
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അപ്രീലിയ SXR160 എന്നൊരു മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്സി-സ്കൂട്ടര്‍ ഓഫറാണിതെന്നും സൂചനയുണ്ട്. സ്കൂട്ടറിനെ ആദ്യമായി 2020 ഓട്ടോ എക്സ്പോയിലാണ് കമ്പനി അവതരിപ്പിച്ചത്. ഉടൻ തന്നെ വിപണിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, കൊവിഡ്-19 യും ലോക്ക്ഡൗണും വാഹനത്തിന്റെ വരവ് വൈകാൻ കാരണമായി.
സ്കൂട്ടറിന്റെ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് അടുത്തിടെ കമ്പനി ഒരു ടീസര്‍ ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഇതാ സ്കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. 5,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നതെന്നാണ് സൂചന. ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസത്തോടെ സ്കൂട്ടര്‍ വിപണിയില്‍ എത്തിയേക്കും. ഇതിന്റെ മുന്നോടിയായിട്ടാണ് ഇപ്പോള്‍ അനൗദ്യോഗിക ബുക്കിംഗ് തുടങ്ങിയത്. വിപണിയില്‍ ഏകദേശം 1.5 ലക്ഷം രൂപ വരെ ആയിരിക്കും വാഹനത്തിന് എക്സ്ഷോറൂം വില എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ചുവപ്പ്, നീല, വെള്ള, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്കൂട്ടര്‍ വില്‍പ്പനയ്ക്കെത്തും. 10.8 bhp കരുത്ത് സൃഷ്ടിക്കുന്ന 160 സിസി, ട്രിപ്പിള്‍ വാല്വ്സിംഗിള് സിലിണ്ടര്‍ എഞ്ചിനാകും സ്കൂട്ടറിന്റെ കരുത്ത്. ഡിസ്ക് ബ്രേക്കുകള്‍, സ്റ്റൈലിഷ് അലോയി വീലുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ബിഎസ് VI കംപ്ലയിന്റ് എഞ്ചിന് എന്നിവ ലഭിച്ചേക്കും. നീളം കൂടിയ വിന്‍ഡ് സ്ക്രീന്‍, വലിയ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവ മറ്റു ഫീച്ചറുകൾ ആയിരിക്കും.






