
കെടിഎമ്മിന്റെ കുഞ്ഞൻ അഡ്വെഞ്ചർ ബൈക്കായ 250 അഡ്വഞ്ചർ ഒടുവിൽ ഡീലർഷിപ്പുകളിലെത്തിയെന്ന് റിപ്പോർട്ട്. ഇത് ജനുവരിയിൽ വില്പനക്കെത്തിയ 390 അഡ്വഞ്ചറിൻ്റെ ചെറിയ പതിപ്പാണ്. ബൈക്കിൻറെ ലോഞ്ച് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 250 അഡ്വഞ്ചർ ഈ വർഷത്തിന്റെ പകുതിയോടെ വില്പനക്കെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്,, എന്നാൽ കൊവിഡ്-19 മൂലം പ്ലാന്റുകൾ ഒരു മാസത്തോളം അടച്ചിടേണ്ടി വന്നതാണ് ലോഞ്ച് വൈകാൻ കാരണം.
കാഴ്ചയിൽ 390 അഡ്വഞ്ചറുമായി കാര്യമായ ഡിസൈൻ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെയാണ് 250 അഡ്വഞ്ചറും എത്തുന്നത്. 200 എംഎം ഗ്രൗണ്ട് ക്ലീറൻസ്, 14.5 ലിറ്റർ കപ്പാസിറ്റിയുള്ള പെട്രോൾ ടാങ്ക്, 855 എംഎം സീറ്റ് ഹൈറ്റ് എന്നിവയും ഇരു അഡ്വഞ്ചർ ബൈക്കുകളിലും സമാനമാണ്. പെട്രോൾ ടാങ്ക്, ടാങ്ക് എക്സ്റ്റൻഷൻ, ഷാസി, ബോഡി പാനലുകൾ, റേഡിയേറ്റർ ഷ്രൌഡ്, എൻജിൻ കൗൾ, ഒതുക്കമുള്ള ഡിസൈൻ എന്നിങ്ങനെ ചില ഭാഗങ്ങളൊക്കെ 390 അഡ്വഞ്ചറിനേയും 250 അഡ്വഞ്ചറിനേയും ഒരു പോലെയാണ്.
അതേസമയം, 390 അഡ്വഞ്ചറിൽ കോണ്ടിനെന്റൽ ടയറുകളും 250 അഡ്വഞ്ചർ എംആർഎഫ് മോഗ്രിപ് മിറ്റിയോർ FM2 ട്യൂബ്-ലെസ്സ് ടയറുകളുമാണ് ഉപയോഗിക്കുന്നത്. 250 അഡ്വഞ്ചറിന് 156 കിലോഗ്രാം ആണ് ഭാരം, 390 അഡ്വഞ്ചറിനേക്കാൾ 2 കിലോ കുറവ്. 250 ഡ്യൂക്കിൽ നിന്ന് കടമെടുത്ത സിംഗിൾ സിലിണ്ടർ 248.8 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് 250 അഡ്വഞ്ചറിൽ. 30 എച്പി പവറും, 24 എൻഎം ടോർക്കും നിർമിക്കുന്നതാണ് ഈ എൻജിൻ. സ്ലിപ്പർ ക്ലച്ചിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 6-സ്പീഡ് ഗിയർബോക്സാണ് ഒരുങ്ങുന്നത്.






