മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ പുതിയ ഐ20 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഐ20-യുടെ പെട്രോള്‍ മോഡലിന് 6.80 ലക്ഷം രൂപ മുതല്‍ 11.18 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 8.20 ലക്ഷം രൂപ മുതല്‍ 10.60 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി നാല് വേരിയന്റുകളിലാണ് മോഡൽ എത്തുന്നത്.
വിലയില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള വില ഡിസംബര്‍ 31 വരെ മാത്രം പ്രാബല്യമുള്ളവയായിരിക്കും. മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷണല്‍ എന്നീ നാല് വേരിയന്റുകളിലാണ് പുതിയ ഐ20 എത്തുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ആദ്യമായി ഐ.എം.ടി ട്രാന്സ്മിഷന് നല്‍കിയാണ് ഐ20 എത്തിയിരിക്കുന്നത്.
പുതുതലമുറ ഐ20 ഒരുങ്ങുന്നത് ഹ്യുണ്ടായി വികസിപ്പിച്ച കൂടുതല്‍ സുരക്ഷിതവും എന്നാല്‍ ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ്. 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വശങ്ങള്‍ക്ക് അഴകേകുന്നത്. പുത്തന്‍ ഡിസൈനിലുള്ള ഗ്രില്ലാണ് മുഖഭാവത്തെ പ്രീമിയമാക്കുന്നത്. ആംഗുലര്‍ പൊജക്ഷനാണ് ഹെഡ്ലാമ്പ്, ആഡംബര വാഹനങ്ങള്‍ക്ക് സമാനമായി എല്‍.ഇ.ഡി ഡി.ആര്.എല്ലും, സ്പോര്‍ട്ടി ഭാവമുള്ള ബംമ്പറും പ്രൊജക്ഷന് ഫോഗ്ലാമ്പും മുന്‍വശത്തെ കൂടുതൽ അഗ്രസീവാക്കുന്നു.
10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മൗണ്ടഡ് സ്വിച്ചുകള്‍ നല്‍കിയിട്ടുള്ള ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ്, പുതിയ ഡിസൈനിലുള്ള എ.സി വെന്റുകള്‍ എന്നിവ നല്കി സ്പേഷ്യസ് ആയിട്ടാണ് വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഐ20--യുടെ പുതുതലമുറ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ മൂന്ന് എന്ജിന് ഓപ്ഷനുകളിലും അഞ്ച് ട്രാന്‍സ്മിഷനുകളിലുമാണ് എത്തിയിരിക്കുന്നത്.






