
കറാച്ചി : യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. റിയാദ്-ന്യൂഡല്‍ഹി ഗോ എയര്‍ വിമാനമാണ് അടിയന്തരമായി പാകിസ്താനില്‍ ഇറക്കിയത്.
179 യാത്രികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഒരു യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയതോടെയാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതോടെ മണിക്കൂറുകള്‍ വൈകിയാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.
സൗദി അറേബ്യയില്‍ ദീര്‍ഘകാലമയി ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശ് ബിജ്നോര്‍ സ്വദേശിയായ നൗഷാദ് എന്നയാളാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നൗഷാദിന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ടോടെ പാകിസ്താനില്‍ നിന്ന് ബിജ്നോറിലെത്തിച്ചു.
വിമാനത്തില്‍ നിന്ന് അടിയന്തര ലാന്‍ഡിങിന് അഭ്യര്‍ത്ഥന നല്കിയ ഉടന്‍ തന്നെ പാകിസ്താന് അധികൃതര്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു.






