
അബുദാബി: രാജ്യത്തിന്റെ വികസനത്തില് വലിയ സംഭാവന നല്കാന് കഴിയുന്ന പ്രഫഷണലുകള്ക്കു മുന്നില് യു.എ.ഇ. മികച്ച അവസരങ്ങള് തുറക്കുന്നു. ഇവര്ക്കു 10 വര്ഷം കാലാവധിയുള്ള ഗോള്ഡന് വിസ നല്കാനാണു തീരുമാനം. നേരത്തേ, പ്രവാസി നിക്ഷേപകര്ക്കും മറ്റും നല്കിയ ആനുകൂല്യമാണു കൂടുതലാളുകള്ക്കു നല്കുന്നത്.
ഡോക്ടറേറ്റ് ബിരുദധാരികള്, മെഡിക്കല് ഡോക്ടര്മാര് എന്നിവര്ക്കും കമ്പ്യൂട്ടര്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്, ബയോ ടെക്നോളജി എന്ജിനീയര്മാര് എന്നിവര്ക്കും ഗോള്ഡന് വിസ നല്കുമെന്നു യു.എ.ഇ. വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല്-മഖ്തൂം പ്രസ്താവനയില് അറിയിച്ചു.
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, ബിഗ് ഡേറ്റ, എപ്പിഡെമോളജി എന്നിവയില് സ്പെഷലൈസ്ഡ് ബിരുദമുള്ളവര്ക്കും ഇതിന് അര്ഹതയുണ്ടാകും. യു.എ.ഇ. സ്കൂളുകളില് പഠിക്കുന്ന സമര്ഥരായ വിദ്യാര്ഥികള്ക്കും 3.8 ഗ്രേഡ് പോയിന്റ് ആവറേജുള്ള സര്വകലാശാലാ വിദ്യാര്ഥികള്ക്കും ഇനി ഓരോ വര്ഷവും വിസ പുതുക്കാനായി ഓടേണ്ടിവരില്ല.
2018-ലാണു യു.എ.ഇ. ആദ്യമായി ദീര്ഘകാല ഗോള്ഡന് വിസ പ്രഖ്യാപിച്ചത്. വിദേശികളായ നിക്ഷേപകര്, സംരംഭകര്, ചീഫ് എക്സിക്യൂട്ടിവുമാര്, ശാസ്ത്രജ്ഞര്, അതിസമര്ഥരായ വിദ്യാര്ഥികള് തുടങ്ങിയവര്ക്ക് അഞ്ചു മുതല് പത്തു വര്ഷം വരെ കാലാവധിയുള്ള വിസകള് നല്കിക്കൊണ്ടായിരുന്നു തുടക്കം. ഉദ്യോഗങ്ങളില്നിന്നും വ്യവസായങ്ങളില്നിന്നും വിരമിച്ച ധനികരായ പ്രവാസികള്ക്കായി അഞ്ചു വര്ഷത്തിലൊരിക്കല് മാത്രം പുതുക്കേണ്ട വിസ ദുബായില് ലഭ്യമാണ്.
പെട്രോളിയം വിലയിടിവും കോവിഡ് പ്രതിസന്ധിയും മൂലം ആയിരക്കണക്കിനു പ്രവാസികള് യു.എ.ഇ. വിടുന്നതിനിടയിലാണു രാജ്യത്തിന്റെ വളര്ച്ചയില് മികച്ച സംഭാവന നല്കാന് ശേഷിയുള്ളവര്ക്കു മുന്നില് യു.എ.ഇ. മികച്ച അവസരങ്ങള് വച്ചുനീട്ടുന്നത്.







Comments