
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവുമധികം വൈറസ് എത്തുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ നോര്‍ട്ടണ്‍ ലൈഫ് ലോക്കും സ്പെയിനിലെ ഐ. എം. ഡി. ഇ. എ. സോഫ്റ്റ്റ്വെയര് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 12 മില്യണ്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഫോണിലേയ്ക്കെത്തുന്ന മാല്‍വെയറുകളില്‍ 67.2 ശതമാനവും പ്ലേസ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആപ്പുകള്‍ വഴിയാണെന്നാണ് പഠനം പറയുന്നത്. ഏറ്റവും അധികം ആളുകള്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിനെയാണ്, ഇതുതന്നെയാണ് ഇത്രയുമധികം മാല്‍വെയറുകള്‍ ഉണ്ടാകാന്‍ കാരണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
പ്ലേസ്റ്റോര്‍ ആപ് ഡൗണ്‍ലോഡറുകള്‍, മറ്റ് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നുള്ള ഡൗണ്‍ലോഡറുകള്‍, വെബ് ബ്രൗസറുകള്‍ തുടങ്ങി ഏഴ് കാര്യങ്ങള്‍ പരിഗണിച്ചാണ് കണ്ടെത്തല്‍. തേര്‍ഡ് പാര്‍ട്ടി ആപ് സ്റ്റോറുകള്‍ വഴി 10.4 ശതമാനം വൈറസുകള്‍ മാത്രമാണ് ഫോണിലേയ്ക്ക് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






