
ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) മോട്ടോ ജി പി മത്സരങ്ങളിൽ 800 വിജയം സ്വന്തമാക്കിയത്തിന്റെ ഭാഗമായി റെപ്സോൾ ഹോണ്ട ലിമിറ്റഡ് എഡിഷൻ പതിപ്പു’കളുമായി എത്തുന്നു. ഹോണെറ്റ് 2.0 മോട്ടോർ സൈക്കിളിന്റെയും ഡിയൊ സ്കൂട്ടറിന്റെയും റെപ്സോൾ ഹോണ്ട ലിമിറ്റഡ് എഡിഷൻ പതിപ്പു’കളാണ് കമ്പനി അവതരിപ്പിച്ചത്.
റിപ്പോർട്ട് പ്രകാരം ഹോണെറ്റ് 2.0 പ്രത്യേക പതിപ്പിന് 1,28,351 രൂപയും ഡിയൊ പരിമിതകാല പതിപ്പിന് 69,757 രൂപയുമാണ് ഗുരുഗ്രാമിലെ ഷോറൂം വില. ഇരു മോഡലുകൾക്കും ആകർഷക ഗ്രാഫിക്സിനും ഡിസൈൻ തീമിനുമൊപ്പം വൈബ്രന്റ് ഓറഞ്ച് നിറത്തിലുള്ള വീൽ റിമ്മുകളും ലഭിക്കുന്നു. സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ല. എന്നാൽ, ‘റെപ്സോൾ ഹോണ്ട റേസിങ് ടീമി’ൽ നിന്നു പ്രചോദിതമായ ഗ്രാഫിക്സാണ് ‘ഹോണെറ്റ് 2.0’, ‘ഡിയൊ’ പ്രത്യേക പതിപ്പുകളുടെ പ്രത്യേകത.
എൻഹാൻസ്ഡ് സ്മാർട് പവർ(ഇ എസ് പി) സഹിതമെത്തുന്ന 110 സി സി, പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ എച്ച് ഇ ടി എൻജിനാണ് ‘ഡിയൊ’യ്ക്കു കരുത്തേകുന്നത്. എൻജിൻ സ്റ്റാർട്/സ്റ്റോപ് സ്വിച്, ഇന്റഗ്രേറ്റഡ് ഡ്യുവൽ ഫംക്ഷൻ സ്വിച്, ടെലിസ്കോപിക് സസ്പെൻഷൻ, എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, പാസിങ് സ്വിച്, എൻജിൻ കട്ട് ഓഫ് സഹിതം സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ പുതിയ ‘ഡിയൊ’യിൽ ലഭിക്കുന്നു. ‘184 സി സി, പി ജി എം എഫ് ഐ എച്ച് ഇ ടി എൻജിനാണ് ഹോണെറ്റ് 2.0’ മോട്ടോർ സൈക്കിളിനു കരുത്തേകുന്നത്. ഡ്യുവൽ പെറ്റൽ ഡിസ്ക് ബ്രേക്കും സിംഗിൾ ചാനൽ എ ബി എസും ബൈക്കിലുണ്ട്.






