
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലും അല്‍ പാല്പം വ്യത്യസ്തതയോടെ ആഘോഷിച്ചുപോരുന്ന ഒരു സുദിനമാണ് ദീപാവലി. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി അഥവാ നരകചതുര്‍ദശി.
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥിയാണ് നരക ചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ദീപാവലി. നരകാസുരന് ഭൂമി ദേവിയുടെ മകനെന്നാണ് സങ്കല്പം.
അഹങ്കാരിയും ക്രൂരനുമായ നരകാസുരന് ദേവന്മാരുമായി കടുത്ത ശത്രുതയിലും അവരെ ദ്രോഹിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവനുമായിരുന്നു. സഹികെട്ട് അവശരായ ദേവന്മാര് ''ഓം കൃഷ്ണായ പരസ്മൈ ബ്രഹ്മണേ നമോ നമഃ'' എന്ന് ഉരുവിട്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടങ്ങള്‍ കണ്ട ഭഗവാന് നരകാസുരനെ വധിക്കാമെന്നേറ്റു. അതനുസരിച്ച് കാര്‍ത്തികമാസം ചതുര്‍ത്ഥി ദിവസം ആ കൃത്യം നിര്‍വ്വഹിക്കുകയും ചെയ്തു.
മരണശയ്യാവലംബിയായ നരകാസുരന് തന്റെ തെറ്റുകളില്‍ പാശ്ചാത്തപിച്ചു. ഭഗവാനോട്- ഭൂമി പുത്രനായ തന്റെ സ്മരണയ്ക്കായി ഒരു ദിവസത്തെ ആഘോഷത്തിനുള്ള ഒരവസരം അനുവദിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ശ്രീകൃഷ്ണ ഭഗവാന് അതനുവദിച്ചുകൊടുത്ത ദിവസമാണത്രേ ദീപാവലി.
നരകാസുരനെ വധിച്ച ശ്രീകൃഷ്ണന് പുലരും വരെ സ്നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാ സ്നാനം ചെയ്യുന്നത്. ഇതിലൂടെ നരകത്തില്‍ നിന്നും മുക്തിനേടാമെന്നാണ് സങ്കല്പം.
ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പു പാത്രത്തില്‍ തയ്യാറാക്കിയ ചൂടു വെള്ളത്തില്‍ സ്നാനം ചെയ്താല്‍ ഗംഗാ സ്നാനം ചെയ്താല്‍ കിട്ടുന്ന ഫലം ലഭിക്കുമെന്നും, ഭഗവത് അനുഗ്രഹം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിച്ചുപോരുന്നു.
പച്ചവെള്ളത്തില്‍- ''ഗംഗേച യമുനേ ചൈവ ഗോദാവരീ സരസ്വതി നര്‍മ്മദേ സിന്ധു-കാവേരി ജലേസ്മിന് സന്നിധിം കുരു'' എന്ന് ജപിച്ചുകൊണ്ട് കുളിച്ചാലും, ചൂടുവെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചു കുളിച്ചാലും ഗംഗാസ്നാനം തന്നെ അനുഭവമെന്ന് ഭക്തര്‍ വിശ്വസിച്ചുപോരുന്നു. തമിഴ്ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ''എന്നാ, ഗംഗാ സ്നാനം ആച്ചാ?'' എന്ന് അഭിസംബോധന ചെയ്യുമത്രേ? എണ്ണ തേച്ചു കുളി, കോടിവസ്ത്ര ധാരണം, മധുര പലഹാരം ഭുജിക്കല്‍- വിതരണം, പടക്കം പൊട്ടിക്കല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. വൈകുന്നേരം യമധര്‍മ്മ രാജന്റെ 14 നാമങ്ങള്‍ സ്തുതിച്ച് യമന്‍ ജലാര്‍പ്പണം ചെയ്യുമ്പോഴും ഈ മന്ത്രമാണ് ചൊല്ലേണ്ടത്.
യമഭയം ഇല്ലാതാക്കാന്‍, ദീപാവലിക്ക് ദീപങ്ങള്‍ തെളിയിച്ച് മംഗളസ്നാനം ചെയ്ത് ഈ സുദിനം, ധന്യമാക്കി കൊണ്ടാടണമെന്ന് 'മഹാബലി' നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
രാവണ-കുംഭകര്ണ്ണാദികളുടെ വികൃതമായതും ഉയരമുള്ളതുമായ പ്രതിമകള്‍ (കോലങ്ങള്‍) പടക്കം നിറച്ചുവച്ച് സന്ധ്യാസമയത്ത് അഗ്നിക്കിരയാക്കുന്ന ചടങ്ങും നടത്താറുണ്ട്. ഉത്തരേന്ത്യയില്‍ രാവണ കുംഭ കര്ണ്ണവധശേഷം തിരിച്ചെത്തുന്ന ശ്രീരാമനെ വരവേല്‍ക്കുന്ന ഒരു ഉത്സവമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത്.
ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാലു ദിവസത്തെ ഉത്സവമാണിത്. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിച്ചുവരുന്നു. ജൈനമതക്കാര്‍ 'വര്ദ്ധമാ'ന്റെ നിര്‍മാണ ദിനമായി ആചരിക്കുന്നു.
അങ്ങനെ 'ദീപാവലി' ചില ചെറു വ്യത്യസ്തതയോടെ ഭാരതമൊട്ടുക്കും ആചരിച്ചുവരുന്നുവെന്നതാണിതിന്റെ സവിശേഷത. ഇക്കൊല്ലത്തെ ദീപാവലി എല്ലാവരുടേയും ഹൃദയത്തില്‍ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും തിളങ്ങുന്ന പ്രകാശമായിത്തീരട്ടെ!
കെ.വി. ശ്രീനിവാസന്
(ജ്യോതിഷാചാര്യ രത്നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്.ഒ)
മൊ: 9447343273






