ഈ ഡിവൈസ് ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് എത്തിയേക്കും.






