
ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നതുപോലെ അതുണ്ടാക്കാനും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പൊന്നമ്മ ബാബു. താനുണ്ടാക്കിയ ഭക്ഷണം കഴിച്ചവരെല്ലാം നല്ലതെന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ തോന്നിത്തുടങ്ങിയതാണ് ഒരു റസ്റ്റൊറന്റ് തുടങ്ങണമെന്ന ആശയം. ആവശ്യപ്പെടുന്നവര്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം തയാറാക്കി എത്തിച്ചുകൊടുത്തായിരുന്നു ആദ്യ പരീക്ഷണം. പിന്നീട് വിപുലമായിത്തന്നെ ഓണ്‍ലൈനില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാനും ഹോംഡെലിവറി നടത്താനും ആരംഭിച്ചു. താമസം തൃപ്പൂണിത്തുറ ആയതുകൊണ്ട് അവിടെയാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്. സഹപ്രവര്‍ത്തകരും ഒരിക്കല്‍ കഴിച്ച് ഇഷ്ടപ്പെട്ടവരും ഒക്കെ വീണ്ടും ആവശ്യപ്പെടുമ്പോള്‍ എറണാകുളം സിറ്റിയില്‍ മാത്രം ഹോംഡെലിവറി നടത്തി.
എറണാകുളം വിട്ട് മറ്റ് ജില്ലകളില്‍നിന്നുപോലും ആവശ്യക്കാരുണ്ടായതും, പലരും ഫ്രാഞ്ചൈസി ചോദിച്ചുതുടങ്ങിയതുമെല്ലാം പൊന്നമ്മ ബാബുവിന് ഒരു റസ്റ്റൊറന്റ് തുടങ്ങാന്‍ പ്രചോദനം നല്‍കുകയായിരുന്നു. അതുകൊണ്ടുതന്നെ എറണാകുളം പാലാരിവട്ടത്ത് പൊന്നമ്മാസ് കലവറ എന്ന പേരില്‍ ഉടന്‍ തന്നെ ഒരു റസ്റ്റോറന്റ് ആരംഭിക്കുകയാണ് ഈ സംരംഭക.
സൗത്ത് വില്ലേജ് ഇന്ത്യാപ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റസ്റ്റൊറന്റിനൊപ്പം പൊന്നമ്മാസ് കറിപൗഡറുകളും അച്ചാറും ഒക്കെ തയാറാക്കുന്നുണ്ട്. തനിനാടന്‍ വിഭവങ്ങള്‍ക്കൊപ്പം മലബാര്‍ രുചിക്കൂട്ടുകളും ഇവിടുത്തെ പ്രത്യേകതയാണ്. എല്ലാ പിന്തുണയും നല്കി മക്കളും മരുമക്കളും കൂടെനില്ക്കുന്നതുതന്നെയാണ് എന്റെ കരുത്ത്. സഹായത്തിനായി മക്കളുടെ സുഹൃത്തുക്കളായ അനൂപും സലാമും അനന്തപത്മനാഭന് ലാല്‍മോഹനും ഒപ്പമുണ്ട്.. കൊറോണയൊക്കെ മാറി എല്ലാവരും സന്തോഷമായിട്ടിരിക്കുന്ന സമയത്തുവേണം പുതിയ സംരംഭം തുടങ്ങാന്‍ എന്നാണ് പൊന്നമ്മ ബാബു പറയുന്നത്.
മനസും വയറും നിറച്ച്
ചാനലുകളിലും മറ്റും കുക്കറിഷോകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് എന്റെ പാചകത്തെക്കുറിച്ച് ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. റോഡില്‍ വച്ച് പോലും പിടിച്ചുനിര്‍ത്തി വീട്ടമ്മമാര്‍ പാചകക്കൂട്ടുകള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. കുക്കറിഷോകള്‍ ചെയ്തിരുന്ന സമയത്ത് ധാരാളം പ്രോത്സാഹനം പ്രേക്ഷകര്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ ഞാന്‍ പറഞ്ഞുകൊടുത്ത പാചകക്കൂട്ടുകള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് മനസിലായപ്പോഴാണ് എന്തുകൊണ്ട് ഇത് വിപുലമാക്കിക്കൂട എന്നാലോചിച്ചത്. എന്റെ സുഹൃത്ത് സാറയാണ് പൊന്നമ്മാസ് കലവറ എന്ന പേര് നിര്‍ദ്ദേശിച്ചത്.
കുക്കറിഷോകള്‍ ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ ഭക്ഷണം ഉണ്ടാക്കി അത് വിളമ്പിക്കൊടുത്ത് ആളുകളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. ചില ആളുകള്‍ ഭക്ഷണം കഴിച്ചിട്ട് പറയും പൊന്നമ്മചേച്ചീ ഞങ്ങളുടെ മനസും നിറഞ്ഞു വയറും നിറഞ്ഞുു എന്ന്. എന്റെ വീട്ടില്‍ കഴിക്കാന്‍ എങ്ങനെയാണോ ഭക്ഷണമുണ്ടാക്കുന്നത് അതുപോലെതന്നെയാണ് മറ്റുള്ളവര്‍ക്ക് കൊടുക്കാനും ഭക്ഷണമുണ്ടാക്കുന്നത്. ആട്ടിയ വെളിച്ചെണ്ണയും, മുളകായാലും മല്ലിയായാലും മഞ്ഞളായാലും മില്ലില്‍ പൊടിച്ചെടുക്കുന്നവ തന്നെയാണ് പാചകത്തിന് ഉപയോഗിക്കുന്നത്.
ഈ ലോകത്ത് മനുഷ്യന് എന്ത് കിട്ടിയാലും മതിയാവില്ല. പക്ഷേ വയറുനിറച്ച് ആഹാരം കഴിച്ചുകഴിയുമ്പോള്‍ മാത്രം മനുഷ്യന് പറയും മതിയേ.... എന്ന്. അതുമാത്രമേ മതിയാവുകയുളളൂ. അത് ചെയ്യാന്‍ പറ്റുന്നത് ഭാഗ്യമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. പൊന്നമ്മ പറഞ്ഞുനിര്‍ത്തി.
പൊന്നമ്മ ബാബുവിന്റെ കൈപുണ്യം വിളങ്ങുന്ന വിഭവങ്ങള്‍........
തക്കാളി മെഴുക്കുവരട്ടി
ആവശ്യമുള്ള സാധനങ്ങള്‍
അധികം പഴുക്കാത്ത തക്കാളി - 4 എണ്ണം (ചെറുതായി അരിഞ്ഞെടുക്കുക)
ചെറിയ ഉള്ളി - 10 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
കറിവേപ്പില - ഒരു തണ്ട്
വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച തക്കാളി, ചെറിയ ഉള്ളി, പച്ചമുളക് ഇവയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിക്കാതെ അടച്ചുവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. വെള്ളം വറ്റി വഴന്നുവരുമ്പോള് അടുപ്പില്‍നിന്നിറക്കി വയ്ക്കാം.
ചെമ്മീന്‍ കറി
ആവശ്യമുള്ള സാധനങ്ങള്‍
ചെറിയ ചെമ്മീന്‍ - ഒരു കിലോ (വൃത്തിയാക്കിയെടുക്കുക)
ചെറിയ ഉള്ളി - 1/2 കിലോ (മുറിയ്ക്കാത്തത്)
കറിവേപ്പില - 3 തണ്ട്
പച്ചമുളക് നെടുകേ കീറിയത് - 5 എണ്ണം
കുടംപുളി - രണ്ട് കഷണം അല്ലെങ്കില്‍ (ഇലുമ്പന്‍പുളി ആയാലും മതി)
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1/2ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 1/2ടീസ്പൂണ്‍
തയാറാക്കുന്നവിധം
ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുടംപുളി ഇവയും ചെമ്മീനും കൂടി മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിച്ച് വറ്റിച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇതിലേക്ക് ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി ചേര്‍ത്ത് ഇളക്കിയ ശേഷം വറ്റിച്ച് വച്ചിരിക്കുന്ന ചെമ്മീന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം.
ചേമ്പ് ഉണക്ക അയലക്കറി
ആവശ്യമുള്ള സാധനങ്ങള്‍
നാടന്‍ ചേമ്പ് - 2 എണ്ണം (തൊലികളഞ്ഞ് ചതുരകഷണങ്ങളായി മുറിച്ചത്)
ഉണക്ക അയല - 2 എണ്ണം (വൃത്തിയാക്കി കഷണങ്ങളാക്കിയത്)
തേങ്ങ ചിരകിയത് - ഒരു കപ്പ്
ഉണക്കമുളക് - 8 എണ്ണം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കടുക് - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ - 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 4 എണ്ണം
കറിവേപ്പില - 2 തണ്ട്
തയാറാക്കുന്നവിധം
ചേമ്പ് അല്‍പ്പം ഉപ്പ് ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക. പകുതി വേവാകുമ്പോള്‍ അതിലേക്ക് ഉണക്കമീന്‍ ചേര്‍ക്കാം.
തേങ്ങ, ഉണക്കമുളക്, മഞ്ഞള്‍പ്പൊടി, 1/4 ടീസ്പൂണ്‍ മുളകുപൊടി ഇവ ഒരുമിച്ച് അരയ്ക്കുക. ഈ അരപ്പ് ചേമ്പും ഉണക്കമീനും വേവിച്ചതിലേക്ക് ചേര്‍ക്കുക. (ഇഷ്ടമുളളവര്‍ക്ക് ഒരു കഷണം കുടംപുളിയോ തക്കാളിയോ മാങ്ങയോ ഏതെങ്കിലും ചേര്‍ക്കാവുന്നതാണ്) ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക, ഇതിലേക്ക് ഉള്ളി അരിഞ്ഞതിട്ട് മൂപ്പിച്ച് ഇത് തിളച്ച കറിയിലേക്ക് ഒഴിക്കുക.
നാടന്‍ മത്തികറി
ആവശ്യമുള്ള സാധനങ്ങള്‍
മത്തി - 1/2 കിലോ (വൃത്തിയാക്കിയെടുത്തത്)
ഉണക്കമുളക് - 10 എണ്ണം (ചൂടുവെള്ളത്തിലിട്ട് കുതിര്‍ക്കുക)
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് കീറിയത് - 4 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂണ്‍
കുടംപുളി - 2 കഷണം
ഉപ്പ് - പാകത്തിന്
പച്ചവെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 3 തണ്ട്
തയാറാക്കുന്നവിധം
ഉണക്കമുളക്, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി ഇവ ഒരുമിച്ച് വെളളം ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
ഒരു ചട്ടി അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ അരച്ചുവച്ചത് ചേര്‍ക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, കുടംപുളി, ഉപ്പ് ഇവയും ചേര്‍ത്ത് അരപ്പ് കലക്കിയെടുക്കുക. ഇതിലേക്ക് മത്തിയും ചേര്‍ത്തടച്ച് വേവിക്കുക. മത്തി വെന്ത് ചാറ് വറ്റി പാകമാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കി പച്ചവെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്പാം.
നെല്ലിക്ക അരച്ച അയല കറി
ആവശ്യമുള്ള സാധനങ്ങള്‍
അയല - 1/2 കിലോ (വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയത്)
പച്ചമുളക് നെടുകേ പിളര്‍ന്നത് - 4എണ്ണം
ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
വെളുത്തുള്ളി അല്ലി ചതച്ചത് - 5 അല്ലി
പച്ചനെല്ലിക്ക - 10 എണ്ണം
തേങ്ങ ചിരകിയത് - ഒരു കപ്പ്
കാന്താരി മുളക് - 10 എണ്ണം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
കറിവേപ്പില - 3 തണ്ട്
തയാറാക്കുന്നവിധം
നെല്ലിക്ക ആവികയറ്റി കുരുകളഞ്ഞ് അരച്ചെടുക്കുക. തേങ്ങ കാന്താരിമുളക് ചേര്‍ത്ത് അരച്ചെടുക്കുക.
മീന്‍ കറിവയ്ക്കുന്ന ചട്ടിയിലേക്ക് അരച്ച തേങ്ങ, നെല്ലിക്ക, മഞ്ഞള്‍പ്പൊടി, പച്ചമുളക്, ഇഞ്ചി, വെളുത്തുളളി, ഉപ്പ് ഇവയും പാകത്തിന് വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് അടുപ്പില്‍വച്ച് തിളയ്ക്കുമ്പോള്‍ അയല കഷണങ്ങള്‍ ചേര്‍ക്കാം. തിളച്ച് വറ്റിവരുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് കറിയിലേക്ക് ഒഴിക്കാം.
ഞണ്ട് റോസ്റ്റ്
ആവശ്യമുള്ള സാധനങ്ങള്‍
ഞണ്ട് - ഒരു കിലോ (വൃത്തിയാക്കിയത്)
ഉപ്പ് - പാകത്തിന്
പച്ചമുളക് കീറിയത് - 4 എണ്ണം
സവാള അരിഞ്ഞത് - 2 എണ്ണം വലുത്
തക്കാളി ചതുരത്തില്‍ അരിഞ്ഞത് - ഒരെണ്ണം
കുടംപുളി - ഒരു കഷണം
കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
കറിവേപ്പില - 4 തണ്ട്
വെളിച്ചെണ്ണ - പാകത്തിന്
തയാറാക്കുന്നവിധം
ഉപ്പും മഞ്ഞള്‍പ്പൊടിയും പുളിയും പാകത്തിന് വെള്ളവും ചേര്‍ത്ത് ഞണ്ട് വേവിച്ചെടുക്കുക.(പുളി ഇഷ്ടമില്ലാത്തവര്‍ക്ക് അത് ചേര്‍ക്കാതെയും വയ്ക്കാം) ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി പച്ചമണം മാറുമ്പോള്‍ പച്ചമുളകും സവാളയും കറിവേപ്പിലയും ചേര്‍ക്കാം. വഴന്നുവരുമ്പോള് തക്കാളി ചേര്‍ക്കാം. തക്കാളി പകുതി വേവാകുമ്പോള്‍ കാശ്മീരി മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി ഇവയും ചേര്‍ന്ന് നന്നായി വഴറ്റി അതിലേക്ക് ഞണ്ടും ചേര്‍ത്തിളക്കാം. (ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കാം). വെള്ളമൊക്കെ വറ്റി റോസ്റ്റഡ് പരുവത്തിലാകുമ്പോള്‍ അല്‍പ്പം വെളിച്ചെണ്ണയും കൂടി മുകളിലൊഴിച്ച് കറിവേപ്പിലയും വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്പാം.

ചക്കക്കുരു ചമ്മന്തി
ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കുരു - 10 എണ്ണം (കുക്കറിലിട്ട് പുഴുങ്ങിയെടുത്തത്)
തേങ്ങ - ഒരു കപ്പ്
പുളിയുള്ള മാങ്ങ - 2 കഷണം
കാന്താരിമുളക് - എരിവിനനുസരിച്ച്
ചെറിയ ഉള്ളി - 2 എണ്ണം
ഉപ്പ് - പാകത്തിന്
ഉഞ്ചി - ഒരു ചെറിയ കഷണം
കറിവേപ്പില - ഒരു തണ്ട്
തയാറാക്കുന്നവിധം
പുഴുങ്ങിയ ചക്കക്കുരുവിന്റെ തൊണ്ട് കളഞ്ഞെടുക്കുക. മിക്സിയുടെ ജാറിലേക്ക് തേങ്ങയും മാങ്ങയും ഒരുമിച്ചിട്ട് ഒന്ന് കറക്കിയെടുക്കാം. ശേഷം ഉപ്പും ഉള്ളിയും കാന്താരിയും ഇഞ്ചിയും കറിവേപ്പിലയും വേവിച്ച ചക്കക്കുരു ചേര്‍ത്ത് ഒതുക്കിയെടുത്താല്‍ രുചികരമായ ചക്കക്കുരു ചമ്മന്തിയായി.
ഷെറിങ് പവിത്രന്