
ബോളിവുഡിന്റെ പ്രിയ ഗായകന് സോനു നിഗം തന്റെ മകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചെറിയ പ്രായത്തില് തന്നെ സോനുവിനൊപ്പം വേദികളില് മകന് നീവന് പാടിയിട്ടുണ്ട്. സോനുവിനെ പോലെ തന്നെ നീവനും നിരവധി ആരാധകവൃന്ദം തന്നെയാണുള്ളത്. 'ഈശ്വര് കാ വോ സച്ചാ ബന്ദ' എന്ന സംഗീത ആല്ബത്തെക്കുറിച്ച് ദേശീയ മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് മകന് നീവനെക്കുറിച്ചും അവന്റെ ഭാവിയെ കുറിച്ചുമൊക്കെ സോനു തുറന്നു പറഞ്ഞത്.
'' യഥാര്ഥത്തില് എന്റെ മകന് നീവന് ഒരു ഗായകനായി ജീവിക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നതേയില്ല. അഥവാ അങ്ങനെ ആയാല് തന്നെ ഇന്ത്യയില് അവന് ഗായകനായി ജീവിക്കരുതെന്നാണ് എന്റെ ആഗ്രഹം. അവന് ഈ രാജ്യത്തു ജീവിക്കാന് സാധ്യത വളരെ കുറവാണ്. കാരണം അവന് ദുബായിലാണ് വളരുന്നത്. ഞാന് അവനെ ഇന്ത്യയില് താമസിപ്പിച്ചിട്ടേയില്ല. ആദ്യം തന്നെ ഈ രാജ്യത്തു നിന്നും അവനെ ഞാന് മാറ്റിയിരുന്നു. നീവന് യഥാര്ഥത്തില് ഗായകനാകാന് വേണ്ടി തന്നെ ജനിച്ചതാണ്.
പാടനുള്ള കഴിവ് ജന്മസിദ്ധമായി അവനു ലഭിച്ചിട്ടുണ്ട്. പക്ഷേ, അവന് ജീവിതത്തില് മറ്റു പല താത്പര്യങ്ങളുമുണ്ട്. ഗെയിമിങ് ഏറെ ഇഷ്ടപ്പെടുന്ന കുട്ടിയാണ് നീവന്. ഫോര്ട്ട്നൈറ്റ് എന്ന ഗെയിമില് മികച്ച പ്രകടനം കാഴ്ച വച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) മുന്നിര ഗെയിമര്മാരില് ഒരാളായി അവന് വളര്ന്നിരിക്കുകയാണിപ്പോള്. ഏറെ കഴിവുകളുള്ള മികച്ച കുട്ടിയാണ് നീവന്. അതുകൊണ്ടു തന്നെ ജീവിതത്തില് എന്തൊക്കെ ചെയ്യണമെന്ന് ഞാന് അവനോടു പ്രത്യേകമായി പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അവന് സ്വയം ചിന്തിച്ചു തീരുമാനമെടുത്ത് എന്തൊക്കെ ചെയ്യുമെന്നു കാത്തിരുന്നു കാണാം. അതാണു ഞാന് ആഗ്രഹിക്കുന്നത്'' - സോനു നിഗം പറഞ്ഞു.







Comments