
കലിഫോര്‍ണിയയിലെ അവില ബീച്ചില്‍ കയാക്കിങിനിടെ നടന്ന ഈ അപകടം കണ്ടാല്‍ അപകടത്തില്‍ പെട്ടവര്‍ ജീവനോടെ ഉണ്ടാകുമെന്ന് ആരും വിശ്വസിക്കില്ല. അത്ര ഭയാനകമായ കാര്യങ്ങളായിരുന്നു സംഭവിച്ചത്. അപകടത്തില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ജൂലി മക്സോര്ലിയും സുഹൃത്തായ ലിസ് കോട്രിയലുമാണ് കയാക്കിങിനിടെ അപകടത്തില്‍ പെട്ടത്.
ഒരു വമ്പന്‍ തിമിംഗലം ഇരുവരേയും കയാക്ക് ഉള്‍പ്പെടെ വിഴുങ്ങുകയായിരുന്നു. കയാക്കില്‍ ഇരുന്ന് തിമിംഗലങ്ങളെ കണ്ട് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. വെള്ളത്തിനടിയിലൂടെ അരികിലേക്കെത്തിയ കൂറ്റന്‍ തിമിംഗലം പെട്ടെന്ന് കയാക്ക് അപ്പാടെ വിഴുങ്ങാനെന്ന പോലെ വായും പിളര്‍ത്തി മുകളിലേക്ക് കുതിച്ചു. കയാക്കിന് സമീപമായി ചെറു മീനുകളുടെ വലിയൊരു കൂട്ടമുണ്ടായിരുന്നു. അവയെ വിഴുങ്ങാന്‍ തിമിംഗലം ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ഇരുവരും തിമിംഗലത്തിന്റെ വായില്‍ പെടുകയായിരുന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന മറ്റു സഞ്ചാരികള്‍ അപ്പോള്‍ തന്നെ ഇവര്‍ക്കരികിലേക്കെത്തി.
കയാക്കില്‍ ഉണ്ടായിരുന്നവര്‍ തിമിംഗലത്തിന് ഇരയായി എന്നാണ് കരുതിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഒരു പരിക്കുകളുമില്ലാതെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. വെള്ളത്തിലേക്ക് ഇവര്‍ മറിഞ്ഞു വീഴുകയായിരുന്നു. തിമിംഗലങ്ങളുടെ ദൃശ്യം പകര്ത്തിക്കൊണ്ടിരിക്കുകയായിരുന്ന ജൂലിയുടെ ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളും മറ്റൊരു സഞ്ചാരി പകര്‍ത്തിയ വിഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സഞ്ചാരി പകര്‍ത്തിയ വിഡിയോയില്‍ തിമിംഗലം ജൂലിയെയും ലിസിനെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണാം. എന്തായാലും, ജീവന് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജൂലിയും ലിസും.






