
കിയ മോട്ടോർസ് തങ്ങളുടെ മുൻനിര എംപിവിയായ കാർണിവലിന്റെ അടുത്ത തലമുറയെ വെളിപ്പെടുത്തിയത് ഈ വർഷം അഗസ്റ്റിലാണ്. കാര്‍ണിവലിന്റെ ആഡംബര പതിപ്പായ ഹൈ-ലിമോസില്‍ വകഭേദത്തിന്റെ വിവരങ്ങളും കിയ ഇപ്പോൾ പുറത്തുവിട്ടു. റിപ്പോർട്ട് പ്രകാരം അടുത്ത വര്‍ഷം പകുതിയോടെ ഈ പതിപ്പ് വിപണിയില്‍ എത്തിക്കുമെന്നാണ് കിയ ഉറപ്പുനല്‍കുന്നത്.
ഏഴ്, ഒമ്പത് എന്നിങ്ങനെ രണ്ട് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എത്തുന്ന ഹൈ-ലിമോസില്‍ മറ്റ് വേരിയന്റുകളെക്കാള്‍ പ്രീമിയം ആയിരിക്കും. രൂപകൽപ്പന നോക്കിയാൽ കാർണിവൽ ഹൈ-ലിമോസിനിൽ ഏറ്റവും ആകർഷകമായ ഫീച്ചർ ഉയർന്ന റൂഫാണ്. സൈഡ് സ്റ്റെപ്പുകൾ, ഫ്രണ്ട് ബമ്പർ ഗാർഡ്, ഉയർന്ന റൂഫിന്റെ പിൻഭാഗത്ത് ഒരു എൽഇഡി ഓക്സിലറി ബ്രേക്ക് ലൈറ്റ്, ഹൈ-ലിമോസിൻ ബാഡ്ജിംഗ് എന്നിവയും ലഭിക്കുന്നു.
റൂഫില്‍ നല്കുന്ന എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍, മൂഡ് ലൈറ്റുകള്‍, ഉയര്‍ന്ന ഹെഡ്റും, വിഐപി ആംറെസ്റ്റുകള്‍, മുന്‍നിര സീറ്റുകളുടെ ആംറെസ്റ്റില്‍ നല്‍കിയിട്ടുള്ള ചൂടാക്കാനും തണുപ്പിക്കാനും കഴിയുന്ന കപ്പ് ഹോള്‍ഡറുകള്‍ എന്നിവ ഹൈ-ലിമോസിനില്‍ ഒരുങ്ങുന്നു അധിക ഫീച്ചറുകളാണ്. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ ആണ് സുരക്ഷാ ഫീച്ചറുകൾ. റിപ്പോർട്ട് പ്രകാരം 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ഹൈ-ലിമോസില്‍ വേരിയന്റില്‍ നല്‍കുക. 290 ബി.എച്ച്.പി പവറും 355 എന്‍.എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.






