
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെറെ പുറത്താക്കിയിരുന്നു. തൊട്ടുപിന്നലെ ഇന്റലിജന്‍സ് വിഭാഗം അണ്ടര്‍ സെക്രട്ടറി രാജി പ്രഖ്യാപിച്ചു. റിട്ട.നേവി വൈസ് അഡ്മിറല്‍ ജോസഫ് കെര്‍നാന്‍ ആണ് ചൊവ്വാഴ്ച രാജിവച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി പദവിയില്‍ തുടരുന്നയാളാണ് വൈസ് അഡ്മിറല്‍ ജോസഫ് കെര്‍നാന്‍. താന്‍ രാജിവയ്ക്കുകയാണെന്നും അത് ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരുമെന്നും ജോസഫ് കെര്‍നാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു.
'കഴിഞ്ഞ മൂന്നു വര്‍ഷം തന്നോടൊപ്പം നിന്ന രാജ്യത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച എല്ലാവര്ക്കും നന്ദി. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. രാജിവയ്ക്കുന്നത് താനും കുടുംബവും ഏറെ നാളായി ആലോചിക്കുന്ന കാര്യമാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പരിശ്രമം തുടരണമെന്നും 'കെര്‍നാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ജോലി വിടാന്‍ കെര്‍നാന്‍ ആലോചിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് പ്രതിരോധ സെക്രട്ടറിയായിരുന്ന എസ്പെറെ നീക്കി നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ സി. മില്ലറെ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചത്. 2019ല്‍ ജെയിംസ് മാറ്റിസിനെ നീക്കിയാണ് എസ്പറെ നിയമിച്ചത്.






