
മലപ്പുറം: മദ്രസകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്ന കുട്ടികൾ ഇനി കറുപ്പിനുപകരം വെളുത്ത മുഖമക്കന ധരിക്കാൻ ബാലാവകാശ കമ്മിഷൻ നിർദേശം. നിർദേശം കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും കമ്മിഷൻ അംഗങ്ങളായ കെ. നസീർ, സി. വിജയകുമാർ എന്നിവർ നിർദേശം നൽകി.
അതിരാവിലെയും ഇരുളുന്ന സമയത്തും അധികം വെളിച്ചമില്ലാത്ത സമയങ്ങളിൽ കുട്ടികൾ റോഡിലൂടെ നടക്കുമ്പോൾ കറുത്ത മക്കനയും പർദ്ദയും ധരിക്കുന്നതുമൂലം വാഹനം ഓടിക്കുന്നവർക്ക് ഇവരെ പെട്ടന്ന് കാണാൻ സാധിക്കാതെ വരുന്നു. ഇത് മൂലം അപകടങ്ങൾ ഉണ്ടാകുമെന്നത് പരിഗണിച്ചാണ് മക്കന വെള്ള നിറമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
പട്ടാമ്പി ജോയിന്റ് റീജണൽ ട്രാൻസ്പോർട് ഓഫീസർ മദ്രസ അധ്യാപകർക്ക് നൽകിയ നിർദേശം മാധ്യമങ്ങളിൽ വന്നത് ശ്രദ്ധയിൽപ്പെട്ടതോടയാണ് കമ്മിഷൻ ഇടപെടൽ. ഇത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് മുഖേനയും മറ്റ് റോഡ് സുരക്ഷാ ക്ലാസുകളിലൂടെയും പ്രചാരണം നടത്താൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കും നിർദേശം നൽകി.






