
സ്കൂളില്‍ പഠിക്കുന്ന കാലത്ത് നന്നായി പാട്ടുപാടുന്ന കുട്ടിയെ മുതിര്‍ന്നപ്പോള്‍ ഒരു കത്തുമായി മദ്രാസിലേക്ക് പറഞ്ഞയച്ചത് നടന് ബഹദൂറാണ്. അഭിനയിക്കാന്‍ വേണ്ടിയാണ് പറഞ്ഞുവിട്ടതെങ്കിലും അവന് അവിടെ ക്യാമറാ അസിസ്റ്റന്റായി. റെക്കോര്‍ഡിങ് സ്റ്റുഡിയോയിലും സ്ക്രിപ്റ്റ് ചര്‍ച്ച ചെയ്യുന്നിടത്തൊക്കെ ഈ പയ്യനുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബഹദൂര്‍ അവനെ വിളിച്ചു.
''നീ സംവിധാനം പഠിക്കാന്‍ പോയ്ക്കോളൂ. അതാകുമ്പോള്‍ അഭിനയവും ക്യാമറയും എല്ലാമുണ്ട്. ഒരു നടനായാല്‍, നിന്നെ കവര്‍ ചെയ്യാന്‍ മറ്റൊരു നടന് വന്നേക്കാം. എന്നാല്‍ സംവിധായകന് എപ്പോഴുമൊരു വിലയുണ്ട്.''
അന്നത്തെ പയ്യന് സംവിധായകന് ഹരിഹരനായി വളര്‍ന്നു. ബഹദൂര്‍ പറഞ്ഞത് സത്യമായി. സംവിധായകന്റെ വിലയാണിപ്പോള്‍ ജെ.സി.ഡാനിയേലിന്റെ പേരിലെ പുരസ്കാരമായി അദ്ദേഹത്തിന് മുമ്പില്‍ വന്നുനില്ക്കുന്നത്.
പ്രേംനസീറുമൊത്തുള്ള സൗഹൃദം
അറുപതുകളിലാണ് സംഭവം. തലശ്ശേരി കടപ്പുറത്ത് ഭാര്‍ഗവീനിലയത്തിന്റെ ഷൂട്ടിങ് നടക്കുന്നു. തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. ബ്രേക്ക് പറഞ്ഞയുടന്‍ നസീറിന് മുമ്പിലേക്ക് ഒരു ചെറുപ്പക്കാരന് ഓടിയെത്തി. കൈകൊടുത്ത് പരിചയപ്പെട്ടു.
''സാര്‍ ഞാന്‍ ഹരിഹരന്. കോഴിക്കോട്ടുനിന്നും വരുന്നു. സാറിന്റെ വലിയൊരു ആരാധകനാണ്.''
നസീര്‍ ചിരിച്ചുകൊണ്ട് ചേര്‍ത്തുപിടിച്ചു. പിന്നീട് മലബാറില്‍ എവിടെ നസീര്‍ എത്തിയാലും ഹരിഹരനെത്തും. വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു. സിനിമയോടുള്ള ആഭിമുഖ്യത്താല്‍ മദ്രാസിലെത്തിയ ഹരിഹരന് ദൃശ്യഭാഷയുടെ പ്രാഥമികപാഠം പഠിച്ചത് പത്ത് സംവിധായകരുടെ കീഴില്‍. പ്രേംനസീറിനെ നായകനാക്കിയാകണം ആദ്യസിനിമയെന്ന് അന്നേ മനസില്‍ കുറിച്ചിട്ടിരുന്നു. അത് പാലിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1973-ല്‍ പുറത്തിറങ്ങിയ 'ലേഡീസ് ഹോസ്റ്റല്‍' എന്ന ഹരിഹരന്റെ ആദ്യസിനിമയില്‍ പ്രേംനസീറായിരുന്നു നായകന്. പിന്നീട് 22 സിനിമകളില്‍ കൂടി അദ്ദേഹം നസീറിനെ നായകനാക്കി. പ്രേംനസീറുമായുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കല്‍ ഹരിഹരന് പറഞ്ഞതിങ്ങനെ.
''മദ്രാസില്‍ എം. കൃഷ്ണന്‍നായര്‍ സാറിന്റെ അസിസ്റ്റന്റായ സമയത്താണ് നസീര്‍ സാറിനെ അടുത്തറിയുന്നത്. എ.ബി.രാജ്, എസ്.എസ്. രാജന് എന്നിവരുടെയും അസിസ്റ്റന്റായിരുന്നു ഞാന്‍. അക്കാലത്ത് ഒരു സിനിമയുടെ ഷൂട്ടിങ് പത്തുദിവസം കഴിഞ്ഞാല്‍ അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്യാം. അതുകഴിഞ്ഞ് മറ്റൊന്ന്. രണ്ടോ മൂന്നോ സിനിമ കഴിയുമ്പോഴേക്കും ആദ്യത്തെ സിനിമയുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങും. എല്ലായിടത്തും നസീര്സാറായിരുന്നു നായകന്. അതുകൊണ്ടുതന്നെ രാവിലെ ഏഴുമണി മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിവരെ പ്രേംനസീറിന്റെ മുഖം മാത്രമാണ് കാണുക. കല, സാഹിത്യം എന്നിവയുമായുള്ള അടുപ്പം കാരണം ഞങ്ങള്‍ വളരെ പെട്ടെന്നടുത്തു. ആദ്യ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍, ഡേറ്റ് തരാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അങ്ങനെയാണ് ലേഡീസ് ഹോസ്റ്റല്‍ തുടങ്ങുന്നത്.
പതിവുരീതികളില്‍നിന്ന് വ്യത്യസ്തനായിരുന്നു അതിലെ പ്രേംനസീറിന്റെ കഥാപാത്രം. സിനിമ സൂപ്പര്‍ഹിറ്റായി. പിന്നീട് ഞങ്ങളൊന്നിച്ച് ചെയ്ത എല്ലാ സിനിമകളും ഹിറ്റ് ചാര്ട്ടിലിടംപിടിച്ചു. അതോടെ ഹരിഹരന്-പ്രേംനസീര്‍ കോമ്പിനേഷന്‍ വന്‍ ചര്‍ച്ചയായി. നിര്‍മാതാക്കള്‍ ഇഷ്ടംപോലെ വന്നു. അക്കാലത്ത് പ്രേംനസീറിന്റെ ഇമേജായിരുന്നു എന്റെ പിന്‍ബലം. ചില ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ നസീര്‍ തന്നെ പറയും, നമുക്ക് ഹരിഹരനെ വിളിക്കാമെന്ന്. എന്റെ എല്ലാ സിനിമകളിലും പ്രേംനസീറിന് വ്യത്യസ്തമായ വേഷങ്ങളായിരുന്നു.
മലയാള സിനിമയില്‍ പ്രേംനസീറിന് സമമായി പ്രേംനസീര്‍ മാത്രമേയുള്ളൂ. പെരുമാറ്റം, കൃത്യനിഷ്ഠത, മനുഷ്യത്വം... ഇവയെല്ലാം കണ്ടുപഠിക്കേണ്ടതാണ്. അദ്ദേഹം ദേഷ്യപ്പെടുന്നതോ, ചീത്ത പറയുന്നതോ ഞാന്‍ കണ്ടിട്ടില്ല. ചായ കൊടുക്കുന്നവര്‍ മുതല്‍ നിര്മാതാക്കളെവരെ ഒരേ കണ്ണിലാണ് അദ്ദേഹം കാണുന്നത്. ക്യാമറയ്ക്ക് മുമ്പിലെത്തിയാല്‍ നാലോ അഞ്ചോ വയസുള്ള കൊച്ചുകുട്ടിയെപ്പോലെയാവും നസീര്‍. എന്താ ഞാന്‍ ചെയേ്േണ്ടതെന്ന് ചോദിക്കും. അതായിരുന്നു ആ എളിമ. എത്രയോ സിനിമകളില്‍ കാശ് വാങ്ങാതെ അഭിനയിച്ചിട്ടുണ്ട്. സിനിമ പൊട്ടിപ്പൊളിഞ്ഞാല്‍ വാങ്ങിച്ച കാശ് തിരിച്ചുകൊടുത്തിട്ടുമുണ്ട്. താരങ്ങളായാല്‍ ആര്‍ഭാടജീവിതം പതിവായിരിക്കും. ഒരു സിനിമ കഴിഞ്ഞാല്‍ വിദേശത്തേക്ക് പിക്നിക്കിന് പോകുന്നവരാണ് ഇന്നത്തെ പല നടന്മാരും. എന്നാല്‍ അദ്ദേഹത്തിന് അതിനൊന്നും സമയമുണ്ടായിരുന്നില്ല.
ഒരു സിനിമ കഴിഞ്ഞാല്‍ അടുത്തത് വരും. കൃത്യസമയത്ത് ഷൂട്ടിങ് തീര്‍ക്കേണ്ടതിനാല്‍ ജോയിന്ചെയ്യും. ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങള്‍ അപൂര്‍വമായിരിക്കും. കുടുംബത്തിനുവേണ്ടിയായിരുന്നു അദ്ദേഹം ജീവിച്ചത്. മക്കളെ മാത്രമല്ല, സഹോദരങ്ങളെയും നോക്കിയത് നസീറാണ്. അദ്ദേഹത്തിന്റെ വാപ്പയ്ക്ക് രണ്ടു ഭാര്യമാരുണ്ട്. അവരുടെ കുട്ടികളെയും സംരക്ഷിച്ചു. സത്യം പറഞ്ഞാല്‍ ജീവിക്കാന്‍ മറന്നുപോയ നടനായിരുന്നു പ്രേംനസീര്‍.''
പാട്ടെഴുത്തും സംഗീതവും
-------------
വ്യത്യസ്തമായ 52 സിനിമകളാണ് ഹരിഹരന് മലയാളികള്‍ക്ക് മുമ്പിലെത്തിച്ചത്. മൂന്നു തവണ ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ സിനിമകളെ തേടിയെത്തി. 1993-ല്‍ സര്‍ഗത്തിനും 1995-ല്‍ പരിണയത്തിനും 2010-ല്‍ കേരളവര്‍മ്മ പഴശ്ശിരാജയ്ക്കും.
'ഏഴാമത്തെ വരവു'മായി എത്തിയ ഹരിഹരന് കഴിഞ്ഞ ഏഴുവര്‍ഷമായി സിനിമയെടുത്തിട്ടില്ല. അതിന് അദ്ദേഹത്തിന് കൃത്യമായ ന്യായീകരണവുമുണ്ട്.
''ഒരു കഥ സ്വാധീനിച്ചാല്‍ മാത്രമേ ഞാന്‍ സിനിമയെക്കുറിച്ച് ആലോചിക്കുകയുള്ളൂ. എം.ടിയും അതുപോലെയാണ്. കഥ കിട്ടിക്കഴിഞ്ഞാല്‍ ആരു ചെയ്താല്‍ നന്നാവും എന്നാലോചിക്കും. ചിലര്‍ക്കിത് ഉപജീവനമാര്‍ഗം മാത്രമാണ്. അതുകൊണ്ടുതന്നെ സഹിക്കേണ്ടിവരും. എനിക്ക് അങ്ങനെയല്ല. ഒരു കലാരൂപമായാണ് ഞാന്‍ സിനിമയെ കാണുന്നത്.''
പക്ഷേ ഇക്കാലയളവിലും അദ്ദേഹം വെറുതെയിരുന്നില്ല. ഭാഗവതത്തിലെ പ്രധാനഭാഗത്തെ ആസ്പദമാക്കി സ്യമന്തകം എന്ന പേരില്‍ സ്ക്രിപ്റ്റെഴുതിക്കഴിഞ്ഞു. അതെക്കുറിച്ച് ഏറെ പ്രതീക്ഷയുമുണ്ട്, ഹരിഹരന്.
''സ്യമന്തകം എന്റെ മാസ്റ്റര്‍പീസ് വര്‍ക്കാണ്. ഇന്ത്യന്‍ സിനിമയില്‍ ഇതുപോലൊരു സിനിമയുണ്ടായിട്ടില്ല. ശ്രീകൃഷ്ണന് ഒരു റൊമാന്റിക് ഹീറോയായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ കാമുകന്, ഫിലോസഫര്‍, യോദ്ധാവ്, പടനായകന്... എന്നീ വിവിധ മുഖങ്ങളില്‍ വരുന്ന ഹീറോയാണ് ഇതിലെ കൃഷ്ണന്. വലിയൊരു ബജറ്റ് ആ സിനിമയ്ക്ക് വേണ്ടിവരും. ലൊക്കേഷനൊക്കെ നോക്കിയതാണ്. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ അത് നീണ്ടുപോയി. സ്യമന്തകം സിനിമയാക്കണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. അത് സാധിക്കുമെന്നാണ് വിശ്വാസം.''
കഥയും തിരക്കഥയും സംവിധാനവും മാത്രമല്ല, പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് മയൂഖത്തിലൂടെ തെളിയിച്ചതാണ് ഈ പഴയ ഗായകന്. 'മയൂഖ'ത്തിലെ എല്ലാ പാട്ടും സൂപ്പര്‍ഹിറ്റുകളായിരുന്നു.
''പാട്ടെഴുതാന്‍ തീരുമാനിച്ചത് യാദൃച്ഛികമാണ്. 'മയൂഖ'ത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനെയാണ് പാട്ടെഴുതാന്‍ നിയോഗിച്ചത്. സംഗീതം ബോംബെ രവിയും. കമ്പോസ് ചെയ്യുന്ന ദിവസം അടുത്തെത്തിയപ്പോഴേക്കും മങ്കൊമ്പിന് അസുഖം. രവിയാണെങ്കില്‍ കേരളത്തിലേക്ക് പുറപ്പെടുകയും ചെയ്തു. ആ അവസരത്തില്‍ വേറെ വഴിയില്ല. ഒടുവില്‍ ഞാന്‍ തന്നെ എഴുതി. 'ഏഴാമത്തെ വരവി'ല്‍ പാട്ടെഴുത്ത് മാത്രമല്ല, സംഗീതവും ചെയ്തു.''
യേശുദാസ് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.
''ഹരിഹരന് നന്നായി പാടും. പക്ഷേ അത് വളരെ രഹസ്യമാണ്. സംഗീതവും അഭിനയവും അറിയാം. എന്നിട്ടും ചാടി ഒന്നും ചെയ്യാറില്ല. ഓരോന്നിനും ഓരോരുത്തരെ വിട്ടു.''
എം.ടിയും ഹരിഹരനും
എം.ടിയും ഹരിഹരനും തമ്മിലുള്ള ഹൃദയബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്കൂള്‍കാലഘട്ടം മുതല്‍ തുടങ്ങിയതാണത്. എം.ടിയുടെ കഥകളെ മാത്രമല്ല, എഴുത്തുകാരനെയും അന്നേ മനസില്‍ പ്രതിഷ്ഠിച്ചിരുന്നു. കോഴിക്കോട് മാനാഞ്ചിറയില്‍ വച്ച് ഇടയ്ക്കൊക്കെ കാണും. ചെറുപുഞ്ചിരി സമ്മാനിച്ച് എം.ടി. നടന്നകലും. മദ്രാസിലെത്തിയപ്പോഴാണ് ആ ബന്ധം ദൃഢമാവുന്നത്.
''പത്തിലധികം സിനിമകള്‍ ചെയ്തതിനുശേഷമാണ് ഒന്നിച്ചൊരു സിനിമയെക്കുറിച്ച് ആലോചനയുണ്ടായത്. അതിന് നിമിത്തമായത് തിരക്കഥാകൃത്തായ ടി. ദാമോദരന്‍ മാഷാണ്. ഞാനും എം.ടിയും ദാമോദരന്‍ മാഷും ഒരു ലോഡ്ജില്‍ വച്ച് കണ്ടപ്പോള്‍ മാഷാണ്, രണ്ടുപേര്‍ക്കും ഒരു സിനിമ ചെയ്തുകൂടേ എന്ന് ചോദിക്കുന്നത്. ഞാന്‍ അന്നറിയപ്പെടുന്നത് കൊമേഴ്സ്യല്‍ സംവിധായകന് എന്ന നിലയിലാണ്. എം.ടിയാകട്ടെ ആര്‍ട്ട് സിനിമയുടെ ആളും. എന്നാല്‍, എന്റെ എല്ലാ സിനിമകളും എം.ടി. കണ്ടിരുന്നു. ഹരിഹരന്റെ ക്രാഫ്റ്റും എം.ടിയുടെ കഥയും ചേര്‍ന്നാല്‍ നല്ലൊരു സിനിമയുണ്ടാക്കാന്‍ കഴിയുമെന്ന് മാഷ് നിരീക്ഷിച്ചു. ആ സമയത്ത് ഞങ്ങളുടെ കൂടെ നിര്‍മാതാവായ പ്രിയദര്‍ശിനി ജോയിയും ഉണ്ടായിരുന്നു. ദാമോദരന്‍ പറയേണ്ട താമസം ജോയ് ഏറ്റുപിടിച്ചു-എങ്കില്‍ ആ സിനിമ ഞാന്‍ നിര്‍മ്മിച്ചോളാം. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സമ്മതം.
രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ ചില കഥകള്‍ ആലോചിച്ചു. അക്കൂട്ടത്തില്‍ എം.ടിയുടെ 'ഇടവഴിയിലെ പൂച്ച, മിണ്ടാപ്പൂച്ച' എന്ന കഥയെക്കുറിച്ചും ചര്‍ച്ചയായി. ഒടുവില്‍ ആ കഥ തന്നെ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അധികം ആര്‍ഭാടമില്ലാത്ത ആ സിനിമ വന്‍ ഹിറ്റായി. മൂന്ന് പ്രധാന കഥാപാത്രങ്ങളേ സിനിമയിലുള്ളൂ, മധു, ശ്രീവിദ്യ, സോമന് എന്നിവര്‍. സത്യം പറഞ്ഞാല്‍ അതുവരെ അനുവര്‍ത്തിച്ചുവന്ന രീതിയില്‍നിന്ന് വ്യത്യസ്തമായിരുന്നു എം.ടിക്കൊപ്പമുള്ള സിനിമ. ശരിക്കും വെല്ലുവിളിയായിരുന്നു അത്. സൂംലെന്‍സ് ഉപയോഗിക്കാതെ ഇമോഷനെ അണ്ടര്‍ലൈന്‍ ചെയ്യുന്ന ഷോട്ടുകളായിരുന്നു. ഒരേപോലെ ചിന്തിക്കുന്നതുകൊണ്ടാവാം, ഞങ്ങള്‍ തമ്മില്‍ വീണ്ടും സിനിമകള്‍ ചെയ്തു. വളര്‍ത്തുമൃഗങ്ങള്‍, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതംഗമയ, പഴശ്ശിരാജ.... ഏറ്റവുമൊടുവില്‍ ഏഴാമത്തെ വരവ് വരെ. അതോടെ എന്റെ സ്റ്റൈല്‍ എന്താണെന്ന് എം.ടിക്കും എം.ടിയുടെ സ്റ്റൈല്‍ എനിക്കും മനസ്സിലായി.''
രണ്ടുപേരും തമ്മില്‍ ഇപ്പോഴും നല്ല സൗഹൃദമാണ്. സ്വന്തമായി സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുമ്പോഴും എം.ടിയുടെ സ്വാധീനം തന്നിലുണ്ടാവാറുണ്ടെന്ന് ഹരിഹരന് സാക്ഷ്യപ്പെടുത്തുന്നു.
സിനിമ സംവിധാനം ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും മലയാളസിനിമയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്, ഹരിഹരന്. മിക്ക സിനിമകളും കാണാറുണ്ട്. സംവിധാനം ചെയ്യുന്ന ഓരോ സിനിമയെയും പുതിയതുപോലെയാണ് അദ്ദേഹം സമീപിക്കുന്നതും.
''നമ്മുടെ ഭാവനയില്‍ ഉരുത്തിരിയുന്നത് യന്ത്രങ്ങളിലൂടെയാണ് ജനങ്ങളിലെത്തിക്കുന്നത്. അത് ചില്ലറ ജോലിയല്ല. ലൊക്കേഷന്‍ കണ്ടുപിടിക്കുന്നതുതന്നെ വിഷമകരമായ ജോലിയാണ്. വടക്കന്‍ വീരഗാഥ പ്ലാന്‍ ചെയ്യുമ്പോള്‍ പുത്തൂരംവീട് എന്റെ മനസിലുണ്ട്. എങ്ങനെയുള്ള വീടായിരിക്കണം, ആ വീട്ടില്‍ ആരൊക്കെ എവിടെയൊക്കെ നില്‍ക്കണം, ഏതൊക്കെ ആംഗിളില്‍ അത് ഷൂട്ട് ചെയ്യണം എന്നൊക്കെ കൃത്യമായ പ്ലാനിങ്ങുണ്ട്. അത്തരം ലൊക്കേഷന്‍ കിട്ടിയില്ലെങ്കില്‍ ഉള്ള സ്ഥലത്തെ സെറ്റിട്ട് മാറ്റിയെടുക്കും. ബുദ്ധി ഒരിക്കലും കടമെടുക്കാറില്ല. ഏത് സിനിമയെടുക്കുമ്പോഴും ഫ്രഷായി, ആത്മവിശ്വാസത്തോടെയാണ് ചെയ്യുന്നത്. അതാണ് എന്നെ മുന്നോട്ടേക്കുനയിക്കുന്നതും. ആത്മാര്‍ത്ഥതയോടെയാണ് ജോലി ചെയ്യാറുള്ളത്. പിന്നെ വിജയവും പരാജയവും. അത് നമ്മുടെ കൈയിലല്ലല്ലോ.''



