
ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം (GNCAP) അടുത്തിടെ പുറത്ത്വിട്ട റിപ്പോർട്ടിൽ മാരുതി സുസുക്കിയുടെ മിനി എസ്യുവി എസ്പ്രേസ്സോ വമ്പൻ പരാജയം ഏറ്റുവാങ്ങി. 5 സ്റ്റാർ റേറ്റിംഗുള്ള സ്കെയിലിൽ എസ്പ്രേസ്സോയ്ക്ക് ഒരൊറ്റ സ്റ്റാർ പോലും ലഭിച്ചില്ല. ഇപ്പോളിതാ എതിരാളികൾ വരെ കമ്പനിയെ ട്രോളി തുടങ്ങി.
ടാറ്റ മോട്ടോഴ്സാണ് മാരുതി സുസുകിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. ഒരു പൊട്ടിയ കപ്പിൽ നിന്നും ചിതറിത്തെറിച്ച കാപ്പികുരുവിന്റെയും ചിത്രങ്ങളാണ് ടാറ്റ മോട്ടോഴ്സിന്റെ സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. " ഞങ്ങൾ അങ്ങനെ പെട്ടന്ന് തകർന്നു തരിപ്പണം ആവില്ല" എന്ന തലക്കെട്ടും ഒപ്പം നൽകിയിരിക്കുന്നു. മാരുതി സുസുക്കിക്കെതിരെയുള്ള ട്രോൾ അല്ല എന്ന് ഒറ്റ നോട്ടത്തിൽ തോന്നും. എന്നാൽ, എസ്പ്രേസ്സോ പാനീയത്തിന്റെ പേരിൽ വില്പനക്കെത്തിയ മാരുതിയുടെ മിനി എസ്യുവിയെ തന്നെയാണ് ഇത് ലക്ഷ്യമിടുന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, ടാറ്റായുടെ ടിയാഗോ സുരക്ഷയുടെ കാര്യത്തിൽ മുന്നിലാണ്. ജനുവരിയിൽ പരിഷ്കരിച്ച മോഡൽ അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിംഗ് നേടിയാണ് ടിയാഗോ താരമായത്. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 4 സ്റ്റാറും, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 3 സ്റ്റാറും ടിയാഗോയ്ക്ക് നേടാൻ കഴിഞ്ഞു.






