
ന്യൂഡല്ഹി: ഹാസ്യതാരം കുനാല് കമ്രയ്ക്കെതിരെ കോടതി അലക്ഷ്യനടപടി. റിപ്പബ്ലിക് ചാനല് അവതാരകന് അര്ണബ് ഗോസ്വാമിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ വിമര്ശിച്ച് കുനാല് കമ്ര ട്വീറ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില് ട്വീറ്റ് ചര്ച്ചയായതോടെയാണ് വിഷയത്തില് കോടതി ഇടപെടല്.
കോടതിയ്ക്കെതിരെ പരസ്യ വിമര്ശനം നടത്തിയ കുനാല് കമ്രയ്ക്കെതിരെ ക്രിമിനല് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച എട്ടുപേരുടെ ഹര്ജികള്ക്ക് അറ്റോര്ണി ജനറല് കെ. കെ. വേണുഗോപാല് അനുമതി നല്കി. കോടതിയ്ക്കെതിരെ അനാവശ്യവും നീതിരഹിതവുമായ പരാമര്ശം നടത്തുന്നത് ശിക്ഷയിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേര്ത്തു.
മുംബൈ കേന്ദ്രീകരിച്ചുള്ള ഹാസ്യതാരമാണ് കുനാല് കമ്ര. ഇന്റീരിയല് ഡിസൈനറിന്റെ ആത്മഹത്യയില് പോലീസ് അര്ണബിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാല് ബുധനാഴ്ച്ച ജാമ്യഹര്ജി പരിഗണിച്ച കോടതി അര്ണബിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഇതിനെതിരെ കുനാല് നിരവധി ട്വീറ്റുകളുമായി രംഗത്തുവന്നു. ഹാസ്യാത്മകമായിരുന്നു അവയില് പലതും.
'ഈ രാജ്യത്തെ സുപ്രീം കോടതി രാജ്യത്തെ സുപ്രീം ജോക്കായി മാറിയിരിക്കുകയാണ്' എന്നതായിരുന്നു കുനാലിന്റെ ട്വീറ്റ് നര്മ്മവും അവഹേളനവും തമ്മിലുള്ള അതിര് വരമ്പ് വളരെ നേര്ത്തതാണെന്നും അത് മറികടക്കാന് പാടില്ല എന്നും കുനാലിന്റെ ട്വീറ്റിനെ അടിസ്ഥാനമാക്കി അറ്റോര്ണി ജനറല് ചൂണ്ടിക്കാട്ടി.







Comments