വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനുള്ള ആ വാര്‍ഷിക ശമ്പളം ഇനിമുതല്‍ ബൈഡന് സ്വന്തം. നാല് ലക്ഷം ഡോളറാണ് ഇനിമുതല്‍ ബൈഡന്റെ ശമ്പളം. ഇതിനു പുറമേ ആനുകൂല്യങ്ങളുടെ ഒരു കൂമ്പാരം തന്നെ ബൈഡനെ കാത്തിരിപ്പുണ്ട്. ശമ്പളത്തിനുപുറമെ മറ്റ് ചിലവുകള്‍ക്കായി 50,000 ഡോളറും യാത്രാ ചെലവെന്ന പേരില്‍ നികുതി അടയ്ക്കേണ്ടാത്ത ഒരു ലക്ഷം ഡോളറും ലഭിക്കും. പ്രസിഡന്റിന്റെ യാത്രകള്‍ക്കായി എയര്‍ഫോഴ്സ് വണ്‍ എന്ന വിമാനവും ഒരു ഹെലികോപ്റ്ററും കാറും എപ്പോഴും സജീവമാണ്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസാണ് മറ്റൊരു ആകര്‍ഷണം. 55,000 ചുരശ്ര അടി വിസ്തീര്‍ണ്ണമുളള വൈറ്റ് ഹൗസ് 132 മുറികളും 35 ശൗചാലയങ്ങളുമുള്ള കെട്ടിടമാണ്. ഇതിനുളളില്തന്നെ ടെന്നീസ് കോര്‍ട്ട്, സിനിമ തീയറ്റര്‍, നീന്തല്‍ കുളം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഭക്ഷണം പാകം ചെയ്യാന്‍ അഞ്ച് പാചകക്കാരും. ഇത്രയും വൈറ്റ് ഹൗസിന്റെ മാത്രം പ്രത്യേകതകളാണ്.
പ്രസിഡന്റിന്റെ അതിഥികള്‍ക്കായി മറ്റൊരു കെട്ടിടമുണ്ട്, ബ്ലെയര്‍ ഹൗസ്. ഇത് 70,000 ചതുരശ്ര അടി വലിപ്പത്തിലാണ് സ്ഥിതിചെയ്യുന്നത്. 119 മുറികളുള്ള കെട്ടിടത്തിന് 20 കിടപ്പു മുറികളും 35 ശൗചാലയങ്ങളും നാല് ഡൈനിംഗ് റൂമുകളുമുണ്ട്.
പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് അഞ്ച് സുരക്ഷാ ഹെലികോപ്റ്ററുകള്‍ അകമ്പടിയുണ്ടാകും. ഏത് അടിയന്തിര ഘട്ടത്തിലും പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനവും ഇതിലുണ്ട്.






